വമ്പൊടിഞ്ഞ ഓസിസ് നാട്ടിലേക്ക് മടങ്ങുന്നു; സൂപ്പര്‍ 8 പോരാട്ടചിത്രം വ്യക്തമായി; മരണഗ്രൂപ്പില്‍ അവസാന സീറ്റില്‍ പാക്കിസ്ഥാനോ യുഎസ്എയോ? ദക്ഷിണാഫ്രിക്കയും സിംബാബ്വെയും വെസ്റ്റിന്‍ഡീസും ഇന്ത്യയുടെ എതിരാളികള്‍

Update: 2026-02-17 17:43 GMT

മുംബൈ: ശ്രീലങ്കയോടും സിംബാബ്വെയോടും പരാജയപ്പെട്ട് മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ പുറത്തായതോടെ ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടങ്ങളുടെ ചിത്രം വ്യക്തമായി. സൂപ്പര്‍ എട്ടില്‍ ഒന്നാം ഗ്രൂപ്പിലാണ് ഇന്ത്യ. സിംബാബ്വെ, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നിവരാണ് ഇന്ത്യയ്ക്കൊപ്പം ഒന്നാം ഗ്രൂപ്പിലുള്ളത്. ചൊവ്വാഴ്ച അയര്‍ലന്‍ഡിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് സിംബാബ്വെ സൂപ്പര്‍ എട്ടിലെത്തുകയായിരുന്നു. ഇതോടെ ഓസ്ട്രേലിയ പുറത്താകുകയും ചെയ്തു.

ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ നമീബിയയെ കീഴടക്കാനായാല്‍ പാക്കിസ്ഥാനും എ ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ എട്ടിലെത്തും. തോറ്റാല്‍ നെറ്റ്റണ്‍റേറ്റില്‍ യുഎസ്എയെ പിന്നിലാക്കിയാല്‍ മാത്രമേ പാക്കിസ്ഥാന് മുന്നേറ്റം സാധ്യമാകൂ. ജയിച്ചാല്‍ സൂപ്പര്‍ എട്ടില്‍ ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് എന്നിവരുള്‍പ്പെടുന്ന ശക്തമായ സൂപ്പര്‍ എട്ട് ഗ്രൂപ്പിലേക്കാണ് പാക്കിസ്ഥാന്‍ പ്രവേശിക്കുക.

ഫെബ്രുവരി 22-ന് അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ മത്സരം. തുടര്‍ന്ന് ഫെബ്രുവരി 26-ന് ചെന്നൈയില്‍ സിംബാബ്വെയെ നേരിടുന്ന ഇന്ത്യ, മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയില്‍ വെസ്റ്റിന്‍ഡീസിനെതിരെയും കളിക്കും. ഗ്രൂപ്പ് എയില്‍ നിന്ന് കളിച്ച മൂന്ന് കളികളും ജയിച്ചാണ് ഇന്ത്യ സൂപ്പര്‍ എട്ടിലെത്തിയിരിക്കുന്നത്. നെതര്‍ലന്‍ഡ്സിനെതിരായ മത്സരം ഇന്ത്യയ്ക്ക് ബാക്കിയുണ്ട്.

പ്രതീക്ഷിച്ച വമ്പന്‍മാരൊക്കെ യോഗ്യത നേടിയപ്പോള്‍ പ്രവചനങ്ങള്‍ തെറ്റിച്ച് ഓസ്‌ട്രേലിയ യോഗ്യത നേടാതെ പുറത്തായതാണ് ഏറെ ശ്രദ്ധേയം. വമ്പന്‍ ജയവുമായി സിംബാബ്വെയുടെ തിരിച്ചുവരവും ലോകകപ്പിന് ആവേശകരമാക്കി. പാക്കിസ്ഥാനെതിരായ ജയത്തോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ സൂപ്പര്‍ 8ല്‍ എത്തുന്ന ആദ്യ ടീമായി. നെതര്‍ലന്‍ഡ്‌സിനെതിരായ അവസാന മത്സരത്തിന്റെ ഫലം ആശ്രയിക്കാതെ തന്നെ ഗ്രൂപ്പില്‍ ഒന്നാമതായാണ് ഇന്ത്യ സൂപ്പര്‍ 8 ഉറപ്പിച്ചത്.

