ദൈവത്തിന് നന്ദി, ഒറ്റകൈ കൊണ്ട് ബൗണ്‍സറും യോര്‍ക്കറും നേരിടേണ്ടി വന്നില്ല; ഓവല്‍ ടെസ്റ്റിലെ നാടകീയ രംഗങ്ങള്‍ ഓര്‍ത്തെടുത്ത് ക്രിസ് വോക്‌സ്
ദൈവത്തിന് നന്ദി, ഒറ്റകൈ കൊണ്ട് ബൗണ്‍സറും യോര്‍ക്കറും നേരിടേണ്ടി വന്നില്ല
ലണ്ടന്‍: സമീപകാലത്ത് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും ആവേശകരമായ ടെസ്റ്റായിരുന്നു ഓവലിലെ ഇന്ത്യ -ഇംഗ്ലണ്ട് പോരാട്ടം. ഈ ടെസ്റ്റിലെ അവസാന ദിനം ഇന്ത്യ ഇംഗ്ലണ്ടില്‍ നിന്നും മത്സരം പിടിച്ചെടുക്കുകയായിരുന്നു. ടെസ്റ്റിലെ അവസാന ദിനത്തിലെ നാടകീയനിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്സ് ദൈവം സഹായിച്ച് ഒറ്റ കൈ കൊണ്ട് ബാറ്റുചെയ്യേണ്ട അവസ്ഥ ഉണ്ടായില്ലെന്ന് വോക്സ് പറഞ്ഞു.
ദൈവത്തിന് നന്ദി, നിര്‍ണായക സമയത്ത് ക്രീസില്‍ ഒറ്റക്കയ്യില്‍ ബാറ്റുമായി വരുമ്പോള്‍ ആശങ്കള്‍ ഒരുപാടുണ്ടായിരുന്നു, പിന്മാറരുതെന്ന് കരുതി, റണ്ണിനിടയില്‍ ഓടുമ്പോള്‍ നന്നായി വേദനിച്ചു, ഏതായാലും യോര്‍ക്കറുകളും ബൗണ്‍സറുകളും നേരിടേണ്ടി വന്നില്ല, വോക്സ് കൂട്ടിച്ചേര്‍ത്തു.
ഓവല്‍ ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ ഇന്ത്യ വിജയം മോഹിച്ചു തുടങ്ങിയ സമയമായിരുന്നു വോക്‌സ് ക്രീസിലേക്ക് നടന്നു നീങ്ങിയത്. ഒമ്പതാമനായി ജോഷ് ടോംഗ് (0) പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ക്ലീന്‍ബൗള്‍ഡായി മടങ്ങിയതിനു പിന്നാലെ, ആദ്യ ദിനം പരിക്കേറ്റ ക്രിസ് വോക്‌സ് മാത്രമായി ആശ്രയം. അപ്പോള്‍ ഇംഗ്ലണ്ടിനും ഇന്ത്യക്കും വിജയത്തിനിടയില്‍ 17 റണ്‍സിന്റെതായിരുന്നു അകലം.
ഓവലിലെ ഒന്നാം ദിനത്തില്‍ തോളിന് പരിക്കേറ്റ് കളം വിട്ടതായിരുന്നു ഇംഗ്ലീഷ് പേസ് ബൗളര്‍. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സില്‍ പരിക്ക് കാരണം ബാറ്റ് ചെയ്യാതെ മാറിയിരുന്ന താരം, അനിവാര്യമാണെങ്കില്‍ അവസാന ദിനം ബാറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.