കിവി ബൗളർമാരെ നിലംപരിശാക്കി ഇന്ത്യൻ വനിതകൾ; പ്രതിക റാവലിന്റെ സ്മൃതി മന്ദാനയുടെയും സെഞ്ചുറി മികവിൽ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോർ; വനിതാ ഏകദിന ലോകകപ്പിലെ നിർണായക മത്സരം മഴ ഭീഷണിയിൽ
നവി മുംബൈ: വനിതാ ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യ-ന്യൂസിലൻഡ് മത്സരം മഴ മൂലം നിർത്തിവെച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, 48 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 329 റൺസെടുത്ത ശേഷമാണ് മഴ കാരണം കളി നിർത്തിവെക്കേണ്ടി വന്നത്. ജമീമ റോഡ്രിഗസ് (51 പന്തിൽ 69), ഹർമൻപ്രീത് കൗർ (10) എന്നിവരാണ് ക്രീസിൽ. നേരത്തെ, പ്രതിക റാവലിന്റെ (122)യും സ്മൃതി മന്ദാനയുടെയും (109) തകർപ്പൻ സെഞ്ചുറികളാണ് ഇന്ത്യക്ക് മികച്ച സ്കോർ നേടാൻ വഴിയൊരുക്കിയത്.
സെമിഫൈനൽ പ്രതീക്ഷ നിലനിർത്താൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമായ മത്സരത്തിൽ, ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ സ്മൃതി മന്ദാനയും പ്രതിക റാവലും ചേർന്ന് ഒന്നാം വിക്കറ്റിൽ 212 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 34-ാം ഓവറിലാണ് ന്യൂസിലൻഡിന് ഈ കൂട്ടുകെട്ട് പൊളിക്കാൻ സാധിച്ചത്. സൂസി ബേറ്റ്സാണ് മന്ദാനയെ പുറത്താക്കിയത്. 95 പന്തുകൾ നേരിട്ട മന്ദാന 10 ഫോറുകളും 4 സിക്സറുകളും പറത്തി. ഇത് താരത്തിന്റെ 14-ാം ഏകദിന സെഞ്ചുറിയായിരുന്നു.
ഈ സെഞ്ചുറിയോടെ, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ നേടുന്ന വനിതാ താരങ്ങളുടെ പട്ടികയിൽ ദക്ഷിണാഫ്രിക്കയുടെ ടസ്മിൻ ബ്രിറ്റ്‌സിനൊപ്പം മന്ദാനയും എത്തി. ഈ വർഷം ഇരുവരും അഞ്ച് സെഞ്ചുറികൾ വീതം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം മന്ദാന നാല് സെഞ്ചുറികൾ നേടിയിരുന്നു. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരങ്ങളിൽ മന്ദാന രണ്ടാമതെത്താനും ഈ നേട്ടത്തിലൂടെ സാധിച്ചു.
തുടർന്ന് ക്രീസിലെത്തിയ ജമീമ റോഡ്രിഗസ് മികച്ച പ്രകടനം കാഴ്ചവെച്ചു. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന താരം തിരിച്ചുവരവിൽ അർദ്ധ സെഞ്ചുറിയോടെ ടീമിന് കരുത്ത് നൽകി. മറുവശത്ത്, പ്രതിക റാവൽ ശ്രദ്ധയോടെ കളിക്കുകയും തൻ്റെ കരിയറിലെ രണ്ടാം ഏകദിന സെഞ്ചുറി നേടുകയുമായിരുന്നു. ഇത് ഏകദിനത്തിലെ താരത്തിന്റെ ആദ്യ സെഞ്ചുറിയാണ്. 43-ാം ഓവറിൽ പ്രതിക മടങ്ങുമ്പോൾ 134 പന്തുകളിൽ നിന്ന് 13 ഫോറുകളും 2 സിക്സറുകളും ഉൾപ്പെടെ 122 റൺസെടുത്തിരുന്നു
ജമീമയ്ക്കൊപ്പം 76 റൺസ് കൂട്ടിച്ചേർക്കാനും പ്രതികക്ക് സാധിച്ചു. ഇതിന് പിന്നാലെ മഴയെത്തിയതോടെ മത്സരം നിർത്തിവെക്കേണ്ടി വന്നു. ഇരു ടീമുകളും ഏക മാറ്റത്തോടെയാണ് കളിക്കുന്നത്. ഇന്ത്യയ്ക്കായി അമൻജോത് കൗറിന് പകരം ജമീമ റോഡ്രിഗസ് തിരിച്ചെത്തി.