രഞ്ജിയില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് ഏഴ് റണ്‍സ് ലീഡ്; രണ്ടാം ഇന്നിംഗ്‌സില്‍ മധ്യപ്രദേശിന് മികച്ച തുടക്കം; മത്സരം സമനിലയില്‍ ആയാലും കേരളത്തിന് നേട്ടം
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് ഏഴ് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ആദ്യ ഇന്നിംഗ്‌സില്‍ മധ്യപ്രദേശിനെ 160 റണ്‍സില്‍ ഓള്‍ ഔട്ടാക്കാന്‍ കേരളത്തിന് സാധിച്ചിരുന്നു. മറുപടി ബാറ്റിങ്ങില്‍ ആദ്യ ഇന്നിംഗ്‌സില്‍ കേരളം 167 റണ്‍സില്‍ എല്ലാവരും പുറത്തായി.
എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ നന്നായി തുടങ്ങിയ മധ്യപ്രദേശ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയിലാണ്. അവരുടെ രണ്ടാം ഇന്നിങ്‌സ് പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിന്റെ വിജയലക്ഷ്യം എത്രയെന്ന് അറിയാന്‍ സാധിക്കും. ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയതിനാല്‍ പോയിന്റ് നേടാന്‍ കേരളത്തിന് സാധിക്കും. മത്സരം സമനിലയില്‍ ആയാലും അത് കേരളത്തിന് നേട്ടമാണ്.
രണ്ടാം ദിവസം രാവിലെ വിക്കറ്റ് നഷ്ടമില്ലാതെ 54 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന് ആദ്യ ഓവറില്‍ തന്നെ രോഹന്‍ കുന്നുമ്മലിനെ നഷ്ടമായി. തൊട്ടടുത്ത ഓവറുകളില്‍ മൂന്ന് വിക്കറ്റുകള്‍ കൂടി വീണതോടെ നാലിന് 62 റണ്‍സെന്ന നിലയിലായി കേരളം. രോഹന്‍ കുന്നുമ്മല്‍ 25 റണ്‍സും അക്ഷയ് ചന്ദ്രന്‍ 22 റണ്‍സുമെടുത്ത് പുറത്തായി.
രണ്ടാം ദിവസം മത്സരം നിര്‍ത്തുമ്പോള്‍ മധ്യപ്രദേശിനായി ശുഭം ശര്‍മ്മ 46 റണ്‍സെടുത്തും രജത് പട്ടീദാര്‍ 50 റണ്‍സെടുത്തും ക്രീസിലുണ്ട്. ഇരുവരും ചേര്‍ന്ന് പിരിയാത്ത മൂന്നാം വിക്കറ്റില്‍ 82 റണ്‍സാണ് ഇതുവരെ കൂട്ടിച്ചേര്‍ത്തത്.