ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവുമായി വിദര്‍ഭ; രണ്ടു തവണ നോക്കൗട്ടില്‍ വഴിമുടക്കിയതിന്റെ കണക്കുതീര്‍ക്കാന്‍ കേരളം; രഞ്ജി ട്രോഫി ഫൈനലിന് നാളെ നാഗ്പൂരില്‍ തുടക്കം; ആദ്യ കിരീടമെന്ന ചരിത്രനേട്ടത്തിലേക്ക് സച്ചിന്റെയും സംഘത്തിന്റെയും സ്വപ്‌നയാത്ര
ആദ്യ കിരീടമെന്ന ചരിത്രനേട്ടത്തിലേക്ക് സച്ചിന്റെയും സംഘത്തിന്റെയും സ്വപ്‌നയാത്ര
നാഗ്പൂര്‍: കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ആ സ്വപ്‌ന നേട്ടത്തിലേക്ക് സച്ചിന്‍ ബേബിക്കും സംഘത്തിനും ഇനി ഒരു ജയത്തിന്റെ ദൂരം മാത്രം. ചരിത്ര നേട്ടം ലക്ഷ്യമിട്ട് രഞ്ജി ട്രോഫി ഫൈനലില്‍ കേരളം നാളെ വിദര്‍ഭയെ നേരിടാന്‍ ഇറങ്ങും. രാവിലെ 9.30നാണ് കലാശപ്പോരാട്ടത്തിന് തുടക്കമാകുക. ജിയോ ഹോട്സ്റ്റാറില്‍ മത്സരം തത്സമയം കാണാനാകും. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാതെത്തിയ ടീമുകളാണ് വിദര്‍ഭയും കേരളവും. കഴിഞ്ഞ തവണ ഫൈനലില്‍ മുംബൈയോട് കൈവിട്ട കിരീടം തേടിയാണ് വിദര്‍ഭയുടെ വരവെങ്കില്‍ ചരിത്രത്തിലാദ്യമായി ഫൈനലില്‍ പ്രവേശിച്ച കേരളത്തിന് ആദ്യ കിരീടമെന്ന ചരിത്ര നേട്ടമാണ് മുന്നിലുള്ളത്.
രണ്ട് തവണ വഴിമുടക്കിയ വിദര്‍ഭ
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രത്തില്‍ ആദ്യമായി ഫൈനലിലെത്തിയ കേരളത്തിന് ആശങ്കയായുള്ളത് വിദര്‍ഭയുടെ മുന്‍കാല ചരിത്രമാണ്. നേരത്തേ രണ്ടുതവണയും നോക്കൗട്ടില്‍ കേരളത്തിന്റെ വഴിമുടക്കിയത് വിദര്‍ഭയായിരുന്നു.
2019 സെമിയില്‍
2018-19 സീസണില്‍ സെമി ഫൈനലിലെത്തിയ കേരളം വിദര്‍ഭയോട് തോറ്റുമടങ്ങുകയായിരുന്നു. 2019 ജനുവരി 24 മുതല്‍ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലെ മത്സരത്തില്‍ ഇന്നിങ്സിനും 11 റണ്‍സിനുമാണ് തോറ്റത്. ആദ്യ ഇന്നിങ്സില്‍ 28.4 ഓവറില്‍ 106 റണ്‍സിന് പുറത്തായ കേരളം രണ്ടാംഇന്നിങ്സില്‍ കേവലം 24.5 ഓവറില്‍ 91 റണ്‍സിന് പുറത്തായി.
വിദര്‍ഭ ആദ്യ ഇന്നിങ്സില്‍ 208 റണ്‍സെടുത്തു. രണ്ടാംദിനം ഉച്ചയോടെ കളി തീര്‍ന്നു. അന്നത്തെ ഇന്ത്യന്‍ താരം ഉമേഷ് യാദവിന്റെ പേസ് ബൗളിങ്ങിനുമുന്നിലാണ് കേരളം തകര്‍ന്നത്. രണ്ട് ഇന്നിങ്സിലുമായി 12 വിക്കറ്റ് നേടിയ ഉമേഷ് കളിയിലെ താരവുമായി. ഇപ്പോള്‍ കേരളത്തിനുവേണ്ടി കളിക്കുന്ന സ്പിന്‍ ഓള്‍റൗണ്ടര്‍ ആദിത്യ സര്‍വാതെ അന്ന് വിദര്‍ഭ ടീമിലുണ്ടായിരുന്നു.
