അക്ഷയ്‌യുടെ സെഞ്ചുറി പാഴായി; അണ്ടര്‍ 23 ഏകദിന ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് തോല്‍വി; ലാസ്‌റ് ഓവർ ത്രില്ലറിൽ രാജസ്ഥാന് ഏഴ് റണ്‍സ് ജയം; നീലേഷിന് 4 വിക്കറ്റ്

Update: 2025-11-21 15:58 GMT

അഹമ്മദാബാദ്: 23 വയസ്സിൽ താഴെയുള്ളവരുടെ ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൽ രാജസ്ഥാനെതിരായ കേരളത്തിന് തോൽവി. അവസാന ഓവർ വരെ വിജയസാധ്യത നിലനിർത്തിയ മത്സരം ഏഴ് റൺസിനാണ് കേരളത്തിന് നഷ്ടമായത്. രാജസ്ഥാൻ ഉയർത്തിയ 340 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കേരളം 49.5 ഓവറിൽ 333 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ നായകൻ രോഹൻ വിജയുടെ തകർപ്പൻ സെഞ്ച്വറിയുടെ (147 റൺസ്) ബലത്തിലാണ് 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 340 റൺസെന്ന കൂറ്റൻ സ്കോർ നേടിയത്.

136 പന്തുകൾ നേരിട്ട രോഹൻ, 12 ഫോറുകളും 5 സിക്സറുകളും പറത്തി. മിനാഫ് ഷെയ്ഖ് (61), കരൺ ലമ്പ (62) എന്നിവരും മികച്ച പിന്തുണ നൽകി. കേരളത്തിനായി ബൗളിംഗിൽ അഭിറാം മൂന്ന് വിക്കറ്റും പവൻ രാജ് രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ഓപ്പണർമാരായ അക്ഷയും കൃഷ്ണനാരായണും ചേർന്ന് ഉജ്ജ്വല തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 160 റൺസിൻ്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. ആക്രമണോത്സുക ബാറ്റിംഗ് പുറത്തെടുത്ത അക്ഷയ് 107 റൺസ് നേടി ടോപ് സ്കോററായി. കൃഷ്ണനാരായൺ 78 റൺസെടുത്ത് പുറത്തായി.

എന്നാൽ, നിർണായക സമയത്ത് മൂന്ന് വിക്കറ്റുകൾ അതിവേഗം നഷ്ടപ്പെട്ടത് കേരളത്തിന് കനത്ത തിരിച്ചടിയായി. ഈ പ്രതിസന്ധി ഘട്ടത്തിൽ ഷോൺ റോജർ ക്രീസിലുറച്ച് നിന്ന് പോരാടി. 34 പന്തുകളിൽ നിന്ന് 9 ബൗണ്ടറികളടക്കം 58 റൺസ് നേടിയ ഷോൺ, അവസാന ഓവറുകളിൽ വിജയത്തിനായി ഒറ്റയ്ക്ക് പൊരുതുകയായിരുന്നു. അവസാന ഓവറിലെ അഞ്ചാം പന്തിൽ ഷോൺ റോജർ റണ്ണൗട്ടായതോടെ കേരളത്തിൻ്റെ പോരാട്ടം അവസാനിച്ചു. രാജസ്ഥാന് വേണ്ടി നീലേഷ് 4 വിക്കറ്റുകൾ വീഴ്ത്തി. 

Tags:    

Similar News