പൊരുതി നേടിയ അര്‍ധ സെഞ്ചുറിയുമായി നിതീഷ്; ഉറച്ച പിന്തുണയുമായി വാഷിങ്ടണ്ണും; ഇന്ത്യ വീണ്ടുമൊരു ഫോളോ ഓണില്‍ നിന്ന് രക്ഷിച്ച് എട്ടാം വിക്കറ്റിലെ കൂട്ടുകെട്ട്; മഴ കളിതടസ്സപ്പെടുത്തുമ്പോള്‍ ഇന്ത്യയ്ക്ക് 326 റണ്‍സ്

Update: 2024-12-28 06:42 GMT

മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ വീണ്ടും ഫോളോ ഓണില്‍ നിന്ന് രക്ഷിച്ച് നിതീഷ് കുമാര്‍ വാഷിങ്ടണ്‍ സുന്ദര്‍ കൂട്ടുകെട്ട്. പൊരുതി നേടിയ അര്‍ധ സെഞ്ചുറിയുമായി നിതീഷും പിന്തുണയുമായി വാഷിങ്ടണ്‍ സുന്ദറും ക്രീസില്‍ ഉറച്ച് നിന്നു. നിതീഷിന്റെ കന്നി ടെസ്റ്റ് അര്‍ധസെഞ്ചുറി കൂടിയാണിത്. ഫോളോ ഓണ്‍ ഭീഷണി നേരിട്ടിരുന്ന ഇന്ത്യയെ രക്ഷിച്ചത് അവസാന കൂട്ടുകെട്ടിലെ പാര്‍ട്ണര്‍ഷിപ്പാണ്. മഴമൂലം മത്സരം നിര്‍ത്തിവയ്ക്കുമ്പോള്‍, 97 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. നിതീഷ് റെഡ്ഡി 85 റണ്‍സോടെയും വാഷിങ്ടന്‍ സുന്ദര്‍ 40 റണ്‍സോടെയും ക്രീസില്‍. പിരിയാത്ത എട്ടാം വിക്കറ്റില്‍ ഇരുവരും ഇതിനകം കൂട്ടിച്ചേര്‍ത്തത് 105 റണ്‍സ്. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതുതന്നെ.

81 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതമാണ് നിതീഷ് റെഡ്ഡി അര്‍ധസെഞ്ചറി പൂര്‍ത്തിയാക്കിയത്. ഇതുവരെ 119 പന്തുകള്‍ നേരിട്ട റെഡ്ഡി എട്ടു ഫോറും ഒരു സിക്‌സും സഹിതമാണ് 85 റണ്‍സെടുത്തത്. 115 പന്തുകള്‍ നേരിട്ട വാഷിങ്ടന്‍ സുന്ദറാകട്ടെ, ഒരേയൊരു ഫോര്‍ സഹിതം 40 റണ്‍സുമെടുത്തു. പിരിയാത്ത എട്ടാം വിക്കറ്റില്‍ 195 പന്തിലാണ് ഇരുവരും 105 റണ്‍സ് കൂട്ടിച്ചേര്‍ത്തത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സുമായി മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക്, വിശ്വസ്തരായ ഋഷഭ് പന്ത് (28), രവീന്ദ്ര ജഡേജ (17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ആദ്യ സെഷനില്‍ നഷ്ടമായത്. 37 പന്തുകള്‍ നേരിട്ട പന്ത് മൂന്നു ഫോറുകളോടെയാണ് 28 റണ്‍സെടുത്തത്. രവീന്ദ്ര ജഡേജ 51 പന്തില്‍ മൂന്നു ഫോറുകളോടെ 17 റണ്‍സുമെടുത്തു.

ഇന്ന് ഇന്ത്യയ്ക്ക് നഷ്ടമായ രണ്ടു വിക്കറ്റുകള്‍ സ്‌കോട്ട് ബോളണ്ട്, നേഥന്‍ ലയോണ്‍ എന്നിവര്‍ പങ്കിട്ടു. ഓസീസ് നിരയില്‍ മൂന്നു വിക്കറ്റുമായി ബോളണ്ടാണ് നിലവില്‍ മുന്നില്‍. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന് രണ്ടും നേഥന്‍ ലയണിന് ഒരു വിക്കറ്റും ലഭിച്ചു.

Tags:    

Similar News