2018- ക്വാര്‍ട്ടറില്‍
2017-18 സീസണില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയപ്പോള്‍ രഞ്ജിയില്‍ അതുവരെയുള്ള ഏറ്റവും മികച്ച പ്രകടനമായി. സൂറത്തില്‍നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭ കേരളത്തെ 412 റണ്‍സിന് തോല്‍പ്പിച്ചു. വിദര്‍ഭ 246, ഒമ്പതിന് 507 എന്നിങ്ങനെ സ്‌കോര്‍ ചെയ്തപ്പോള്‍ കേരളം 176, 165 എന്നീ സ്‌കോറുകളില്‍ അവസാനിച്ചു.
രണ്ടുതവണയും ഫായിസ് ഫൈസലായിരുന്നു വിദര്‍ഭയുടെ ക്യാപ്റ്റന്‍. അന്ന് കേരളത്തിന്റെ ക്യാപ്റ്റനായിരുന്ന സച്ചിന്‍ ബേബിതന്നെയാണ് എട്ടുവര്‍ഷത്തിനുശേഷം ഫൈനലിലെത്തുമ്പോഴും ടീമിനെ നയിക്കുന്നത്.
ക്വാര്‍ട്ടറിലും സെമിയിലും കേരളത്തെ തോല്‍പ്പിച്ച് മുന്നേറിയ വിദര്‍ഭ രണ്ടുതവണയും കിരീടം നേടി. ചന്ദ്രകാന്ത് പണ്ഡിറ്റായിരുന്നു അക്കാലത്ത് വിദര്‍ഭയുടെ കോച്ച്. ഇക്കുറി സെമിയില്‍ കരുത്തരായ മുംബൈയെ തോല്‍പ്പിച്ചാണ് വിദര്‍ഭ കിരീട പോരാട്ടത്തിനെത്തുന്നത്.
പോരാട്ടം വിദര്‍ഭയുടെ ഹോം ഗ്രൗണ്ടില്‍
നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവുമായി ഇറങ്ങുന്ന വിദര്‍ഭ കേരളത്തിന് കടുത്ത എതിരാളികളാണ്. എന്നാല്‍ വൈവിധ്യമേറിയ സാഹചര്യങ്ങളില്‍ കളിച്ചുള്ള പരിചയം കേരളത്തിന് മുതല്‍ക്കൂട്ടാകുമെന്നും വിലയിരുത്തലുണ്ട്. ഫൈനലില്‍ കേരളം കഴിഞ്ഞ മല്‍സരങ്ങളില്‍ കളിച്ച ടീമില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ വരുത്താനിടയില്ല.
പിച്ചിലെ സാഹചര്യങ്ങള്‍ അനുസരിച്ച് ഏതാനും മാറ്റങ്ങള്‍ക്ക് മാത്രമാണ് സാധ്യത. സല്‍മാന്‍ നിസാറും, മുഹമ്മദ് അസറുദ്ദീനും, ജലജ് സക്‌സേനയുമടക്കമുള്ള മധ്യനിരയും വാലറ്റവും മികച്ച ഫോമിലാണ്. മുന്‍നിര കൂടി ഫോമിലേക്ക് ഉയര്‍ന്നാല്‍ കേരളത്തിന്റെ ബാറ്റിങ് കരുത്ത് കൂടും. കഴിഞ്ഞ മത്സരത്തിലൂടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ബൗളിങ്ങില്‍ എം ഡി നിധീഷും ജലജ് സക്‌സേനയും ആദിത്യ സര്‍വാതെയുമാണ് കേരളത്തിന്റെ കരുത്ത്. സീസണില്‍ ഇത് വരെ കാഴ്ച വച്ച ആത്മവിശ്വാസത്തോടെ കളിക്കാനായാല്‍ ആദ്യ കിരീടം അസാധ്യമല്ല.
