ഇന്ത്യക്കാരെ കാണുമ്പോള്‍ മുട്ടിടി മാറ്റാന്‍ സൈക്കോളജിസ്റ്റിനെ നിയമിച്ചിട്ടും കാര്യമില്ല; ഫിഫ്റ്റി അടിച്ചതിനു പിന്നാലെ ബാറ്റുകൊണ്ട് 'വെടിവച്ച്' പാക്ക് താരത്തിന്റെ ആഘോഷമെല്ലാം അഭിഷേകിന്റെ മിസൈല്‍ മറുപടിയില്‍ ആവിയായി; പാക്കിസ്ഥാന്‍ ഇന്ത്യക്കൊരു എതിരാളികളേ അല്ലെന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചു സൂര്യയും സംഘവും

ഇന്ത്യക്കാരെ കാണുമ്പോള്‍ മുട്ടിടി മാറ്റാന്‍ സൈക്കോളജിസ്റ്റിനെ നിയമിച്ചിട്ടും കാര്യമില്ല

Update: 2025-09-22 01:41 GMT

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കാരെ കണ്ടാല്‍ മുട്ടിടിക്കുന്നത് പാക്കിസ്ഥാന്റെ പതിവ് പരിപാടിയാണ്. ആ പേരി ഉള്ളതുകൊണ്ട് ഇക്കുറി സൈക്കോളജിസ്റ്റിന്റെ സഹായം അടക്കം നേടിക്കൊണ്ടാണ് ഇന്ത്യക്കെതിരെ ഏഷ്യാകപ്പില്‍ സൂപ്പര്‍ ഫോറില്‍ ഇറങ്ങിയത്. എന്നാല്‍, അതുകൊണ്ടും കാര്യമുണ്ടായില്ല. ഇന്ത്യക്കാരെ കണ്ടപ്പോള്‍ പതിവുപോലും പേടിച്ചു വിറച്ചു പാക്കിസ്ഥാന്‍ ഇക്കുറിയും തോറ്റോടി.

ഏതുവിധേനയും ഇന്ത്യയെ തോല്‍പ്പിക്കാന്‍ തയ്യാറെടുപ്പോടെയാണ് പാക്കിസ്ഥാന്‍ എത്തിയത്. കടുത്ത പരിശീലനത്തിനൊപ്പം സമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനായി ഒരു സൈക്കോളജിസ്റ്റിനെയടക്കം ടീം നിയമിച്ചു. മത്സരത്തിന് മുമ്പ് പാക്കിസ്താന്‍ ടീം വാര്‍ത്താസമ്മേളനവും റദ്ദാക്കി. എന്നാല്‍ ഈ തന്ത്രങ്ങളൊന്നും പാക്കിസ്താനെ രക്ഷിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തിന് സമാനമായി സൂപ്പര്‍ ഫോറിലും പാകിസ്താന്‍ തകര്‍ന്നടിഞ്ഞു.

ആറു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. പാക്കിസ്താന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. അര്‍ധസെഞ്ചുറി തികച്ച അഭിഷേക് ശര്‍മയും ഗില്ലുമാണ് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്. ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ സിക്സറടിച്ചാണ് ഇന്ത്യ തുടങ്ങിയത്. പിന്നീട് സ്റ്റേഡിയത്തില്‍ കണ്ടത് ഇന്ത്യന്‍ ഓപ്പണര്‍മാരുടെ താണ്ഡവമായിരുന്നു. അഭിഷേകും ശുഭ്മാന്‍ ഗില്ലും പാക് ബൗളര്‍മാരെ നിലംതൊടീച്ചില്ല. 30 റണ്‍സെടുത്ത തിലക് വര്‍മയുടെ ഇന്നിങ്‌സും ജയത്തില്‍ നിര്‍ണായകമായി.

അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കളിക്കാരുടെ സമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനായി ഒരു സൈക്കോളജിസ്റ്റിനെയടക്കം നിയമിച്ചാണ് പാകിസ്താന്‍ തയ്യാറെടുത്തത്. പാക് മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായി കളിക്കാരുടെ സമ്മര്‍ദം നിയന്ത്രിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സമ്മര്‍ദ ഘട്ടങ്ങളില്‍ സംയമനം പാലിക്കാനും സഹായിക്കുന്നതിനായി പിസിബി ഡോ. റഹീല്‍ കരീമിന്റെ സേവനമാണ് തേടിയത്.

പോരാട്ടത്തിന് മുന്നോടിയായി പാകിസ്താന്‍ ടീം വാര്‍ത്താസമ്മേളനം വീണ്ടും റദ്ദാക്കി. യുഎഇക്കെതിരായ കഴിഞ്ഞ മത്സരത്തിന് മുന്‍പും പാകിസ്താന്‍ വാര്‍ത്താസമ്മേളനം റദ്ദാക്കിയിരുന്നു. പക്ഷേ അതൊന്നും ഫലിച്ചില്ല. ഇന്ത്യക്ക് മുന്നില്‍ പാകിസ്താന്‍ തകര്‍ന്നടിഞ്ഞു.

