രഞ്ജി ഫൈനലില്‍ കേരളത്തിന് തകര്‍പ്പന്‍ തുടക്കം; 24 റണ്‍സിനിടെ വിദര്‍ഭക്ക് മൂന്നു വിക്കറ്റുകള്‍ നഷ്ടം; രണ്ട് വിക്കറ്റെടുത്ത് എം ഡി നിധീഷ്; വിദര്‍ഭയെ കരയറ്റാന്‍ കരുണ്‍ നായര്‍ ക്രീസില്‍
രഞ്ജി ഫൈനലില്‍ കേരളത്തിന് തകര്‍പ്പന്‍ തുടക്കം
നാഗ്പുര്‍: രഞ്ജി ട്രോഫിയില്‍ ചരിത്ര ഫൈനല്‍ കളിക്കുന്ന കേരളത്തിന് വിദര്‍ഭക്കെതിരെ മികച്ച തുടക്കം. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി സ്വപ്‌നതുല്യമായ തുടക്കമാണ് മലയാളി പേസ് ബൗളര്‍ എം ഡി നിധീഷ് കേരളത്തിന് സമ്മാനിച്ചത്. 24 റണ്‍സെടുക്കുന്നതിനിടെ വിദര്‍ഭയുടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ വീണു. ഓപ്പണര്‍മാരായ പാര്‍ഥ് രേഖാഡെ (0), ധ്രുവ് ഷോറെ (35 പന്തില്‍ 16), സ്ഥാനക്കയറ്റം കിട്ടി വണ്‍ഡൗണായി എത്തിയ ദര്‍ശന്‍ നല്‍കാണ്ഡെ (21 പന്തില്‍ ഒന്ന്) എന്നിവരാണ് പുറത്തായത്.
രേഖാഡെ, നല്‍കാണ്ഡെ എന്നിവരെ എം.ഡി. നിധീഷും ധ്രുവ് ഷോറെയെ യുവ പേസര്‍ ഏദന്‍ ആപ്പിളുമാണ് പുറത്താക്കിയത്. നിലവില്‍ 28 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിദര്‍ഭ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുത്തിട്ടുണ്ട്. വിദര്‍ഭയുടെ രക്ഷകനായി കരുണ്‍ നായര്‍ ക്രീസിലുണ്ട്. 36 റണ്‍സുമായി ഡാനിഷ് മാലേവാറും 20 റണ്‍സുമായി കരുണ്‍ നായരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. നേരത്തെ ടോസ് നേടിയ കേരള നായകന്‍ സചിന്‍ ബേബി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
നായകന്റെ തീരുമാനം തെറ്റിയില്ല, മത്സരത്തിലെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ത്തന്നെ എം.ഡി. നിധീഷ് വിദര്‍ഭയെ ഞെട്ടിച്ചു. ഓപ്പണര്‍ പാര്‍ഥ് രേഖാഡെ എല്‍.ബി.ഡബ്ല്യുവില്‍ കുരുങ്ങി. എല്‍ബിക്കായുള്ള അപ്പീല്‍ അമ്പയര്‍ നിരസിച്ചെങ്കിലും, ഡി.ആര്‍.എസിലൂടെയാണ് ഔട്ട് വിധിച്ചത്. വണ്‍ഡൗണായി ദര്‍ശന്‍ നല്‍കാണ്ഡെ ക്രീസിലെത്തി. പ്രതിരോധിച്ചു കളിക്കാനായിരുന്നു താരത്തിന്റെ നീക്കം. 20 പന്തുകള്‍ ദര്‍ശന്‍ വിജയകരമായി പ്രതിരോധിച്ചെങ്കിലും 21ാം പന്തില്‍ നിധീഷിനു മുന്നില്‍ വീണു.
21 പന്തില്‍ ഒറ്റ റണ്ണുമായാണ് താരം പുറത്തായത്. എന്‍.പി. ബേസില്‍ ക്യാച്ചെടുത്താണ് പുറത്താക്കിയത്. നിധീഷിന്റെ ആദ്യത്തെ നാലു ഓവറും മെയ്ഡനായിരുന്നു. ഏദന്‍ ആപ്പിള്‍ എറിഞ്ഞ 13ാം ഓവറിലെ അഞ്ചാം പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ ഉജ്വല ക്യാച്ചിലാണ് ധ്രുവ് ഷോറെ പുറത്തായത്. 35 പന്തില്‍ മൂന്നു ഫോറുകളോടെ 16 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. വരുണ്‍ നായനാര്‍ക്കു പകരമാണ് ഏദന്‍ പ്ലെയിങ് ഇലവനിലെത്തിയത്.
