ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിനത്തില്‍ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന് വിജയം; ആവേശകരമായ പോരാട്ടത്തില്‍ രണ്ട് പന്ത് ശേഷിക്കെ പാക്കിസ്ഥാന്‍ ലക്ഷ്യത്തിലെത്തി

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിനത്തില്‍ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന് വിജയം

Update: 2025-11-05 12:12 GMT

കറാച്ചി: കറാച്ചി ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ആദ്യമത്സരത്തില്‍ പാകിസ്ഥാന് വിജയം. ത്രില്ലര്‍ പോരാട്ടത്തില്‍ അവസാന ഓവറിലെ രണ്ട് പന്ത് ശേഷിക്കെ പാകിസ്ഥാന്‍ ലക്ഷ്യത്തിലെത്തി. മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടുവിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ വിജയം.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.1 ഓവറില്‍ 263 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങിന് ഇറങ്ങിയ മുന്‍നിര ബാറ്റര്‍മാരില്‍ ബാബര്‍ അസം ഒഴികെയുള്ള ബാറ്റര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അവസാന അഞ്ച് ഓവറില്‍ പാകിസ്ഥാന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ മത്സരത്തില്‍ ഇരുകൂട്ടര്‍ക്കും തുല്യപ്രതീക്ഷയായി. എന്നാല്‍ വാലറ്റക്കാര്‍ പാകിസ്ഥാന് വിജയം ഒരുക്കി.

സല്‍മാന്‍ അഗ (62), മുഹമ്മദ് റിസ്വാന്‍ (55) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് പാകിസ്ഥാന്‍ വിജയത്തില്‍ നിര്‍ണായകമായത് നയിച്ചത്. ഫഖര്‍ സമാന്‍ (45), സെയിം അയൂബ് (39) എന്നിവരും നല്ലരീതിയില്‍ ബാറ്റ് വീശി. ബാബര്‍ അസമിന് (7) റണ്‍സിന് പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ക്വിന്റണ്‍ ഡി കോക്ക് 63 റണ്‍സും ലുവാന്‍ ഡ്രെ പ്രിട്ടോറിയസ് 57 റണ്‍സും എടുത്തു.

മാത്യൂ ബ്രീട്‌സ്‌കെ (42), കോര്‍ബിന്‍ ബോഷ് (41) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി. നസീം ഷാ, അബ്രാര്‍ അഹമ്മദ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുന്‍നിര ബൗളര്‍മാരായ കഗിസോ റബാഡ, മാര്‍ക്കോ ജാന്‍സണ്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. സല്‍മാന്‍ അഗയാണ് മത്സരത്തിലെ താരം

Tags:    

Similar News