ലഞ്ചിന് തൊട്ടുമുമ്പ് റണ്ണൗട്ടായി ഋഷഭ് പന്തിന്റെ മടക്കം; സെഞ്ചുറിക്ക് പിന്നാലെ കെ എല്‍ രാഹുലും വീണു; ലോര്‍ഡ്‌സിലെ എലൈറ്റ് പട്ടികയില്‍ ഇടംപിടിച്ച് മടക്കം; ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി; ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി പൊരുതുന്നു
ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി പൊരുതുന്നു
ലണ്ടന്‍: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി ഇന്ത്യ പൊരുതുന്നു. മൂന്നാം ദിനം ലഞ്ചിന് പിന്നാലെ സെഞ്ചുറി പൂര്‍ത്തിയാക്കിയ കെ എല്‍ രാഹുലും മടങ്ങിയതോടെ 74 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനൊപ്പം എത്താന്‍ ഇന്ത്യക്ക് 120 റണ്‍സ് കൂടി വേണം. രവീന്ദ്ര ജഡേജയും നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ക്രീസില്‍.
മൂന്നാം ദിനം 145-3 എന്ന സ്‌കോറില്‍ ക്രീസിലെത്തിയ ഇന്ത്യയെ കെ എല്‍ രാഹുല്‍ - ഋഷഭ് പന്ത് സെഞ്ചുറി കൂട്ടുകെട്ടാണ് കരകയറ്റിയത്. നാലാം വിക്കറ്റില്‍ കെ എല്‍ രാഹുലിനൊപ്പം 198 പന്തില്‍ 141 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ ശേഷമാണ് നിര്‍ഭാഗ്യകരമായി പന്ത് പുറത്തായത്.
സെഞ്ചുറി നേടിയ കെ എല്‍ രാഹുലിന്റെയും അര്‍ധസെഞ്ചുറി നേടിയ ഋഷഭ് പന്തിന്റെയും വിക്കറ്റുകളാണ് മൂന്നാം ദിനം ഇന്ത്യക്ക് നഷ്ടമായത്. മൂന്നാം ദിനം ലഞ്ചിന് തൊട്ടുമുമ്പ് ഋഷഭ് പന്ത് റണ്ണൗട്ടായപ്പോള്‍ ലഞ്ചിനുശേഷം സെഞ്ചുറി തികച്ച രാഹുല്‍ തൊട്ടുപിന്നാലെ ഷൊയ്ബ് ബഷീറിന്റെ പന്തില്‍ സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കി മടങ്ങി.
നാലു വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ ലഞ്ചിന് പിരിഞ്ഞത്. ലഞ്ചിന് പിരിയുമ്പോള്‍ 98 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന രാഹുല്‍ ലഞ്ചിന് ശേഷമുള്ള രണ്ടാം ഓവറില്‍ തന്നെ ലോര്‍ഡ്‌സിലെ രണ്ടാം സെഞ്ചുറിയിലെത്തി. ലോര്‍ഡ്‌സില്‍ രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ വിദേശ ഓപ്പണറാണ് രാഹുല്‍. ബില്‍ ബ്രൗണ്‍, ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, ഗ്രെയിം സ്മിത്ത് എന്നിവരാണ് രാഹുലിന് മുമ്പ് ലോര്‍ഡ്‌സില്‍ രണ്ട് സെഞ്ചുറി നേടിയ ഓപ്പണര്‍മാര്‍. സെഞ്ചുറി തികച്ചശേഷം നേരിട്ട മൂന്നാം പന്തില്‍ രാഹുല്‍ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. 177 പന്തില്‍ 100 റണ്‍സടിച്ച രാഹുല്‍ 13 ബൗണ്ടറികള്‍ നേടി.
നേരത്തെ ലഞ്ചിന് തൊട്ടു മുമ്പുള്ള ഓവറിലായിരുന്നു 74 റണ്‍സെടുത്ത ഋഷഭ് പന്ത് റണ്ണൗട്ടായത്. ഷൊയ്ബ് ബഷീറിന്റെ പന്തില്‍ അതിവേഗ സിംഗിളിന് ശ്രമിച്ച പന്തിനെ ബെന്‍ സ്റ്റോക്‌സ് നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കുകയായിരുന്നു. 112 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും പറത്തിയാണ് റിഷബ് പന്ത് 74 റണ്‍സെടുത്തത്. സെഞ്ചുറി തികയ്ക്കാന്‍ കെ എല്‍ രാഹുലിന് സ്‌ട്രൈക്ക് കൈമാറാനുള്ള ശ്രമമാണ് പന്തിന്റെ പുറത്താകലില്‍ കലാശിച്ചത്. കൈവിരലിലെ പരിക്ക് അലട്ടിയിട്ടും സധൈര്യം ക്രീസില്‍ നിലയുറപ്പിച്ച ഋഷഭ് പന്തിന്റെ പോരാട്ടവും രാഹുലിന്റെ ചെറുത്തുനില്‍പ്പുമാണ് ഇന്ത്യയെ ഇംഗ്ലണ്ട് സ്‌കോറിനോട് അടുപ്പിച്ചത്.
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 387 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ യശസ്വി ജയ്സ്വാളിനെ (13) നഷ്ടമായിരുന്നു. ജോഫ്ര ആര്‍ച്ചറാണ് താരത്തെ പുറത്താക്കിയത്. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച രാഹുല്‍ - കരുണ്‍ നായര്‍ സഖ്യം ശ്രദ്ധയോടെ സ്‌കോര്‍ ചെയ്തു. മികച്ച സ്‌കോറിലേക്ക് പോകുമെന്ന് കരുതിയ കരുണിന് പക്ഷേ ബെന്‍ സ്റ്റോക്ക്സിന്റെ പന്തില്‍ പിഴച്ചു. ബാറ്റിലുരസി സ്ലിപ്പിലേക്ക് പോയ പന്ത് ജോ റൂട്ട് അവിശ്വസനീയമായി കൈപ്പിടിയിലൊതുക്കി.
ടെസ്റ്റില്‍ 211-ാം ക്യാച്ചോടെ റൂട്ട് റെക്കോഡ് സ്വന്തമാക്കുകയും ചെയ്തു. പുറത്താകുമ്പോള്‍ 62 പന്തില്‍ നിന്ന് 40 റണ്‍സായിരുന്നു കരുണിന്റെ സമ്പാദ്യം. രണ്ടാം വിക്കറ്റില്‍ രാഹുല്‍ - കരുണ്‍ സഖ്യം 61 റണ്‍സ് ചേര്‍ത്തിരുന്നു. പിന്നീടെത്തിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് തിളങ്ങാനായില്ല. 16 റണ്‍സെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍, ക്രിസ് വോക്സിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.