പണമായിരുന്നില്ല പന്ത് ഡല്‍ഹി വിടാനുള്ള കാരണം; ടീം ഉടമകളുമായുള്ള ആശയപരമായ ഭിന്നത: തുറന്ന് പറഞ്ഞ് ടീം ഉടമ പാര്‍ഥ് ജിന്‍ഡാല്‍

Update: 2024-11-28 08:51 GMT

ന്യൂഡല്‍ഹി: ഐപിഎല്‍ താരലേലത്തിന് മുന്‍എ റിഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ടതില്‍ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. പണമാണ് പ്രധാന പ്രശ്‌നം എന്ന് വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പണമായിരുന്നില്ല പന്ത് ഡല്‍ഹി വിടാനുള്ള കാരണം എന്ന വ്യക്തമാക്കിയിരിക്കുകയാണ് ടീം സഹ ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍. ടീം ഉടമകളുമായുള്ള ആശയപരമായ ഭിന്നതയുടെ പേരിലാണ് റിഷഭ് പന്ത് ടീം വിട്ടതെന്നും പാര്‍ഥ് ജിന്‍ഡാല്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒമ്പത് സീസണുകളില്‍ ഡല്‍ഹിക്കായി കളിച്ച റിഷഭ് പന്ത് മൂന്ന് സീസണുകളില്‍ ടീമിന്റെ നായകനുമായിരുന്നു. റിഷഭ് പന്ത് ടീം വിടാനുള്ള തീരുമാനമെടുത്തത് പ്രതിഫല തര്‍ക്കത്തിന്റെ പേരിലാണെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു പാര്‍ഥ് ജിന്‍ഡാല്‍. പണം ഞങ്ങള്‍ക്കും റിഷഭ് പന്തിനും ഒരു പ്രശ്‌നമായിരുന്നില്ല. ഞങ്ങള്‍ക്കിടയിലെ ഭിന്നത ആശയപരമായിരുന്നു. ഞങ്ങള്‍ ടീമിനെ മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായിരുന്നു റിഷഭിന്റെ ചിന്ത. ഞങ്ങള്‍ ടീം ഉടമകളുടെയും റിഷഭ് പന്തിന്റെയും ചിന്താരീതി വ്യത്യസ്തമായിരുന്നു.

അദ്ദേഹത്തെ നിലനിര്‍ത്താന്‍ ഞങ്ങള്‍ കഴിയുന്നതെല്ലാം ചെയ്തു. പക്ഷെ അദ്ദേഹം തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. തീരുമാനമെടുത്താല്‍ പിന്നെ അതിനെ മാനിക്കുക എന്നത് മാത്രമാണ് ഞങ്ങള്‍ക്ക് ചെയ്യാനുള്ളത്. റിഷഭ് പന്ത് ഡല്‍ഹി വിടാന്‍ തീരുമാനിച്ചത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമായിരുന്നു. കാരണം, അവന്‍ എന്റെ സ്വന്തം സഹോദരനെ പോലെയാണ്. ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട് റിഷഭ് പന്തിനോട് തര്‍ക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. പന്തിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് കുറച്ച് വിലയിരുത്തലുകള്‍ ഞങ്ങള്‍ നടത്തിയിരുന്നു. എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തിട്ടുണ്ട്.

പക്ഷെ അവന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അവനാഗ്രഹിക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റനാവാനാണെന്ന് അവന്‍ വ്യക്തമായി ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഐപിഎല്‍ ക്യാപ്റ്റനാവുന്നതിലൂടെ അതിന് വഴിയൊരുങ്ങുമെന്ന് അവനറിയാമെന്നും പാര്‍ഥ് ജിന്‍ഡാല്‍ പറഞ്ഞു. ഐപിഎല്‍ താരലേലത്തിന് മുമ്പ് ഡല്‍ഹി വിട്ട റിഷഭ് പന്തിനെ ഐപിഎല്ലിലെ റെക്കോര്‍ഡ് തുകയായ 27 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയിരുന്നു.

Tags:    

Similar News