കാണികൾക്ക് നേരെ 'വിമാന' ആംഗ്യം; ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗിനെതിരെ പരാതി നൽകി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്
ദുബായ്: ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗിനെതിരെ ഐസിസിക്ക് പരാതി നൽകി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). സൂപ്പർ ഫോർ ഘട്ടത്തിൽ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ കാണികൾക്ക് നേരെ മോശം ആംഗ്യം കാണിച്ചതിലാണ് പിസിബിയുടെ നടപടി. ഏഷ്യ കപ്പ് 2025-ലെ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോഴാണ് അർഷ്ദീപ് സിംഗ് വിവാദപരമായ ആംഗ്യം കാണിച്ചതെന്ന് പിസിബി ആരോപിക്കുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും ക്രിക്കറ്റിന് അവമതിപ്പുണ്ടാക്കിയെന്നും ആരോപിച്ച് പിസിബി നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ അർഷ്ദീപ് സിംഗിനെതിരെ നടപടി വേണമെന്നാണ് പിസിബിയുടെ നിലപാട്. എന്നാൽ, താരത്തിന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തെറ്റായ പ്രവൃത്തി ഇതിനുമുമ്പ് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചതിന് പിന്നാലെയാണ് അർഷദീപ് വിമാനത്തിന്റെ ആംഗ്യം കാണിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെയും പിസിബി പരാതി നൽകിയിരുന്നു. പാകിസ്ഥാനിലെ പഹൽഗാം ആക്രമണങ്ങളെക്കുറിച്ച് യാദവ് നടത്തിയ പരാമർശം രാഷ്ട്രീയപരമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഈ പരാതി.