നാളെ നടക്കുന്ന മത്സരത്തില്‍ നമീബിയയെ കീഴടക്കിയാല്‍ പാകിസ്ഥാന് സൂപ്പര്‍ 8ല്‍ എത്താം. നമീബിയയോട് തോറ്റാല്‍ നെറ്റ് റണ്‍റേറ്റില്‍ അമേരിക്കയെ മറികടന്നാല്‍ മാത്രമെ പാകിസ്ഥാന് സൂപ്പര്‍ 8ലെത്താനാവു. നിലവില്‍ നെറ്റ് റണ്‍റേറ്റില്‍ അമേരിക്ക പാകിസ്ഥാനെക്കാള്‍ മുന്നിലാണെങ്കിലും അമേരിക്കയുടെ നാലു മത്സരങ്ങളും പൂര്‍ത്തിയായത് പാകിസ്ഥാന് ആശ്വാസമാണ്. ഓസ്‌ട്രേലിയയെ വീഴ്ത്തിയതോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ആതിഥേയരായ ശ്രീലങ്കയും സൂപ്പര്‍ 8 ഉറപ്പിച്ചു. സിംബാബ്‌ക്കെതിരായ അവസാന മത്സരഫലമായിരിക്കും ഗ്രൂപ്പ് ചാമ്പ്യന്‍മാരെ നിര്‍ണയിക്കുക.

ഗ്രൂപ്പ് ബിയില്‍ നിന്ന് ഓസ്‌ട്രേലിയയെ അട്ടിമറിച്ച് സിംബാബ്വെയാണ് സൂപ്പര്‍ 8ലെത്തിയ രണ്ടാമത്തെ ടീം. സിംബാബ്വെ-അയര്‍ലന്‍ഡ് മത്സരം മഴ മുടക്കിയതോടെയാണ് 5 പോയന്റുമായി സിംബാബ്വെ സൂപ്പര്‍ എട്ടിലെത്തിയത്. ഇതോടെ ഒമാനെതിരെ ഒരു മത്സരം ബാക്കിയുണ്ടെങ്കിലും രണ്ട് പോയിന്റ് മാത്രമുള്ള ഓസ്‌ട്രേലിയ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി.

ഗ്രൂപ്പ് സിയില്‍ നിന്ന് സൂപ്പര്‍ 8ലെത്തിയത് പ്രതീക്ഷിച്ച ടീമുകള്‍ തന്നെയായിരുന്നു. മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസുമാണ് സൂപ്പര്‍ 8ലെത്തിയ രണ്ട് ടീമുകള്‍. ഇംഗ്ലണ്ടിന്റെ ജയങ്ങളൊന്നും ആധികാരികമായിരുന്നില്ലെങ്കിലും അവര്‍ക്ക് സൂപ്പര്‍ 8ലേക്ക് യോഗ്യത നേടാനായി.

മരണ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കപ്പെട്ട ഗ്രൂപ്പ് ഡിയില്‍ നിന്ന് അഫ്ഗാനിസ്ഥാന്റെ അട്ടിമറി ഭീഷണിയെ ഡബിള്‍ സൂപ്പര്‍ ഓവറില്‍ മറികടന്ന ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡുമാണ് സൂപ്പര്‍ എട്ടിലെത്തിയത്. ദക്ഷിണാഫ്രിക്കയോട് ഡബിള്‍ സൂപ്പര്‍ ഓവറിലേറ്റ തോല്‍വിയാണ് അഫ്ഗാനിസ്ഥാന് തിരിച്ചടിയായത്.

ഓസ്‌ട്രേലിയ പുറത്തായതോടെ സൂപ്പര്‍ 8ല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും സിംബാബ്വെയുമാണ സൂപ്പര്‍ 8ല്‍ ഇന്ത്യയുടെ എതിരാളികളായി എത്തുക. നാളെ നടക്കുന്ന മത്സരത്തില്‍ നമീബിയക്കെതിരെ ജയിച്ചാല്‍ സൂപ്പര്‍ 8ല്‍ പാകിസ്ഥാന്‍ മരണ ഗ്രൂപ്പിലെത്തും. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. രണ്ട് ഗ്രൂപ്പുകളില്‍ നിന്നും സൂപ്പര്‍ 8ല്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ വീതമാവും സെമിയിലേക്ക് മുന്നേറുക. മാര്‍ച്ച് നാലിനും അഞ്ചിനുമാണ് സെമി ഫൈനല്‍ മത്സരങ്ങള്‍.

Similar News