നാഗ്പുര്‍ വി.സി.എ സ്റ്റേഡിയത്തിലാണ് മത്സരം. ഒരു മാറ്റവുമായാണ് കേരളം കളിക്കാനിറങ്ങുന്നത്. ബാറ്റര്‍ വരുണ്‍ നായനാരെ ഒഴിവാക്കി യുവ പേസര്‍ ഏദന്‍ ആപ്പിള്‍ ടോമിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. സചിന്റെ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് കേരളത്തിന്റേത്. ബാറ്റിങ്ങിനെ തുണക്കുന്ന വിക്കറ്റാണെങ്കിലും ഈര്‍പ്പവും പച്ചപ്പും ആദ്യ രണ്ടുദിനങ്ങളില്‍ പേസര്‍മാര്‍ക്ക് അനുകൂലമാകാമെന്നതിനാലാണ് ഒരു ബൗളറെ കൂടി കേരളം ടീമിലുള്‍പ്പെടുത്തിയത്. മൂന്നാം ദിനം മുതല്‍ പിച്ച് സ്പിന്നര്‍മാരെയും തുണക്കും.
ആദ്യ സെഷനില്‍ തന്നെ വിദര്‍ഭയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ പേസ് ആക്രമണത്തിലൂടെ പ്രതിരോധത്തിലാക്കാനാണ് കേരളം ലക്ഷ്യമിടുന്നതു. ഏദന്‍ ഉള്‍പ്പെടെ ടീമില്‍ മൂന്നു പേസര്‍മാരാണുള്ളത്. വിദര്‍ഭ ടീമിലും ഒരു മാറ്റമുണ്ട്. അഥര്‍വ ടെയ്‌ഡെക്ക് പകരം അക്ഷയ് കര്‍നെവര്‍ ടീമിലെത്തി. നോക്കൗട്ട് റൗണ്ടില്‍ ജമ്മു-കശ്മീരിനെതിരെ ഒറ്റ റണ്ണിന്റെയും ഗുജറാത്തിനെതിരെ രണ്ടു റണ്‍സിന്റെയും ഇന്നിങ്‌സ് ലീഡ് എന്ന നൂല്‍പ്പാലത്തിലൂടെയാണ് ഫൈനലിലേക്കുള്ള കേരളത്തിന്റെ വരവ്. ബാറ്റിങ്ങില്‍ സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍, ക്യാപ്റ്റന്‍ സചിന്‍ ബേബി എന്നിവരിലാണ് കേരളത്തിന്റെ പ്രതീക്ഷ. അവസരത്തിനൊത്ത് ഉയരാനുള്ള ഓള്‍ റൗണ്ടര്‍ ജലജ് സക്‌സേനയുടെ മികവും തുണയാകും.
സമീപകാലത്ത് തകര്‍പ്പന്‍ ഫോമിലുള്ള വിഭര്‍ഭ, കഴിഞ്ഞ മാസം വിജയ് ഹസാരെ ട്രോഫിയില്‍ ഫൈനലിസ്റ്റുകളായിരുന്നു. രഞ്ജി ട്രോഫിയില്‍ 2017-18 സീസണിലും 2018-19 സീസണിലും കിരീടമുയര്‍ത്തിയ വിദര്‍ഭക്കിത് നാലാം രഞ്ജി ഫൈനലാണ്. 10 വര്‍ഷത്തിനിടെയാണ് ഈ നാലു ഫൈനലുമെന്നത് ടീമിന്റെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന്റെ തെളിവുകൂടിയാണ്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയെ അവരുടെ മണ്ണില്‍ 80 റണ്ണിന് കീഴടക്കി മധുരപ്രതികാരം തീര്‍ത്താണ് തുടര്‍ച്ചയായ രണ്ടാം ഫൈനലിലേക്ക് വിദര്‍ഭയെത്തുന്നത്. കഴിഞ്ഞ തവണ ഫൈനലില്‍ മുംബൈയോടായിരുന്നു വിദര്‍ഭയുടെ തോല്‍വി. മുംബൈക്കെതിരായ ടീമിലെ 17 പേരെയും വിദര്‍ഭ നിലനിര്‍ത്തി.
കേരള നിരയില്‍ സല്‍മാന്‍ നിസാര്‍ എട്ടുകളിയില്‍നിന്ന് 607 റണ്‍സും അസ്ഹറുദ്ദീന്‍ ഒമ്പതു കളിയില്‍നിന്ന് 601 റണ്‍സും നേടിയിട്ടുണ്ട്. രോഹനും സച്ചിനും 400ല്‍ ഏറെ റണ്‍സും നേടി. ബൗളിങ്ങില്‍ എതിരാളികളെ കറക്കിവീഴ്ത്തുകയാണ് കേരളത്തിന്റെ രീതി. ടീമിലെ അതിഥിതാരങ്ങളായ ജലജ് സക്‌സേനയും മുന്‍ വിദര്‍ഭ ടീമംഗം കൂടിയായ ആദിത്യ സര്‍വാതെയുമാണ് സ്പിന്‍നിര നയിക്കുന്നത്. ഇതിനകം ഒമ്പതു കളിയില്‍നിന്ന് സക്‌സേന 38ഉം ആദിത്യ സര്‍വാതെ 30 ഉം വിക്കറ്റ് പിഴുതു. മീഡിയം പേസറായ എം.ഡി നിതീഷിന് ഏഴു കളിയില്‍നിന്നായി 23 വിക്കറ്റിന്റെ സമ്പാദ്യവുമുണ്ട്. ഇതില്‍ 10 വിക്കറ്റും ജമ്മുവിനെതിരായ ക്വാര്‍ട്ടറിലായിരുന്നു.