ഇന്നലെ വരെ കിടിലന്‍ സ്ട്രോക്ക് പ്ലേ കാഴ്ചവയ്ക്കുന്ന ഇടങ്കയ്യന്‍ ഓപ്പണര്‍; ഈ യുവതാരത്തെ എട്ടാമനായി ഇറക്കിയ കോച്ച് അമയ് ഖുറേസിയയുടെ തീരുമാനം പാളിയോ? വാലറ്റത്ത് ചെറുത്തു നിന്ന് ആ മിടുക്കന്‍ അടിച്ചെടുത്തത് 178 പന്തില്‍ 86 റണ്‍സ്; വെല്‍ഡണ്‍ അഹമ്മദ് ഇമ്രാന്‍; പഞ്ചാബിനെതിരെയും കേരളത്തിന് ആദ്യ ഇന്നിംഗ് ലീഡ് ഇല്ല; രഞ്ജി ട്രോഫിയില്‍ ഇനി എല്ലാ മത്സരവും കേരളത്തിന് നിര്‍ണ്ണായകം
ചണ്ഡിഗഡ്: രഞ്ജി ട്രോഫിയിലെ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ കേരളത്തിന് പുതിയ സീസണില്‍ തുടര്‍ച്ചയായ രണ്ടാം നിരാശ. തിരുവനന്തപുരത്തെ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയ കേരളത്തിന് പഞ്ചാബിനെതിരേയും നിരാശ. ആദ്യ ഇന്നിംഗ്‌സില്‍ കേരളത്തിന് പഞ്ചാബിനെതിരേയും ലീഡ് നേടാനായില്ല. ഇതോടെ ഈ മത്സരവും കേരളത്തിന് നിരാശയുടെ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. രഞ്ജി ട്രോഫിയില്‍ ഇനിയുള്ള എല്ലാ മത്സരത്തിലും മികവ് കാട്ടിയാല്‍ മാത്രമേ കേരളത്തിന് മുന്നേറാന്‍ കഴിയൂ. രണ്ടു പോയിന്റാണ് രണ്ടു കളികളില്‍ കേരളത്തിന്റെ സമ്പാദ്യം. ഇനി അഞ്ചു മത്സരം ബാക്കിയുണ്ട്.
രണ്ടാം മത്സരത്തില്‍ പഞ്ചാബ് 436 റണ്‍സാണ് ആദ്യ ഇന്നിംഗ്‌സില്‍ നേടിയത്. കേരളത്തിന്റെ മറുപടി 371ല്‍ ഒതുങ്ങി. 198 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റ് പോയ കേരളത്തിന് പ്രതീക്ഷയായി അഹമ്മദ് ഇമ്രാന്റെ ബാറ്റിംഗ് മികവ് മാറിയിരുന്നു. മുന്‍ നിര ബാറ്റ്‌സ്മാനായ അഹമ്മദ് ഇമ്രാന്‍ ഈ കളിയില്‍ എട്ടാം നമ്പറിലാണ് ബാറ്റിംഗിന് എത്തിയത്. 178 പന്തില്‍ 86 റണ്‍സെടുത്തു. സല്‍മാന്‍ നിസാര്‍ പരുക്ക് കാരണം കളിക്കാത്ത സാഹചര്യത്തിലാണ് അഹമ്മദ് ഇമ്രാന്‍ ടീമിലെത്തിയത്. അങ്കിത് ശര്‍മ്മ 62ഉം ബാബ അപരാജിത് 51ഉം റണ്‍സെടുത്തു. രോഹന്‍ കുന്നുമ്മല്‍ 43ഉം സച്ചിന്‍ ബേബി 36 റണ്‍സിനും പുറത്തായി. ഷോണ്‍ റോജര്‍ 27 റണ്‍സെടുത്തു. മുന്‍നിരയില്‍ കളിക്കുന്ന റോജര്‍ ഒന്‍പതമാനമായാണ് ക്രീസിലെത്തിയത്. നന്നായി ബാറ്റ് ചെയ്യുന്ന അക്ഷയ് ചന്ദ്രന്‍ പത്താമനായി എത്തി. അങ്ങനെ ബാറ്റിംഗ് ഓര്‍ഡറില്‍ അടിമുടി പരീക്ഷണമാണ് കേരളം നടത്തിയത്. മികച്ച സ്‌കോര്‍ കണ്ടെത്തിയവര്‍ ആരും അതിനെ സെഞ്ച്വറിയിലേക്ക് കൊണ്ടു പോയില്ല. ഇതാണ് കേരളത്തിന് തിരിച്ചടിയായത്. മധ്യനിരയില്‍ സല്‍മാന്‍ നിസാറിന്റെ കീഴടങ്ങാത്ത പോരാട്ട വീര്യം കാട്ടാന്‍ ആരും ഉണ്ടായതുമില്ല. അപ്പോഴും അഹമ്മദ് ഇമ്രാന്റെ പ്രകടനം കേരളാ ക്രിക്കറ്റിന് പ്രതീക്ഷയാണ്.
ഇടങ്കയ്യന്‍ ഓപണിങ് ബാറ്റ്സ്മാനായാണ് ഇമ്രാന്‍ അറിയപ്പെടുന്നത്. ഈ സ്ഥാനത്ത് കിടിലന്‍ സ്ട്രോക്ക് പ്ലേ കാഴ്ചവയ്ക്കുന്ന ഇമ്രാനാണ് പഞ്ചാബിനെതിരെ എട്ടാം നമ്പറില്‍ ഇറങ്ങി വമ്പന്‍ ചെറുത്ത് നില്‍പ്പ് നടത്തിയത്. പരിശീലകന്‍ അമേയ് ഖുറേസിയയുടെ ഈ തന്ത്രം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. ഷോണ്‍ റോജറും മുന്‍നിര ബാറ്ററാണ്. റോജറിനേയും ഇമ്രാനേയും തുടക്കത്തില്‍ ഇറക്കിയിരുന്നുവെങ്കില്‍ അത് കേരളത്തിന് കൂടുതല്‍ കരുത്താകുമെന്ന വിലയിരുത്തലുണ്ട്. ബാറ്റിംഗ് ഓര്‍ഡറിലെ മാറ്റങ്ങള്‍ വലിയ ചര്‍ച്ചയായി മാറാനും ഇടയുണ്ട്.
