രാവൽപിണ്ടി ടെസ്റ്റിലെ പരാജയം തിരിച്ചടിയായി; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് പാക്കിസ്ഥാൻ; ഇന്ത്യയ്ക്ക് നേട്ടം

Update: 2025-10-23 11:04 GMT

ദുബായ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രാവൽപിണ്ടി ടെസ്റ്റിൽ പാക്കിസ്ഥാൻ പരാജപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തിരികെയെത്തി ഇന്ത്യ. രണ്ടാം ടെസ്റ്റിലെ തോൽവിയോടെ പാക്കിസ്ഥാൻ രണ്ട് ടെസ്റ്റുകളിൽ നിന്ന് ഒരു ജയവും ഒരു തോൽവിയുമായി 12 പോയിൻ്റും 50 ശതമാനം വിജയശതമാനവുമായി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

നേരത്തെ, ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ് വിജയിച്ച പാക്കിസ്ഥാൻ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയിരുന്നു. ഇതോടെയാണ് ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. എന്നാൽ, രണ്ടാം ടെസ്റ്റിലെ തോൽവി പാക്കിസ്ഥാന് വലിയ തിരിച്ചടിയായി. ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, ഇന്ത്യക്ക് മൂന്നാം സ്ഥാനം തിരികെ ലഭിച്ചു.

ഏഴ് ടെസ്റ്റുകൾ കളിച്ച ഇന്ത്യ, നാലു വിജയങ്ങൾ, രണ്ട് തോൽവികൾ, ഒരു സമനില എന്നിവയുടെ പിൻബലത്തിൽ 52 പോയിൻ്റും 61.90 ശതമാനം വിജയശതമാനവുമായാണ് മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. നിലവിൽ, വെറും രണ്ട് ടെസ്റ്റുകൾ മാത്രം കളിച്ച ശ്രീലങ്കയാണ് ഇന്ത്യക്ക് മുന്നിൽ രണ്ടാമതുള്ളത്. അവർക്ക് ഒരു ജയവും ഒരു സമനിലയും അടക്കം 16 പോയിൻ്റും 66.67 ശതമാനം വിജയശതമാനവുമാണുള്ളത്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സർക്കിളിൽ ഇതുവരെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച ടീമും ഇന്ത്യയാണ്. നിലവിലെ പട്ടികയിൽ ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്.

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ മൂന്ന് ടെസ്റ്റുകളും വിജയിച്ച അവർക്ക് 36 പോയിൻ്റും 100 ശതമാനം വിജയശതമാനവുമാണുള്ളത്.ഇംഗ്ലണ്ട് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഞ്ച് ടെസ്റ്റുകളിൽ നിന്ന് രണ്ട് ജയങ്ങളും രണ്ട് തോൽവികളും ഒരു സമനിലയുമായി 26 പോയിൻ്റും 43.33 ശതമാനം വിജയശതമാനവുമാണ് ഇംഗ്ലണ്ടിന് ലഭിച്ചിട്ടുള്ളത്. ഏഴാം സ്ഥാനത്തുള്ള ബംഗ്ലാദേശ്, രണ്ട് ടെസ്റ്റുകളിൽ നിന്ന് ഒരു തോൽവിയും ഒരു സമനിലയും നേടി 4 പോയിൻ്റും 16.67 ശതമാനം വിജയശതമാനവുമായാണ് തുടരുന്നത്. കളിച്ച അഞ്ച് ടെസ്റ്റുകളും തോറ്റ വിൻഡീസ് എട്ടാം സ്ഥാനത്താണ്. ന്യൂസിലൻഡ് ഇതുവരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒരു മത്സരം പോലും കളിച്ചിട്ടില്ല.

Tags:    

Similar News