കേരളത്തിന്റെ എതിരാളി ആ മലയാളി താരം
മറുവശത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും സ്ഥിരത പുലര്‍ത്തുന്ന ടീമുകളിലൊന്നാണ് വിദര്‍ഭ. 2018ലും 19ലും കപ്പുയര്‍ത്തിയ വിദര്‍ഭ കഴിഞ്ഞ വര്‍ഷം റണ്ണേഴ്‌സ് അപ്പുമായി. യാഷ് റാഥോഡ്, ഹര്‍ഷ് ദുബെ, ക്യാപ്റ്റന്‍ അക്ഷയ് വാഡ്കര്‍, അഥര്‍വ്വ ടൈഡെ, മലയാളി താരം കരുണ്‍ നായര്‍, തുടങ്ങിയ പ്രതിഭകളുടെ നിണ്ട നിര തന്നെയുണ്ട് വിദര്‍ഭ ടീമില്‍. ഇതില്‍ യാഷ് റാഥോഡ്, ഹര്‍ഷ് ദുബെ എന്നിവരുടെ പ്രകടനമാണ് ഫൈനലിലും വിദര്‍ഭയെ സംബന്ധിച്ച് നിര്‍ണ്ണായകമാവുക.
ഈ സീസണിലെ റണ്‍വേട്ടയില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് അഞ്ച് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും അടക്കം 58.31 ശരാശരിയില്‍ 933 റണ്‍സുമായി മൂന്നാം സ്ഥാനത്താണ് യാഷ് റാത്തോഡ്. സെമിയില്‍ മുംബൈക്കെതിരെ ആദ്യ ഇന്നിംഗ്‌സില്‍ 54ഉം രണ്ടാം ഇന്നിംഗ്‌സില്‍ 151 റണ്‍സടിച്ച് 24കാരനായ റാത്തോഡ് തിളങ്ങിയിരുന്നു.
ഈ സീസണിലെ വിക്കറ്റ് വേട്ടയില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 16.42 ശരാശിയില്‍ 66 വിക്കറ്റെടുത്ത ഇടം കൈയന്‍ സ്പിന്നര്‍ ഹര്‍ഷ് ദുബെയെ നേരിടുക എന്നതായിരിക്കും കേരളം നേരിടാന്‍ പോകുന്ന മറ്റൊരു വെല്ലുവിളി. ഈ സീസണില്‍ മാത്രം ഏഴ് തവണ അഞ്ച് വിക്കറ്റെടുത്ത ഹര്‍ഷ് ദുബെ 70 മെയ്ഡന്‍ ഓവറുകളുമെറിഞ്ഞു.
കേരളത്തിന്റെ പോരാട്ടം നയിക്കാന്‍ വിദര്‍ഭ താരം
ഇരു ടീമുകളും നേര്‍ക്കുനേരെത്തുമ്പോള്‍ കൗതുകകരമായ മറ്റ് ചില പ്രത്യേകതകള്‍ കൂടിയുണ്ട്. സീസണില്‍ ഇത് വരെ മൂന്ന് സെഞ്ച്വറികളടക്കം 642 റണ്‍സുമായി വിദര്‍ഭ ബാറ്റിങ്ങിന്റെ കരുത്തായ കരുണ്‍ നായര്‍ മലയാളിയാണ്. മറുവശത്ത് വിര്‍ഭയുടെ ഇതിനു മുന്‍പുള്ള രണ്ട് കിരീട നേട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന ആദിത്യ സര്‍വാതെ കേരള നിരയിലുമുണ്ട്. നാഗ്പൂര്‍ സ്റ്റേഡിയത്തിലെ സാഹചര്യങ്ങള്‍ സ്വന്തം കൈവെള്ളയിലെന്ന പോലെ അറിയുന്ന സര്‍വാതെയുടെ സാന്നിധ്യം കേരളത്തിന് മുതല്‍ക്കൂട്ടാണ്.