അതിനിടെ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ മത്സരത്തില്‍ അര്‍ധസെഞ്ചറി തികച്ചതിനു പിന്നാലെ പാക്കിസ്ഥാന്‍ താരം സാഹിബ്സാദ ഫര്‍ഹാന്‍ കാണിച്ച ആംഗ്യം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. അര്‍ധസെഞ്ചറി തികച്ചതിനു പിന്നാലെ ബാറ്റു കൊണ്ട് വെടിയുതിര്‍ക്കുന്നതു പോലെയുള്ള ആംഗ്യമാണ് സാഹിബ്‌സാദ ഫര്‍ഹാന്‍ കാണിച്ചത്. ഇതോടെ ഈ ദൃശ്യങ്ങള്‍ പാക് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

പത്താം ഓവറില്‍ അക്ഷര്‍ പട്ടേലിനെ സിക്‌സറിനു പറത്തിയാണ് ഫര്‍ഹാന്‍ 34 പന്തില്‍ അര്‍ധസെഞ്ചറി തികച്ചത്. ഇതിന് പിന്നാലെയാണ് ഡ്രസിങ് റൂമിനുനേരെ തിരിഞ്ഞുനിന്ന് ബാറ്റു കൊണ്ട് സാങ്കല്‍പ്പിക വെടിയുതിര്‍ത്ത് ഫര്‍ഹാന്‍ ആഘോഷിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമീപകാല അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും കഴിഞ്ഞ മത്സരത്തിലെ ഹസ്തദാന വിവാദത്തിന്റെയും പശ്ചാത്തലത്തിലാണ് ഫര്‍ഹാന്റെ 'ഗണ്‍ ഫയറിങ്' ആഘോഷം ചര്‍ച്ചാവിഷയമായത്.

ഓപ്പണറായെത്തിയ ഫര്‍ഹാന്‍, മെല്ലെയാണ് തുടങ്ങിയതെങ്കിലും സഹഓപ്പണര്‍ ഫഖര്‍ സമാന്‍ പുറത്തായതിനു പിന്നാലെ വേഗത കൂട്ടുകയായിരുന്നു. മൂന്നു സിക്‌സും അഞ്ച് ഫോറുമാണ് ഫര്‍ഹാന്റെ ബാറ്റില്‍നിന്നു പിറന്നത്. 45 പന്തില്‍ 58 റണ്‍സെടുത്ത ഫര്‍ഹാനെ ശിവം ദുബെ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ കൈകളില്‍ എത്തിച്ചാണ് പുറത്താക്കിയത്.

അതേസമയം ഈ ആഘോഷത്തിന് അധികം ആയുസ്സ് ഉണ്ടായില്ല അഭിഷേക് ശര്‍മ്മ ബാറ്റുമായി കളത്തില്‍ ഇറങ്ങിയതോടെ മിസൈല്‍ കണക്കെ വെട്ടിക്കെട്ടാണ് പാക്കിസ്ഥാന്റെ നെഞ്ചില്‍ പതിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെത് സ്വപ്നസമാനമായ തുടക്കമായിരുന്നു. ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ സിക്സറടിച്ചാണ് ഇന്ത്യ തുടങ്ങിയത്. ഷഹീന്‍ അഫ്രീദിയെ അഭിഷേക് ശര്‍മയാണ് അതിര്‍ത്തികടത്തിയത്. അതൊരു സൂചനയായിരുന്നു. പിന്നീട് സ്റ്റേഡിയത്തില്‍ കണ്ടത് ഇന്ത്യന്‍ ഓപ്പണര്‍മാരുടെ താണ്ഡവമായിരുന്നു. അഭിഷേകും ശുഭ്മാന്‍ ഗില്ലും പാക് ബൗളര്‍മാരെ നിലംതൊടീച്ചില്ല.

ആറോവറില്‍ 69 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. എട്ടാം ഓവറില്‍ അഭിഷേക് അര്‍ധസെഞ്ചുറി തികച്ചു. അഭിഷേകിനൊപ്പം ഗില്ലും കത്തിക്കയറിയതോടെ ഇന്ത്യ ഒമ്പതാം ഓവറില്‍ തന്നെ നൂറുകടന്നു. എന്നാല്‍ പത്താം ഓവറില്‍ പാകിസ്താന് ബ്രേക്ക് ത്രൂ കിട്ടി. ഫഹീം അഷ്റഫ് ഗില്ലിനെ ബൗള്‍ഡാക്കി. 28 പന്തില്‍ നിന്ന് 47 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. പിന്നാലെ നായകന്‍ സൂര്യകുമാര്‍ യാദവും പുറത്തായി. താരം ഡക്കായി മടങ്ങി.

ടീം സ്‌കോര്‍ 123-ല്‍ നില്‍ക്കേ അഭിഷേക് ശര്‍മയും പുറത്തായത് ഇന്ത്യയെ അല്‍പ്പം പ്രതിരോധത്തിലാക്കി. 39 പന്തില്‍ നിന്ന് 74 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്. എന്നാല്‍ നാലാം വിക്കറ്റില്‍ സഞ്ജുവും തിലക് വര്‍മയും ചേര്‍ന്ന് ടീമിനെ മുന്നോട്ടുനയിച്ചു. അതിനിടെ സഞ്ജുവിനെ (13) ഹാരിസ് റൗഫ് ബൗള്‍ഡാക്കി. എന്നാല്‍ തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യയെ വിജയതീരത്തെത്തിച്ചു.

ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താനെതിരേ ഏഴുവിക്കറ്റിന്റെ അനായാസജയം ഇന്ത്യ നേടിയിരുന്നു. അന്ന് പാക് ടീമിനെ കളിയുടെ എല്ലാമേഖലയിലും പിന്നിലാക്കിയാണ് സൂര്യകുമാര്‍ യാദവും സംഘവും ജയംനേടിയത്. 47 റണ്‍സുമായി പുറത്താകാതെനിന്ന സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ബാറ്റിങ്ങിന് ചുക്കാന്‍പിടിച്ചത്. കുല്‍ദീപ് യാദവ്-അക്‌സര്‍ പട്ടേല്‍-വരുണ്‍ ചക്രവര്‍ത്തി എന്നിവരടങ്ങുന്ന സ്പിന്‍ത്രയം പാക് ബാറ്റര്‍മാരെ വരച്ചവരയില്‍ നിര്‍ത്തുകയും ചെയ്തു.

Tags:    

Similar News