മറ്റൊരു താരത്തെ സ്ലെജ് ചെയ്യുന്നത് അനുവദനീയമാണ്; പക്ഷേ പരിധി വിടാന്‍ പാടില്ല; അന്ന് അവര്‍ പരിധി വിട്ടിരുന്നു; അന്ന് ഞാന്‍ നിര്‍ബന്ധപൂര്‍വം പറഞ്ഞ് വിട്ടില്ലായിരുന്നുവെങ്കില്‍ അടുത്ത നാല് മത്സരങ്ങളില്‍ വിലക്ക് കിട്ടുമായിരുന്നു; ഇക്കാര്യത്തില്‍ അവന് എന്നോട് വിഷമം തോന്നിക്കാണും; വൈറലായി രഹാനയുടെ പഴയ പ്രതികരണം
മുംബൈ: യുവതാരം യശസ്വി ജയ്‌സ്വാളിന്റെ മുംബൈ ക്രിക്കറ്റ് ടീമില്‍ നിന്ന് ഗോവയിലേക്കുള്ള കൂടുമാറലിന് പിന്നില്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുമായുള്ള അഭിപ്രായഭിന്നതയാണെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍, 2022ലെ ദുലീപ് ട്രോഫി മത്സരത്തിനിടെ താരത്തെ ഗ്രൗണ്ടില്‍ നിന്ന് പറഞ്ഞുവിടാന്‍ രഹാനെ എടുത്ത തീരുമാനം വീണ്ടും ശ്രദ്ധ നേടുന്നു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
അന്ന് ജയസ്വാളിനെ പുറത്താക്കിയില്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് നാല് കളികളില്‍ നിന്ന് വിലക്ക് ലഭിക്കുകമായിരുന്നു എന്നാണ് റഹാനെ പറഞ്ഞത്. ജയ്‌സ്വാള്‍ എതിര്‍ ടീമംഗങ്ങളെയും അംപയറിനെയും ബഹുമാനിക്കാതെ പെരുമാറിയതാണ് നടപടിക്ക് പിന്നിലെന്നും, താനത് ചെയ്യാതിരുന്നുവെങ്കില്‍ താരത്തിന് 4 മത്സരങ്ങളില്‍ നിന്നുള്ള വിലക്ക് കിട്ടുമായിരുന്നു എന്നുമാണ് രഹാനെയുടെ വാക്കുകള്‍.
'സത്യമാണ്. അവന് എന്നോട് വിഷമം തോന്നിക്കാണും. പക്ഷേ, നമ്മുടെ കളത്തിലെ പെരുമാറ്റം ശരിയായ രീതിയിലായിരിക്കണമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എതിര്‍ ടീമംഗങ്ങളെയും അംപയറിനെയുമെല്ലാം ബഹുമാനിച്ച് അച്ചടക്കത്തോടെ കളിക്കാനാകണം. നമ്മള്‍ മറ്റൊരു താരത്തെ സ്ലെജ് ചെയ്യുന്നത് അനുവദനീയമാണ്. പക്ഷേ, പരിധി വിടാന്‍ പാടില്ല. ആ സംഭവത്തില്‍ ജയ്സ്വാള്‍ അറിയാതെ തന്നെ പരിധിവിട്ടിരുന്നു. അന്ന് ഞാന്‍ ജയ്സ്വാളിനെ ഗ്രൗണ്ടില്‍നിന്ന് നിര്‍ബന്ധപൂര്‍വം പറഞ്ഞയിച്ചിരുന്നില്ലെങ്കില്‍, ജയ്‌സ്വാളിന് അടുത്ത മത്സരത്തില്‍നിന്ന് ഉറപ്പായും വിലക്ക് ലഭിക്കുമായിരുന്നു' രഹാനെയുടെ വാക്കുകള്‍.
''ആ സമയത്തെ തോന്നലിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ജയ്സ്വാളിനെ ഗ്രൗണ്ടിനു പുറത്താക്കിയത്. ജയ്സ്വാളിന് നാലു മത്സരങ്ങളില്‍നിന്ന് വിലക്ക് നല്‍കാനിരിക്കുകയായിരുന്നുവെന്ന് മാച്ച് റഫറി പിന്നീട് കണ്ടപ്പോള്‍ എന്നോടു പറഞ്ഞു. സത്യത്തില്‍ ജയ്സ്വാളിനെ ഞാന്‍ കയറ്റിവിടുമെന്ന് മാച്ച് റഫറി പോലും പ്രതീക്ഷിച്ചില്ല. എന്തായാലും അതുകൊണ്ടു മാത്രം അദ്ദേഹം വിലക്ക് തീരുമാനം വേണ്ടെന്നുവച്ചു. പകരം മാച്ച് ഫീയുടെ 1520 ശതമാനം പിഴചുമത്തി ശിക്ഷ ചുരുക്കി. ജയ്സ്വാള്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കുകയും ചെയ്തു.' രഹാനെ പറഞ്ഞു.
ദുലീപ് ട്രോഫിയിലെ വെസ്റ്റ് സോണ്‍ സൗത്ത് സോണ്‍ മത്സരത്തിനിടെയാണ് സംഭവം നടന്നത്. അന്നത്തെ മത്സരത്തില്‍ ഗ്രൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന ജയ്‌സ്വാള്‍, സൗത്ത് സോണിന്റെ രവി തേജയ്ക്കെതിരെ പരിധിവിട്ട സ്ലെജിംഗില്‍ ഏര്‍പ്പെട്ടതോടെ രഹാനെ ഇടപെട്ട് താരത്തെ പുറത്താക്കുകയായിരുന്നു. മത്സരത്തില്‍ ഇരട്ട സെഞ്ചുറി അടക്കം (265 റണ്‍സ്) തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നെങ്കിലും, അച്ചടക്കലംഘനത്തെ തുടര്‍ന്ന് റഫറിയുടെ നടപടിയിലേക്ക് കാര്യങ്ങള്‍ കടന്നുപോകാതിരിക്കാന്‍ തന്നെയാണ് താന്‍ അവനെ പുറത്താക്കിയതെന്ന് രഹാനെ വ്യക്തമാക്കി.
ഈ സംഭവത്തിന് ശേഷം രഹാനെയും ജയ്‌സ്വാളും തമ്മില്‍ അകലം വര്‍ധിച്ചുവെന്നതും, ഇതാണ് താരത്തെ ഗോവയിലേക്കുള്ള മാറ്റത്തിന് പ്രേരിപ്പിച്ചതെന്നതും കരുതപ്പെടുന്നു. മുംബൈ ടീമിന്റെ അന്തരീക്ഷം സഹകരണപരമല്ലെന്ന പരാതിയോടെയാണ് ജയ്‌സ്വാള്‍ പുതിയ ടീമിലേക്ക് ചേക്കേറിയതെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇവയൊക്കെ വെറും അനുമാനങ്ങളായിരിക്കാം. അതേസമയം, ക്രിക്കറ്റ് ലോകത്ത് അച്ചടക്കവും ടീമിന്റെ ചട്ടക്കൂടുകളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ഈ സംഭവം വീണ്ടും പ്രാധാന്യമേറുകയാണ്.