റിക്കി പോണ്ടിംഗ് പഞ്ചാബ് കിങ്‌സിന്റെ പുതിയ പരിശീലകനാകും; എത്തുന്നത് നാല് വർഷ കരാറിൽ

Update: 2024-09-18 11:35 GMT

ചണ്ഡീഗ‍ഡ്: ഐപിഎല്ലില്‍ വരാനിരിക്കുന്ന സീസണിൽ പഞ്ചാബ് കിംഗ്സിന്‍റെ പരിശീലകനായി റിക്കി പോണ്ടിംഗിനെ നിയമിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് പോണ്ടിങ്ങിനെ തേടി പുതിയ ചുമതലയെത്തിയത്. ഏഴു വർഷമായി ഡൽഹിയുടെ മുഖ്യ പരിശീലകനായിരുന്നു റിക്കി പോണ്ടിംഗ്. നാല് വര്‍ഷത്തേക്കുള്ള കരാറാണ് പോണ്ടിംഗ് പഞ്ചാബുമായി ഒപ്പുവെച്ചത്. ടീമിന്‍റെ മറ്റ് പരിശീലകരുടെ കാര്യത്തിലും പോണ്ടിംഗ് തന്നെയായിരിക്കും തീരുമാനമെടുക്കുക. കഴിഞ്ഞ സീസണില്‍ പഞ്ചാബിന്‍റെ പരിശീലകനായിരുന്ന ട്രെവര്‍ ബെയ്‌ലിസിന് പകരമാണ് പോണ്ടിംഗ് പരിശീലകനായി ചുമതലയേല്ക്കുന്നത്. കഴിഞ്ഞ സീസണിന്റെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ കോച്ചിനെ നിയമിക്കാൻ ടീം ഉടമസ്ഥർ നിർബന്ധിതരായത്.

തുടർച്ചയായി സീസണുകളിൽ മോശം പ്രകടനമാണ് പഞ്ചാബ് നടത്തുന്നത്. ഇത് തന്നെയാണ് ടീമിലെ അഴിച്ചു പണിക്ക് ഉടമസ്ഥർ മുതിരുന്നതിനുള്ള കാരണവും. ഇതോടെ പരിശീലക സ്ഥാനത്തേക്കുള്ള പരീക്ഷണങ്ങളും തുടരുകയാണ്. കഴിഞ്ഞ നാലു സീസണുകളില്‍ പഞ്ചാബിന്‍റെ പരിശീലകനാകുന്ന മൂന്നാമത്തെ കോച്ചാണ് പോണ്ടിംഗ്. കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ട്രെവര്‍ ബെയ്‌ലിസിനാണ് പോണ്ടിംഗ് എത്തുമ്പോൾ വഴിമാറി കൊടുക്കൽകേണ്ടി വരുന്നത്. 2014 ൽ റണ്ണേഴ്സ് അപ്പായതാതാണ് പഞ്ചാബിന് പറയാനായുള്ള ഏക നേട്ടം. അതിനു ശേഷം പ്ലേ ഓഫില്‍ പോലും എത്താന്‍ അവർക്കായിട്ടില്ല.

അടുത്ത സീസണ് മുന്നോടിയായി നടക്കുന്ന മെഗാ താരലേലലത്തിന് മുമ്പ് ആരെയൊക്കെ ടീമില്‍ നിലനിര്‍ത്തണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന ലക്ഷ്യത്തോടെയാവും പോണ്ടിംഗ് എത്തുന്നത്.

മറ്റു ടീമുകൾ റിലീസ് ചെയ്യുന്ന കളിക്കാരിൽ നിന്നും ടീമിനനുയോജ്യമായ ഒരു സ്‌ക്വാഡ് നിർമിക്കുക എന്നതാവും പോണ്ടിങ്ങിനു മുന്നിലുള്ള ആദ്യ വെല്ലുവിളി. കഴിഞ്ഞ സീസണിൽ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ ഹര്‍ഷല്‍ പട്ടേല്‍, ശശാങ്ക് സിംഗ്, അശുതോഷ് ശര്‍മ, അര്‍ഷ്ദീപ് സിംഗ്, ജിതേഷ് ശര്‍മ, വിദേശ താരങ്ങളായ സാം കറന്‍, ലിയാം ലിവിംഗ്സ്‌റ്റണ്‍, ജോണി ബെയര്‍സ്റ്റോ, കാഗിസോ റബാദ എന്നിവരില്‍ ആരൊയെക്കെ പഞ്ചാബ് നിലനിര്‍ത്തുമെന്നത് വരും ദിവസങ്ങളിൽ അറിയാനാകും.

2008 മുതല്‍ കളിക്കാരനായി ഐപിഎല്ലിന്‍റെ ഭാഗമായ പോണ്ടിംഗ് 2014ല്‍ മുംബൈയുടെ മെന്‍ററായും 2015, 2016 സീസണുകളില്‍ മുഖ്യ പരിശലകനായും പ്രവര്‍ത്തിച്ചിരുന്നു. 2018 ലായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനായ പോണ്ടിംഗ് എത്തിയത്. പോണ്ടിംഗിൻ്റെ കീഴിൽ ഡൽഹി ക്യാപിറ്റൽസ് 2020-ൽ അവരുടെ കന്നി ഐപിഎൽ ഫൈനലിലെത്തി, ടീമിനെ മൂന്ന് സീസണുകളില്‍ പ്ലേ ഓഫിലെത്തിച്ചെങ്കിലും കീരീടം സമ്മാനിക്കാനായില്ല. കഴിഞ്ഞ മൂന്ന് സീസണുകളിലും ആദ്യ നാലിൽ ഇടംപിടിക്കാൻ ഡൽഹിക്ക് കഴിഞ്ഞില്ല.

Tags:    

Similar News