അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം; ചരിത്രനേട്ടവുമായി പേസർ അർഷ്ദീപ് സിങ്

Update: 2025-09-20 06:04 GMT

ദുബായി: അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്. ഏഷ്യാ കപ്പ് ടൂർണമെന്റിൽ ഒമാനെതിരായ മത്സരത്തിലാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. 64 മത്സരങ്ങളിൽ നിന്നാണ് അർഷ്ദീപ് സിങ് 100 വിക്കറ്റുകൾ സ്വന്തമാക്കിയത്.

ഈ നേട്ടം അതിവേഗത്തിൽ കൈവരിച്ച ഇന്ത്യൻ പേസർമാരിൽ മുന്നിലെത്തിയ താരം, ലോക തലത്തിൽ ഏറ്റവും വേഗത്തിൽ 100 ടി20 വിക്കറ്റുകൾ നേടിയ പേസർമാരിൽ നാലാം സ്ഥാനത്തും എത്തി. 53 മത്സരങ്ങളിൽ നിന്ന് 100 വിക്കറ്റ് നേടിയ അഫ്ഗാനിസ്ഥാൻ്റെ റാഷിദ് ഖാനാണ് ഈ പട്ടികയിൽ ഒന്നാമത്. നേപ്പാളിന്റെ സന്ദീപ് ലമിച്ചെയ്ൻ (54 മത്സരങ്ങൾ), ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക (63 മത്സരങ്ങൾ) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒമാനെതിരെ ഇന്ത്യ 21 റൺസിനാണ് വിജയിച്ചത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, സഞ്ജു സാംസണിന്റെ മികച്ച അർധസെഞ്ചുറിയുടെ (56 റൺസ്) പിൻബലത്തിൽ 188 റൺസ് നേടിയെങ്കിലും എട്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. മറുപടി ബാറ്റിങ്ങിൽ ഒമാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്ത് ഇന്ത്യയെ ഞെട്ടിച്ചെങ്കിലും വിജയം നേടാനായില്ല. സഞ്ജു സാംസണെ കൂടാതെ ഓപ്പണർ അഭിഷേക് ശർമ (38), തിലക് വർമ (29), അക്സർ പട്ടേൽ (26) എന്നിവരും ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 

Tags:    

Similar News