യോഗ്യത നേടിയത് ഒന്നാം സ്ഥാനക്കാരായി; ലോകകപ്പിൽ നിന്നും മടങ്ങിയത് അവസാന സ്ഥാനക്കാരായി; മോശം പ്രകടനത്തിന് പിന്നാലെ പരിശീലകനെ പുറത്താക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്
ഇസ്ലാമാബാദ്: വനിതാ ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് പാക്കിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ മുഹമ്മദ് വസീമിനെ പുറത്താക്കി. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് (പിസിബി) നടപടി സ്വീകരിച്ചത്. ഏപ്രിലിൽ ലാഹോറിൽ നടന്ന യോഗ്യതാ മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി ലോകകപ്പ് യോഗ്യത നേടിയെങ്കിലും, ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്ന ടൂർണമെന്റിൽ ടീം അവസാന സ്ഥാനക്കാരാവുകയായിരുന്നു.
ഫാത്തിമ സന നയിച്ച പാകിസ്ഥാൻ ടീം ടൂർണമെന്റിൽ കളിച്ച നാല് മത്സരങ്ങളിലും പരാജയപ്പെട്ടു. മൂന്ന് മത്സരങ്ങൾ മഴ കാരണം ഉപേക്ഷിച്ചു. ടീം കളിച്ച എല്ലാ മത്സരങ്ങളും കൊളംബോയിലാണ് നടന്നത്. ലോകകപ്പ് മത്സരങ്ങളോടെ മുഹമ്മദ് വസീമിന്റെ കരാർ അവസാനിച്ചതായും ഇനി ഇത് പുതുക്കേണ്ടതില്ലെന്നുമാണ് പിസിബിയുടെ തീരുമാനം. ഇതേത്തുടർന്ന് പുതിയ പരിശീലകനെ നിയമിക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് മുൻ ടെസ്റ്റ് താരവും പാക് പുരുഷ ടീമുകളുടെ ചീഫ് സെലക്ടറുമായിരുന്ന വസീമിനെ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചത്. അദ്ദേഹത്തിന്റെ പരിശീലന കാലയളവിൽ ടീമിന് പല തിരിച്ചടികളും നേരിടേണ്ടി വന്നിട്ടുണ്ട്. ഏഷ്യാ കപ്പ് സെമി ഫൈനലിൽ നിന്നും ടീം പുറത്തായിരുന്നു. ഈ വർഷം ആദ്യം നടന്ന ടി20 ലോകകപ്പിലും ലീഗ് ഘട്ടത്തിൽ ടീം പുറത്തായതിരുന്നു.
പുതിയ പരിശീലകനായി ഒരു വിദേശിയെ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇത് സാധ്യമായില്ലെങ്കിൽ മുൻ വനിതാ ടീം ക്യാപ്റ്റൻ ബിസ്മ മറൂഫിന് പരിശീലക സ്ഥാനം നൽകിയേക്കുമെന്നും സൂചനയുണ്ട്. പരിശീലകന് പുറമെ മറ്റ് സപ്പോർട്ടിങ് സ്റ്റാഫുകളെയും മാറ്റിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.