'ഒരാൾക്ക് വേണ്ടി മാത്രം ടീമിലെ ബാറ്റിംഗ് ഓർഡർ മാറ്റാൻ കഴിയില്ല'; സഞ്ജുവിന്റെ മനസ്സ് ശാന്തമല്ല, വിശ്രമം നൽകുന്നതാണ് ഉചിതം; തുറന്നടിച്ച് ആർ അശ്വിൻ

Update: 2026-01-30 06:51 GMT

ചെന്നൈ: ന്യൂസിലൻഡിനെതിരായ നാലാം ടി20യിലെ തോൽവിക്ക് പിന്നാലെ മലയാളി താരം സഞ്ജു സാംസണിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. സഞ്ജു ഇപ്പോൾ അമിത ചിന്തകളിലാണെന്നും ഇത് താരത്തിന്റെ സ്വാഭാവിക പ്രകടനത്തെ തളർത്തുന്നുണ്ടെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. തന്റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്തിലൂടെയാണ്' അശ്വിൻ പ്രതികരിച്ചത്.

ടീം ബാലൻസ് പ്രധാനം സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റണമെന്ന ആരാധകരുടെ വാദത്തെ അശ്വിൻ തള്ളി. ഒരാൾക്ക് വേണ്ടി മാത്രം ടീമിലെ ബാറ്റിംഗ് ക്രമം മാറ്റാൻ കഴിയില്ലെന്നും, അത് ടീമിന്റെ ബാലൻസ് തെറ്റിക്കുമെന്നും അദ്ദേഹം പറഞ്ഞു. "എല്ലാവരും സഞ്ജുവിന് ചുറ്റും കറങ്ങണമെന്ന് പറയുന്നത് ശരിയല്ല," അശ്വിൻ വ്യക്തമാക്കി.

തുടർച്ചയായ പരാജയങ്ങൾ നേരിടുന്ന സാഹചര്യത്തിൽ സഞ്ജുവിന് വിശ്രമം നൽകുന്നതാണ് ഉചിതമെന്ന് അശ്വിൻ പറഞ്ഞു. പുറത്തിരുന്ന് കളി നിരീക്ഷിക്കുന്നത് താരത്തിന് കൂടുതൽ വ്യക്തത നൽകും. നിലവിൽ സഞ്ജുവിന്റെ മനസ്സ് ശാന്തമല്ലെന്നും, ഒട്ടേറെ ചിന്തകൾ മനസ്സിൽ വരുന്നതിനാൽ പന്തിന്റെ ലെങ്തും ലൈനും തിരിച്ചറിയാൻ അദ്ദേഹം പ്രയാസപ്പെടുകയാണെന്നും അശ്വിൻ വിലയിരുത്തി.

ബെഞ്ചിലിരിക്കുന്ന ഇഷാൻ കിഷൻ മികച്ച ഫോമിലാണെന്നത് സഞ്ജുവിന് മേൽ വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. ലോകകപ്പ് അടുത്തിരിക്കെ ഓരോ പരാജയവും സഞ്ജുവിന്റെ സ്ഥാനത്തിന് ഭീഷണിയാണ്. സഞ്ജു പുതിയ രീതികൾ പരീക്ഷിക്കാൻ ശ്രമിക്കുന്നത് നല്ലതാണെങ്കിലും അമിത ചിന്തകൾ ഒഴിവാക്കിയാലേ ഫോമിലേക്ക് തിരിച്ചെത്താൻ കഴിയൂ എന്നും അശ്വിൻ കൂട്ടിച്ചേർത്തു.

ന്യൂസിലൻഡിനെതിരായ ഈ പരമ്പരയിൽ നാല് മത്സരങ്ങളിൽ നിന്നായി വെറും 40 റൺസ് മാത്രമാണ് സഞ്ജു നേടിയത്. സ്കോറുകൾ ഇങ്ങനെ: 10, 6, 0 (ഗോൾഡൻ ഡക്ക്), 24. അഞ്ചാം മത്സരത്തിൽ ഇഷാൻ കിഷനെ പരീക്ഷിക്കണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും, സ്വന്തം നാട്ടുകാർക്ക് മുന്നിൽ സഞ്ജുവിന് ഒരു അവസരം കൂടി ലഭിക്കുമെന്നാണ് ആരാധകർ കരുതുന്നത്.

Tags:    

Similar News