രണ്ട് തവണ ലോകകപ്പിലെ താരമായ വിരാട് കോലി; കഴിഞ്ഞ തവണ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ 15 വിക്കറ്റുകളുമായി ബുമ്ര; മൂന്നാമത്തെ ഇന്ത്യന്‍ താരം സഞ്ജുവോ? പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്റ് പോരാട്ടത്തില്‍ ഷാല്‍ക്വിക്കും രചിന്‍ രവീന്ദ്രയുമടക്കം ഏഴ് പേര്‍; മലയായി താരത്തെ കാത്തിരിക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നേട്ടം
അഹമ്മദബാദ്: ട്വന്റി 20 ലോകകപ്പിലെ കിരീടപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും ന്യൂസിലാന്‍ഡും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈ ടൂര്‍ണമെന്റിലെ താരം ആരെന്ന് അറിയാന്‍ കൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലധികം ആരാധകര്‍ സാക്ഷിയാകുന്ന കലാശപ്പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്. ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടവും തുടര്‍ച്ചയായ രണ്ടാം കിരീടവുമാണ് ലക്ഷ്യമിടുന്നത്. 2007ലും 2024ലും കുട്ടിക്രിക്കറ്റില്‍ ഇന്ത്യയായിരുന്നു ലോക ചാമ്പ്യന്മാരായത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തിരശ്ശീല വീഴുമ്പോള്‍, ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് കിരീടവിജയികളെ മാത്രമല്ല, ഈ ടൂര്‍ണമെന്റിലെ മികച്ച താരം ആരായിരിക്കും എന്നറിയാന്‍ കൂടിയാണ്. ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യയുടെ സഞ്ജു സാംസണ്‍ ലോകകപ്പിന്റെ താരമാകാനുള്ളവരുടെ പട്ടികയില്‍ മുന്‍നിരയിലുണ്ട്.
വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലായി മാറിയ വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന സൂപ്പര്‍ 8 പോരാട്ടത്തിലും ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും ടോപ് സ്‌കോററായി കളിയിലെ താരമായ സഞ്ജുവിന് ഫൈനലില്‍ കൂടി മികവ് കാട്ടിയാല്‍ ലോകകപ്പിന്റെ താരമാകാന്‍ കഴിയുമെന്നാണ് കരുതുന്നത്. പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്റാവാനുള്ള മത്സരത്തില്‍ സഞ്ജുവിനൊപ്പം ഏഴ് പേരാണുള്ളത്. ഇംഗ്ലണ്ടിന്റെ വില്‍ ജാക്‌സ്, പാകിസ്ഥാന്റെ സാഹിബ്‌സാദ ഫര്‍ഹാന്‍, ദക്ഷിണാഫ്രിക്കയുടെ ലുങ്കി എന്‍ഗിഡി, ഏയ്ഡന്‍ മാര്‍ക്രം, ന്യൂസിലന്‍ഡിന്റെ രചിന്‍ രവീന്ദ്ര, ടിം സൈഫര്‍ട്ട്, ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ അമേരിക്കയുടെ ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്ക് എന്നിവരാണ് പട്ടികയിലുള്ളത്.
ലോകകപ്പിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടാല്‍ വിരാട് കോലിക്കും ജസ്പ്രീത് ബുംറയ്ക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനായി സഞ്ജു മാറും. വെസ്റ്റ് ഇന്‍ഡീസിനെതിരെ 97 റണ്‍സും സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സും നേടി സഞ്ജു ഇന്ത്യയുടെ രക്ഷകനായിരുന്നു. 200-ന് മുകളിലുള്ള സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നു.
2014 ലും 2016 ലുമാണ് വിരാട് കോലി ലോകകപ്പിന്റെ താരമായത്. രണ്ട് തവണ ലോകകപ്പിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു കളിക്കാരന്‍ കൂടിയാണ് കോലി. 2024-ല്‍ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയപ്പോള്‍ 15 വിക്കറ്റുകളുമായി തിളങ്ങിയ ബുമ്രയായിരുന്നു ടൂര്‍ണമെന്റിലെ താരം.
2007-ല്‍ ടി20 ലോകകപ്പ് ആരംഭിച്ചത് മുതല്‍ എട്ടു പേരാണ് 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്' പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ളത്. 2007ലെ ആദ്യ ടി20 ലോകകപ്പില്‍ ഇന്ത്യയാണ് ചാമ്പ്യന്‍മാരായതെങ്കിലും പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയായിരുന്നു ലോകകപ്പിലെ താരം. ഏഴ് മത്സരങ്ങളില്‍ നിന്ന് 91 റണ്‍സും 12 വിക്കറ്റും നേടിയാണ് അഫ്രീദി ലോകകപ്പിന്റെ താരമായത്.
2009ല്‍ ശ്രീലങ്കയെ തോല്‍പിച്ച് പാകിസ്ഥാന്‍ ആദ്യമായി ചാമ്പ്യന്‍മാരായ ലോകകപ്പില്‍ ശ്രീലങ്കയുടെ തിലകരത്നെ ദില്‍ഷന്‍ ആയിരുന്നു മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 317 റണ്‍സടിച്ച പ്രകടനമാണ് ദില്‍ഷനെ ടൂര്‍ണമെന്റിലെ താരമാക്കിയത്.
2010 ല്‍ ഓസ്‌ട്രേലിയയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് ചാമ്പ്യന്‍മാരായപ്പോള്‍ ആറ് മത്സരങ്ങളില്‍ 248 റണ്‍സടിച്ച കെവിന്‍ പീറ്റേഴ്‌സനായിരുന്നു ലോകകപ്പിലെ മികച്ച താരം. 2014ലെ ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ ശ്രീലങ്കയോട് തോറ്റപ്പോള്‍ ആറ് മത്സരങ്ങളില്‍ നിന്ന് 319 റണ്‍സടിച്ച വിരാട് കോലിയാണ് ലോകകപ്പിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
2016ല്‍ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം തവണ ടി20 ലോകകപ്പ് ഉയര്‍ത്തിയപ്പോഴും 5 മത്സരങ്ങളില്‍ നിന്ന് 273 റണ്‍സടിച്ച വിരാട് കോലി തുടര്‍ച്ചയായി രണ്ടാം തവണയും ലോകകപ്പിന്റെ താരമായി. 2021ല്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ച് ഓസ്‌ട്രേലിയ ആദ്യമായി ലോകകപ്പ് ചാമ്പ്യന്‍മാരായാപ്പോള്‍ ഏഴ് മത്സരങ്ങളില്‍ 289 റണ്‍സടിച്ച ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറായിരുന്നു ലോകകപ്പിലെ താരം.
2022ല്‍ പാകിസ്ഥാനെ തോല്‍പിച്ച് ഇംഗ്ലണ്ട് രണ്ടാം വട്ടവും ടി20 ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ ആറ് മത്സരങ്ങളില്‍ 12 വിക്കറ്റെടുത്ത സാം കറന്‍ ലോകകപ്പിന്റെ താരമായി.
