ത്രിരാഷ്ട്ര ടി20 പരമ്പര; ശ്രീലങ്കയ്ക്ക് തുടർച്ചയായ രണ്ടാം തോൽവി; സഹിബാസാദ ഫര്‍ഹാന്റെ വെടിക്കെട്ട് ബാറ്റിങിൽ പാക്കിസ്ഥാന് ഏഴ് വിക്കറ്റ് ജയം; മുഹമ്മദ് നവാസിന് മൂന്ന് വിക്കറ്റ്

Update: 2025-11-23 03:28 GMT

റാവൽപിണ്ടി: ത്രിരാഷ്ട്ര ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി പാക്കിസ്ഥാൻ. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് മാത്രമേ നേടാനായുള്ളൂ. 38 പന്തിൽ 41 റൺസുമായി പുറത്താകാതെ നിന്ന ജനിത് ലിയാനാഗെയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. പാക് ബൗളിങ്ങിൽ തിളങ്ങിയ മുഹമ്മദ് നവാസ് 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ പാക്കിസ്ഥാന്‍ 15.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

129 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാനുവേണ്ടി ഓപ്പണർ സാഹിബ്സാദ ഫർഹാൻ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. വെറും 45 പന്തിൽ 6 ഫോറുകളും 5 സിക്സറുകളും സഹിതം പുറത്താകാതെ 80 റൺസാണ് അദ്ദേഹം നേടിയത്. സായിം അയൂബ് (20) നൽകിയ മികച്ച തുടക്കത്തിനുശേഷം ഫർഹാൻ മുൻ ക്യാപ്റ്റൻ ബാബർ അസമുമായി (16) ചേർന്ന് വിജയത്തിലേക്ക് നയിച്ചു. 15.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ ലക്ഷ്യം മറികടന്നു.

നേരത്തെ, ശ്രീലങ്കന്‍ നിരയില്‍ ജനിത് ലിയാങ്കെ (38 പന്തില്‍ 41) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. കുശാല്‍ പെരേര (25), കാമില്‍ മിഷാര (22), പതും നിസ്സങ്ക (17), വാനിന്ദു ഹസരങ്ക (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. കുശാല്‍ മെന്‍ഡിസ് (3), ഷനക (0), മെന്‍ഡിസ് (3) എന്നിവരും പുറത്തായി. വിയസ്‌കാന്ത് (0) പുറത്താവാതെ നിന്നു. 3/16 എന്ന മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് നവാസാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ശ്രീലങ്കയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ സിംബാബ്‌വെയോടും ടീം പരാജയപ്പെട്ടു.

Tags:    

Similar News