'ഈ പോരാട്ടം തോറ്റു, പക്ഷേ യുദ്ധം കഴിഞ്ഞിട്ടില്ല; മറക്കാനാകാത്ത ദിനം'; രണ്ടാം ക്വാളിഫയര്‍ കളിച്ച് ജയിച്ചാല്‍ ഫൈനലില്‍ എത്തുമെന്ന് പഞ്ചാബ് കിങ്‌സ് നായകന്‍

'ഈ പോരാട്ടം തോറ്റു, പക്ഷേ യുദ്ധം കഴിഞ്ഞിട്ടില്ല; മറക്കാനാകാത്ത ദിനം

Update: 2025-05-30 12:46 GMT

മുല്ലന്‍പുര്‍: ഐ.പി.എല്‍ ഫൈനല്‍ പ്രതീക്ഷയുമായി ഇറങ്ങിയ പഞ്ചാബ് കിങ്‌സിന് ഒന്നാം ക്വാളിഫയറില്‍ ഞെട്ടിക്കുന്ന തോല്‍വിലായണ് നേരിടേണ്ടി വന്നത്. സ്വന്തം തട്ടകത്തില്‍ ജയിച്ചുകയറി ഫൈനലുറപ്പിക്കാമെന്ന കണക്കുകൂട്ടലില്‍ കളത്തിലിറങ്ങിയ പഞ്ചാബിനെ 101 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ആര്‍.സി.ബി, എട്ട് വിക്കറ്റിന് വിജയം സ്വന്തമാക്കുകയും ചെയ്തു. തോറ്റെങ്കിലും രണ്ടാം ക്വാളിഫയര്‍ കളിച്ച് ജയിച്ചാല്‍ ഫൈനലില്‍ എത്താമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ് 'രാജാക്കന്മാര്‍'. മത്സരശേഷം നായകന്‍ ശ്രേയസ് അയ്യരുടെ പ്രതികരണവും അതുതന്നെയായിരുന്നു.

'''ഈ പോരാട്ടത്തില്‍ ഞങ്ങള്‍ തോറ്റു, പക്ഷേ യുദ്ധം കഴിഞ്ഞിട്ടില്ല. ഫീല്‍ഡില്‍ സ്വീകരിച്ച തീരുമാനങ്ങള്‍ പിഴച്ചെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ ഇത്തരം വിക്കറ്റില്‍ ബാറ്റ് ചെയ്യാനുള്ള തയാറെടുപ്പ് വേണ്ടിയിരുന്നു. ഇവിടെ കളിച്ച എല്ലാ മത്സരത്തിലും ബാള്‍ ബൗണ്‍സ് ചെയ്യുന്നതില്‍ വ്യതിയാനങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രഫഷനലുകളെന്ന നിലയില്‍ ഇത്തരം കാരണങ്ങള്‍ പറയുന്നത് ശരിയല്ല.

ഇന്നത്തെ സാഹചര്യം അതിജീവിക്കുന്നതില്‍ ബാറ്റിങ് ഡിപാര്‍ട്ട്‌മെന്റ് പരാജയപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം. നേരത്തെ തയാറാക്കിയ പദ്ധതികളൊന്നും ഗ്രൗണ്ടില്‍ നടപ്പായില്ല. ഇത്രയും ചെറിയ സ്‌കോര്‍ പ്രതിരോധിക്കുക എന്നത് ബൗളര്‍മാക്ക് എളുപ്പമല്ല, അതിനാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. മറക്കാനാകാത്ത ഒരു ദിനമാണിത്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കി തിരിച്ചുവരണം'' -ശ്രേയസ് അയ്യര്‍ പറഞ്ഞു.

ഒന്നാം ക്വാളിഫയറില്‍ എട്ട് വിക്കറ്റിനാണ് റോയല്‍ ചാലഞ്ചേഴ്‌സ് ജയം പിടിച്ചത്. മൂന്ന് വീതം വിക്കറ്റുകള്‍ പിഴുത സുയാഷ് ശര്‍മയും ജോഷ് ഹെയ്‌സല്‍വുഡുമാണ് പഞ്ചാബ് ബാറ്റിങ് നിരയെ കടപുഴക്കിയത്. 102 റണ്‍സിന്റെ വിജയലക്ഷ്യം പത്തോവറില്‍ ആര്‍.സി.ബി മറികടന്നു. അര്‍ധ സെഞ്ച്വറി നേടിയ ഫില്‍ സാള്‍ട്ട് (56*) ടോപ് സ്‌കോററായി. ഇന്ന് നടക്കുന്ന എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും.

Tags:    

Similar News