ടോസ് കിട്ടിയാല്‍ ബാറ്റിംഗ് വേണോ ഫീല്‍ഡിംഗ് വേണോ എന്ന് സൂര്യകുമാര്‍ യാദവ്; നിനക്ക് വട്ടാണോ, ഫീല്‍ഡിംഗ് എടുത്താല്‍ മതി എന്ന് രോഹിത്; വാങ്കഡെയിലെ പിച്ചിന്റെ സ്വഭാവം തിരിച്ചറിഞ്ഞ് 'ഹിറ്റ്മാന്‍'; പിന്നീട് സംഭവിച്ചത്

Update: 2026-02-08 08:18 GMT

മുംബൈ: ട്വന്റി 20 ലോകകപ്പിന്റെ ആദ്യമത്സരത്തില്‍ യുഎസ്എയെ കീഴടക്കി ജയത്തോടെ തുടങ്ങാനായതിന്റെ ആശ്വാസത്തിലാണ് ടീം ഇന്ത്യ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 100 റണ്‍സിനാണ് ടീം ഇന്ത്യ അമേരിക്കയെ തറപറ്റിച്ചത്. എന്നാല്‍ ഇന്ത്യ-അമേരിക്ക പോരാട്ടത്തിന് മുന്‍പ് വാംഖഡെ സ്‌റ്റേഡിയത്തിലെ ഗ്രൗണ്ടില്‍ ഇന്ത്യയുടെ മുന്‍ നായകനും ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറുമായ രോഹിത് ശര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തമ്മില്‍ നടന്ന രസകരമായ സംഭാഷണം പങ്കുവെച്ച് ഐസിസി.

മത്സരത്തിന് മുന്നോടിയായി ടോസ് കിട്ടിയാല്‍ ബാറ്റിംഗ് വേണോ ഫീല്‍ഡിംഗ് വേണോ എന്ന് ചോദിച്ച നായകന്‍ സൂര്യകുമാര്‍ യാദവിന് രോഹിത് ശര്‍മ്മ നല്‍കിയ മറുപടിയാണ് ആരാധകര്‍ക്കിടയില്‍ വൈറലായത്. ടോസിന് പോകുന്നതിന് തൊട്ടു മുമ്പ് രോഹിത്തിന് അടുത്തെത്തി സൂര്യ ചോദിച്ചത് ടോസ് കിട്ടിയാല്‍ എന്ത് ചെയ്യണമെന്നായിരുന്നു. നിനക്ക് വട്ടാണോ, ഫീല്‍ഡിംഗ് എടുത്താല്‍ മതി എന്നായിരുന്നു രോഹിത്തിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി. മുംബൈയിലെ പിച്ചിന്റെ സ്വഭാവം മുന്‍കൂട്ടി കണ്ടായിരുന്നു രോഹിത്തിന്റെ ഈ തമാശ കലര്‍ന്ന മറുപടി.


Full View

എന്നാല്‍ മത്സരത്തില്‍ ടോസ് നേടിയത് യുഎസ്എ നായകന്‍ മൊനാങ്ക് പട്ടേലായിരുന്നു. അമേരിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയും ചെയ്തു. രോഹിത് ഭയന്നതുപോലെ തന്നെ വാങ്കഡെയിലെ പിച്ച് ബാറ്റിംഗിന് അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ ഒരുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഉറച്ചുനിന്നു. 49 പന്തില്‍ 10 ഫോറും 4 സിക്‌സും സഹിതം പുറത്താകാതെ 84 റണ്‍സ് നേടിയ സൂര്യയാണ് ഇന്ത്യയെ 161 എന്ന പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗില്‍ അമേരിക്കയെ 132 റണ്‍സില്‍ ഒതുക്കി ഇന്ത്യ 29 റണ്‍സിന്റെ വിജയം സ്വന്തമാക്കി. അവസാന നിമിഷം പരിക്കേറ്റ ഹര്‍ഷിത് റാണക്ക് പകരം ടീമിലെത്തി 3 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങിയത്.

മത്സരത്തിനിടെ ഗാലറിയില്‍ നടന്ന രസകരമായൊരു സംഭവത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയും മത്സരം കാണാനായി വാങ്കഡെ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. ഭാര്യ നിതാ അംബാനി, മകന്‍ ആകാശ് അംബാനി എന്നിവരും ഒപ്പമുണ്ടായിരുന്നു. വിഐപി ബോക്സില്‍ നിന്നാണ് ഇവര്‍ മത്സരം വീക്ഷിച്ചത്. ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അംബാനി കുടുംബത്തിനൊപ്പം മത്സരം കാണാന്‍ വിഐപി ബോക്സിലെത്തിയിരുന്നു. മത്സരം പുരോഗമിക്കുന്നതിനിടെയാണ് രസകരമായ സംഭവമുണ്ടായത്. രോഹിത് ശര്‍മയ്ക്ക് സ്വന്തം കൈകൊണ്ട് മുകേഷ് ചായ നല്‍കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ ഇത് വിനയത്തോടെ രോഹിത് നിരസിക്കുകയായിരുന്നു. ഭക്ഷണക്രമം പാലിക്കുന്നതിന്റെ ഭാഗമായാണ് രോഹിത് ചായ നിരസിച്ചത്. 2027 ലോകകപ്പ് ഉള്‍പ്പെടെ ലക്ഷ്യമിട്ട് ഫിറ്റ്നസ് നിലനിര്‍ത്താനായി രോഹിത് കര്‍ശനമായാണ് ഇപ്പോള്‍ ഡയറ്റ് പിന്തുടരുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Similar News