വിഖ്യാത അംപയര്‍ ഡിക്കി ബേഡ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയ ഫൈനൽ നിയന്ത്രിച്ച അംപയര്‍; 23 വർഷത്തെ കരിയറിൽ നിയന്ത്രിച്ചത് 130ലധികം അന്താരാഷ്ട്ര മത്സരങ്ങൾ
ലണ്ടൻ: ക്രിക്കറ്റ് അംപയറിങ്ങ് രംഗത്തെ ഇതിഹാസമായ ഡിക്കി ബേഡ് 92-ാം വയസ്സിൽ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ് യോര്‍ക്ഷെയറാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. കളിക്കാർക്കിടയിലെ തെറ്റായ പ്രവണതകളെ നിയന്ത്രിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയമായിരുന്നു. മോശം കാലാവസ്ഥയിൽ കളി നിർത്തിവെക്കുന്നതിലും എൽബിഡബ്ല്യു (ലെഗ് ബിഫോർ വിക്കറ്റ്) തീരുമാനങ്ങളിൽ സൂക്ഷ്മത പുലർത്തുന്നതിലും ബേർഡ് ശ്രദ്ധേയനായിരുന്നു.
വീഡിയോ റഫറിയോ മൂന്നാം അമ്പയറോ ഇല്ലാതിരുന്ന കാലഘട്ടത്തിൽ, ബേർഡിന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടാതെ അംഗീകരിക്കപ്പെട്ടു. 1983-ൽ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയ ടൂർണമെന്റ് ഉൾപ്പെടെ മൂന്ന് ഏകദിന ലോകകപ്പുകളിൽ ഡിക്കി ബേഡ് അംപയറായിരുന്നു. 23 വർഷം നീണ്ട അംപയറിങ് കരിയറിൽ അദ്ദേഹം 66 ടെസ്റ്റ് മത്സരങ്ങളും 69 ഏകദിന മത്സരങ്ങളും നിയന്ത്രിച്ചു.1996-ൽ ബേഡ് അംപയറായ അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ഇതിഹാസങ്ങളായ സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡും അരങ്ങേറ്റം കുറിച്ചു എന്നത് ശ്രദ്ധേയമാണ്.
കളിക്കാർ ഗാർഡ് ഓഫ് ഓണർ നൽകിയാണ് അദ്ദേഹത്തെ ആദരിച്ചത്. 1956-ൽ യോർക്ഷെയർ ക്ലബ്ബിന്റെ ബാറ്ററായി ക്രിക്കറ്റ് കരിയർ ആരംഭിച്ച ഡിക്കി ബേഡ് 1964-ലാണ് കളിക്കളത്തിൽ നിന്ന് വിരമിക്കുന്നത്. ക്ലബ്ബിനായി 93 മത്സരങ്ങളിൽ നിന്ന് 3314 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. 1973-ൽ അംപയറിങ് രംഗത്തേക്ക് കടന്നുവന്ന ബേഡ്, തന്റെ കൃത്യതയാർന്ന തീരുമാനങ്ങൾ കൊണ്ടും കളിക്കാരോടുള്ള സ്നേഹവായ്പുകൊണ്ടും ക്രിക്കറ്റ് ലോകത്ത് സവിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ചു.
മെംബർ ഓഫ് ദ ബ്രിട്ടീഷ് എംപയർ, ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ തുടങ്ങിയ ബഹുമതികൾക്ക് അദ്ദേഹം അർഹനായിരുന്നു. അംപയറിങ്ങിൽ നിന്ന് വിരമിച്ച ശേഷം ക്വിസ് മാസ്റ്ററായും ടെലിവിഷൻ ചാറ്റ് ഷോകളിലും അദ്ദേഹം സജീവമായിരുന്നു. ഗാരി സോബേഴ്സ്, സുനിൽ ഗാവസ്‌കർ, വിവ് റിച്ചാർഡ്സ്, ഡെന്നീസ് ലില്ലി എന്നിവരെയാണ് ബേർഡ് മികച്ചവരായി കളിക്കാരായി വിലയിരുത്തിയത്.