ആദ്യ കെസിഎലില്‍ എമര്‍ജിങ് പ്ലെയറായിരുന്ന തൃശ്ശൂര്‍ ടൈറ്റന്‍സിന്റെ കൗമാരതാരം അഹമ്മദ് ഇമ്രാന്‍, വെടിക്കെട്ട് പ്രകടനത്തിലൂടെ കഴിഞ്ഞ ടൂര്‍ണമെന്റിലെ ആദ്യസെഞ്ചുറിയും തന്റെപേരില്‍ കുറിച്ചിരുന്നു. ആലപ്പി റിപ്പിള്‍സിനെതിരേ ആദ്യമത്സരത്തില്‍ 44 പന്തില്‍ 66 റണ്‍സ് നേടിയ ഇമ്രാന്‍ അടുത്തമത്സരത്തില്‍ കാലിക്കറ്റിനെതിരേ വെറും 55 പന്തിലാണ് 100 തികച്ചത്. ഇതോടെ ഇമ്രാന്‍ കേരളത്തിന്റെ താരമായി മാറി. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ ഇമ്രാന്റെ പിതാവ് സുഹ്‌റാജി പോലീസ് സേനയിലായിരുന്നു. അദ്ദേഹമാണ് ഏഴാം വയസ്സില്‍ ഇമ്രാനെ പേരൂര്‍ക്കട പോലീസ് ഗ്രൗണ്ടില്‍ പരിശീലനത്തിനുചേര്‍ത്തത്. മുന്‍താരം അജയ് പ്രസാദായിരുന്നു പരിശീലകന്‍. 12-ാം വയസ്സില്‍ അണ്ടര്‍ 14 കേരള ടീമിലെത്തി. അണ്ടര്‍ 16 കേരള ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തെങ്കിലും കോവിഡ് കാലമായതിനാല്‍ മത്സരങ്ങള്‍ക്കിറങ്ങാനായില്ല.
16-ാം വയസ്സില്‍ അണ്ടര്‍ 19 കേരള ടീമിനായി കുച്ച് ബിഹാര്‍ ട്രോഫിയില്‍ അരങ്ങേറി. മൂന്നുതവണയായി ഈ ടൂര്‍ണമെന്റില്‍ അഞ്ചുസെഞ്ചുറിയും എട്ട് അര്‍ധസെഞ്ചുറിയുമുള്‍പ്പെടെ 1490 റണ്‍സും 42 വിക്കറ്റും നേടി. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനവും നേടിയിട്ടുണ്ട്. ബിജു ജോര്‍ജിന്റെ കീഴില്‍ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലും പരീശിലനം തേടുന്നുണ്ട്. 18-ാം വയസ്സില്‍ അണ്ടര്‍ 23 കേരള ടീമിനായി സി.കെ. നായിഡു ട്രോഫിയില്‍ കളിച്ച ഇമ്രാന്‍ ഒരു സെഞ്ചുറിയുള്‍പ്പെടെ 380 റണ്‍സും നാലുവിക്കറ്റും സ്വന്തമാക്കി. കഴിഞ്ഞവര്‍ഷം രഞ്ജി ട്രോഫി സെമിഫൈനലില്‍ ഗുജറാത്തിനെതിരേയായിരുന്നു അരങ്ങേറ്റം. ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരേ ആദ്യ ഇന്നിങ്‌സില്‍ 38 റണ്‍സും നേടി. ഭാവികേരളത്തിന് പ്രതീക്ഷയര്‍പ്പിക്കാവുന്ന ഓള്‍റൗണ്ടറാണ് താനെന്ന് പഞ്ചാബ് എന്ന മുന്‍നിര ടീമിനെതിരായ പ്രകടനത്തിലൂടെ തെളിയിക്കുകയാണ് ഇടംകൈയന്‍ ബാറ്ററും വലംകൈയന്‍ ഓഫ് സ്പിന്നറുമായ ഇമ്രാന്‍.
ടീമിന്റെ വിജയത്തില്‍ നിര്‍ണായക ഘടകമാണ് ഓള്‍റൗണ്ടര്‍മാര്‍. മികച്ചബാറ്റിങ് ഓള്‍റൗണ്ടറായി മാറുകയെന്നതാണ് ലക്ഷ്യം. ഇന്ത്യക്കായി കളിക്കണമെന്നതാണ് ആഗ്രഹമെന്നും പറയുന്ന താരമാണ് ഇമ്രാന്‍. ബെന്‍ സ്റ്റോക്‌സ് ആണ് ഏറ്റവും പ്രിയപ്പെട്ട താരം. പ്രയാസമുള്ള സാഹചര്യങ്ങളില്‍ ടീമിനെ ജയിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അദ്ഭുതപ്പെടുത്തും. ഇന്ത്യന്‍ താരങ്ങളില്‍ രവീന്ദ്ര ജഡേജയെയാണ് ഇമ്രാന് ഇഷ്ടം. പ്രകടനങ്ങളില്‍ സ്ഥിരതപുലര്‍ത്തുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മികച്ച പ്രകടനം തുടര്‍ച്ചയായി ഉണ്ടാകേണ്ടത് ഇനി ഈ താരത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യതയുമാണ്.
