ആര്‍സിബിയുടെ ക്യാപ്റ്റനാവാന്‍ താല്‍പര്യമില്ലെന്ന് വിരാട് കോലിയില്ല; ഐപിഎല്ലില്‍ ടീമിനെ നയിക്കാന്‍ രജത് പാട്ടീദാര്‍; സൂചന നല്‍കി ക്ലബ്ബിന്റെ ചരിത്രത്തിലെ ക്യാപ്റ്റന്‍മാരെ ഉള്‍പ്പെടുത്തിയുള്ള വീഡിയോ സന്ദേശം
വിരാട് കോലിയല്ല, യുവതാരത്തെ ക്യാപ്റ്റനാക്കി ആര്‍സിബി
ബെംഗലൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗലൂരുവിനെ വീണ്ടും നയിക്കാന്‍ താല്‍പര്യമില്ലെന്ന് വിരാട് കോലി അറിയിച്ചതായി റിപ്പോര്‍ട്ട്. 2021ല്‍ ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ വിരാട് കോലിയെ വീണ്ടും ക്യാപ്റ്റനാക്കാമെന്നായിരുന്നു ആര്‍സിബി മാനേജ്‌മെന്റ് ഇതുവരെ ചിന്തിച്ചിരുന്നത്. എന്നാല്‍ വീണ്ടും നായകനാകാന്‍ താല്‍പര്യമില്ലെന്ന് വിരാട് കോലി വ്യക്തമാക്കിയതോടെ അടുത്ത മാസം ആരംഭിക്കുന്ന ഐപിഎല്ലില്‍ ആര്‍സിബി പുതിയ നായകന്‍ നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആര്‍സിബിയെ യുവതാരം രജത് പാട്ടീദാര്‍ നയിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. അപ്രതീക്ഷിതമായാണ് രജത് പാട്ടീദാറിനെ ക്യാപ്റ്റനായി ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിലെ ക്യാപ്റ്റന്‍മാരെയെല്ലാം ഉള്‍പ്പെടുത്തി പുറത്തിറക്കിയ വിഡിയോ സന്ദേശത്തിലാണ് പുതിയ ക്യാപ്റ്റനെ ടീം മാനേജ്‌മെന്റ് പരിചയപ്പെടുത്തുന്നത്.
മെഗാലേലത്തിനു മുന്‍പ് 11 കോടി രൂപ നല്‍കിയാണ് ആര്‍സിബി പാട്ടീദാറിനെ നിലനിര്‍ത്തിയത്. 2022 ല്‍ ലുവ്‌നിത് സിസോദിയയുടെ പകരക്കാരനായാണ് രജത് പാട്ടീദാര്‍ ആദ്യമായി ആര്‍ബിസിയിലെത്തുന്നത്. 20 ലക്ഷം രൂപയായിരുന്നു അന്ന് താരത്തിനു ലഭിച്ചത്. 2022 ഐപിഎല്ലില്‍ 333 റണ്‍സുമായി റണ്‍വേട്ടയില്‍ ആര്‍സിബി താരങ്ങളില്‍ മൂന്നാം സ്ഥാനത്തെത്താന്‍ പാട്ടീദാറിനു സാധിച്ചു. എലിമിനേറ്ററില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ താരം സെഞ്ചറി നേടിയിരുന്നു.
2023 സീസണ്‍ പരുക്കു കാരണം നഷ്ടമായി. കഴിഞ്ഞ സീസണില്‍ 50 ലക്ഷം രൂപയ്ക്കാണ് പാട്ടീദാര്‍ ആര്‍സിബിയില്‍ കളിച്ചത്. 15 മത്സരങ്ങളില്‍നിന്ന് അഞ്ച് അര്‍ധ സെഞ്ചറികളടക്കം 395 റണ്‍സാണ് പാട്ടീദാര്‍ 2024 ല്‍ അടിച്ചുകൂട്ടിയത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജനിച്ച 31 വയസ്സുകാരന്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ ട്വന്റി20യില്‍ അരങ്ങേറിയിട്ടില്ല. ടെസ്റ്റില്‍ മൂന്നു മത്സരങ്ങളും ഏകദിനത്തില്‍ ഒരു മത്സരവും ഇന്ത്യന്‍ ടീമിനായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലേസിയായിരുന്നു ആര്‍സിബിയുടെ ക്യാപ്റ്റന്‍.
രജത് പാടീദാറിന് പുറമെ സീനിയര്‍ താരം ക്രുനാല്‍ പാണ്ഡ്യയെയും ആര്‍സിബി പരിഗണിച്ചതായാണ് വിവരം. രജത് പാടീദാറും ക്രുനാല്‍ പാണ്ഡ്യയും ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിന്റെയും ബറോഡയുടെയും ക്യാപ്റ്റന്‍മാര്‍ കൂടിയാണ്. ആഭ്യന്തര ട്വന്റി 20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെ ഫൈനലിലെത്തിക്കാനും രജത് പാടീദാറിന് കഴിഞ്ഞിരുന്നു.
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ആര്‍സിബി ക്യാപ്റ്റനാവുമോ എന്ന ചോദ്യത്തിന് ഉത്തരവാദിത്തം ഏല്‍പ്പിച്ചാല്‍ സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് രജത് പാടീദാര്‍ പ്രതികരിച്ചിരുന്നു. ക്രുനാല്‍ പാണ്ഡ്യയെ ഐപിഎല്‍ മെഗാതാര ലേലത്തില്‍ 5.75 കോടി മുടക്കി ആര്‍സിബി സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ വരെ ടീമിനെ നയിച്ച ഫാഫ് ഡൂപ്ലെസിയെ ഇത്തവണ മെഗാ താരലേലത്തിന് മുമ്പ് ആര്‍സിബി ഒഴിവാക്കിയിരുന്നു. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് എന്നിവരിലൊരാളെ ഐപിഎല്‍ മെഗാ താരലേലത്തില്‍ സ്വന്തമാക്കി ക്യാപ്റ്റനാക്കാമെന്ന ആര്‍സിബിയുടെ പദ്ധതികളും നടപ്പായിരുന്നില്ല. ശ്രേയസിനെ പഞ്ചാബും ഋഷഭ് പന്തിനെ ലഖ്‌നൗവും രാഹുലിനെ ഡല്‍ഹിയുമാണ് ലേലത്തില്‍ സ്വന്തമാക്കിയത്.