ഹരാരെയില്‍ വൈഭവ് താണ്ഡവം! 55 പന്തില്‍ മിന്നും സെഞ്ചുറി; 71 പന്തില്‍ 151; അര്‍ധ സെഞ്ചുറിയുമായി ആയുഷ് മാത്രെ; അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

Update: 2026-02-06 09:31 GMT

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഓപ്പണര്‍ വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. 55 പന്തിലാണ് വൈഭവ് സെഞ്ചുറി തികച്ചത്. 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവിന് സെഞ്ചുറിയിലെത്താന്‍ പിന്നീട് 23 പന്തുകള്‍ മാത്രമാണ് വേണ്ടിവന്നത്. എട്ട് സിക്‌സറുകളും എട്ട് ബൗണ്ടറികളും ഉള്‍പ്പെട്ടതായിരുന്നു വൈഭവിന്റെ അതിവേഗ ഇന്നിംഗ്‌സ്. ഇംഗ്ലണ്ട് സ്പിന്നര്‍ ഫര്‍ഹാന്‍ അഹമ്മദ് എറിഞ്ഞ പതിനേഴാം ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും പറത്തി 90കളിലെത്തിയ വൈഭവ് റാല്‍ഫി ആര്‍ബര്‍ട്ടിന്റെ പന്ത് കവറിലേക്ക് തട്ടിയിട്ട് സിംഗിളുമായി സെഞ്ചുറിയിലെത്തി.

വൈഭവിന്റെ സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ ആയുഷ് മാത്രെയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് ഇന്ത്യ കുതിച്ചത്. സെഞ്ചുറി നേടിയ ശേഷവും വൈഭവ് അതിവേഗ സ്‌കോറിംഗ് തുടരുകയാണ്. ഇംഗലണ്ടിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 24 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെന്ന നിലയിലാണ്. 73 പന്തില്‍ 155 റണ്‍സുമായി വൈഭവ് സൂര്യവന്‍ഷിയും എട്ട് പന്തില്‍ 8 റണ്ണുമായി വേദാന്ത് ത്രിവേദിയും ക്രീസില്‍. 11 പന്തില്‍ 9 റണ്‍സെടുത്ത ആരോണ്‍ ജോര്‍ജിന്റെയും 51 പന്തില്‍ 53 റണ്‍സെടുത്ത ആയുഷ് മാത്രെയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ടാം വിക്കറ്റില്‍ വൈഭവ്-ആയുഷ് മാത്രെ സഖ്യം 90 പന്തില്‍ 142 റണ്‍സാണ് അടിച്ചെടുത്തത്.

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് നാലാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. സെമിയില്‍ അഫ്ഗാനെതിരെ സെഞ്ചുറി നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജ് രണ്ട് ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും 11 പന്തില്‍ 9 റണ്‍സെടുത്ത് അലക്‌സ് ഗ്രീനിന്റെ പന്തില്‍ ബെന്‍ മയെസിന് ക്യാച്ച് നല്‍കി മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വൈഭവും ആയുഷ് മാത്രെയും തകര്‍ത്തടിച്ചതോടെ എട്ടാം ഓവറില്‍ ഇന്ത്യ 50 കടന്നു. ഇംഗ്ലണ്ടിന്റെ മികച്ച ബൗളറും ടൂര്‍ണണെന്റില്‍ കൂടുതല്‍ വിക്കറ്റെടുത്ത താരവുമായ മാനി ലംസ്ഡനെ സിക്‌സിന് പറത്തിയാണ് ആയുഷ് മാത്രെ ഇന്ത്യയെ 50 കടത്തിയത്. തുടക്കത്തില്‍ 23 പന്തില്‍ 24 റണ്‍സെടുത്തിരുന്ന വൈഭവ് ജെയിംസ് മിന്റോ എറിഞ്ഞ ഒമ്പതാം ഓവറില്‍ മൂന്ന് ഫോറും ഒരു സിക്‌സും പറത്തി ടോപ് ഗിയറിലായതോടെ ഇന്ത്യ കുതിച്ചു.

പതിനൊന്നാം ഓവറില്‍ 32 പന്തില്‍ വൈഭവ് അര്‍ധസെഞ്ചുറിയിലെത്തി. ആറ് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് വൈഭവ് അര്‍ധസെഞ്ചുറി തികച്ചത്. പിന്നാലെ ഫര്‍ഹാന്‍ അഹമ്മദ് എറിഞ്ഞ പതിനഞ്ചാം ഓവറില്‍ രണ്ട് സിക്‌സ് പറത്തിയ വൈഭവ് ഫര്‍ഹാന്‍ അഹമ്മദ് എറിഞ്ഞ പതിനേഴാം ഓവറില്‍ 3 സികസും ഒരു ഫോറും പറത്തിയാണ് 90കളില്‍ എത്തിയത്. അലക്‌സ് ഗ്രീനിനെ സിക്‌സ് അടിച്ച് 50 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ക്യാപ്റ്റന്‍ ആയുഷ് മാത്രെ തൊട്ടടുത്ത പന്തില്‍ വീണ്ടും സിക്‌സിന് ശ്രമിച്ച് ക്യാച്ച് നല്‍കി മടങ്ങി.

ആറാം ലോകകപ്പ് കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമാണ് ഇന്ത്യ. അഞ്ചുവട്ടമാണ് കപ്പുയര്‍ത്തിയത്. 2024-ലാണ് അവസാനമായി കിരീടം നേടിയത്. കഴിഞ്ഞതവണ ഓസ്‌ട്രേലിയയോട് ഫൈനലില്‍ കീഴടങ്ങി. തുടര്‍ച്ചയായ മൂന്നാം ഫൈനലാണ് ഇന്ത്യക്ക്.

ഇംഗ്ലണ്ട് അണ്ടര്‍ പ്ലേയിംഗ് ഇലവന്‍: ബെന്‍ ഡോക്കിന്‍സ്, ജോസഫ് മൂര്‍സ്, ബെന്‍ മെയ്‌സ്, തോമസ് റ്യൂ (ക്യാപ്റ്റന്‍), കാലേബ് ഫാല്‍ക്കണര്‍, റാല്‍ഫി ആല്‍ബര്‍ട്ട്, ഫര്‍ഹാന്‍ അഹമ്മദ്, സെബാസ്റ്റ്യന്‍ മോര്‍ഗന്‍, ജയിംസ് മിന്റോ, മാന്നി ലംസ്ഡന്‍, അലക്‌സ് ഗ്രീന്‍.

ഇന്ത്യ അണ്ടര്‍ 19 പ്ലേയിംഗ് ഇലവന്‍: ആരോണ്‍ ജോര്‍ജ്, വൈഭവ് സൂര്യവന്‍ഷി, ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വിഹാന്‍ മല്‍ഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ടു, ആര്‍.എസ്. അംബ്രീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍.

Similar News