പരിശീലകനായി ചുമതലയേറ്റ് ആദ്യ ആറു മാസം വെറും കാഴ്ചക്കാരന്‍; അന്ന് ഇന്ത്യന്‍ ഡ്രസിങ് റൂം രോഹിതിന്റെ കയ്യില്‍; ന്യൂസീലന്‍ഡിനും ഓസ്‌ട്രേലിയയ്ക്കും എതിരായ പരമ്പരയിലെ തിരിച്ചടി മുതലാക്കി തിരിച്ചുവരവ്; ഇംഗ്ലണ്ട് പര്യടനം ഗില്‍ അതിജീവിച്ചതോടെ ശക്തനായി ഗംഭീര്‍; രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും പുറത്താക്കിയത് പൂര്‍ണമായും വരുതിയിലാക്കാന്‍; ലോകകപ്പിന് മുമ്പെ രോഹിതിനെയും കോലിയെയും 'പടിയിറക്കാന്‍' അണിയറയില്‍ നീക്കം

ലോകകപ്പിന് മുമ്പെ രോഹിതിനെയും കോലിയെയും 'പടിയിറക്കാന്‍' അണിയറയില്‍ നീക്കം

Update: 2025-10-06 10:32 GMT

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മ എന്ന നായകന്റെ യുഗം അവസാനിപ്പിച്ച ബിസിസിഐയുടെ ഇടപെടല്‍ ആരാധകര്‍ക്ക് ഇടയില്‍ കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ കിരീടം, അതും മാസങ്ങളുടെ ഇടവേളയില്‍ ട്വന്റി 20 ലോകകപ്പും, ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് നേടിത്തന്ന് ഏഴ് മാസത്തിനുള്ളിലാണ് നായക സ്ഥാനത്തുനിന്നും രോഹിത് പടിയിറങ്ങിയത്. 2027 ഏകദിന ലോകകപ്പ് കളിച്ച് വിരമിക്കണമെന്ന ആഗ്രഹം രോഹിതും മുന്‍ നായകന്‍ വിരാട് കോലിയും പ്രകടിപ്പിച്ചിട്ടും ഇരുവരോടും നീതി പുലര്‍ത്തിയില്ലെന്ന ആക്ഷേപമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ഒരു നാള്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. പക്ഷേ ഇത്രയും വേഗം നടപ്പിലാകുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

ടെസ്റ്റിനു പിന്നാലെ ഏകദിനത്തിലും രോഹിത്തിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുത്തന്‍ പോസ്റ്റര്‍ ബോയ്, ശുഭ്മാന്‍ ഗില്‍ ചുമതലയേറ്റെടുക്കും. ഇന്ത്യയ്ക്ക് ചാംപ്യന്‍സ് ട്രോഫി നേടിത്തന്ന് ഏഴു മാസത്തിനു ശേഷമാണ് നായകസ്ഥാനത്തുനിന്നു രോഹിത്തിന്റെ പടിയിറക്കം. അതും ട്രോഫി നേടിയതിനു ശേഷമുള്ള ആദ്യ പരമ്പരയില്‍ തന്നെ. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള ടീമിനെ വാര്‍ത്തെടുക്കുന്നതിനാണ് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ 'കടുത്ത' തീരുമാനം.

മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍, ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ എന്നിവരുമായി കൂടിയാലോചിച്ചാണ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. ഇന്ത്യ വെസ്റ്റിന്‍ഡീസ് ആദ്യ ടെസ്റ്റ് നടന്ന അഹമ്മദാബാദിലായിരുന്നു സെലക്ഷന്‍ കമ്മിറ്റി യോഗം. നായകസ്ഥാനത്തുനിന്നു നീക്കുന്ന വിവരം രോഹിത് ശര്‍മയെ മുന്‍കൂട്ടി അറിയിച്ചിരുന്നതായി അജിത് അഗാര്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ രോഹിത് ശര്‍മയും വിരാട് കോലിയും 2027 ലോകകപ്പ് ടീമിലുണ്ടാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം മൗനം പാലിക്കുകയായിരുന്നു.

അതേ സമയം ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് രോഹിത് ശര്‍മയെ മാറ്റി, ശുഭ്മന്‍ ഗില്ലിനെ ചുമതലയേല്‍പിച്ചത് നിലവിലെ ടീം സാഹചര്യങ്ങള്‍ മാറാതിരിക്കാനെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. രോഹിത് ശര്‍മ ഇനി കുറച്ചുകാലം കൂടി മാത്രമാണു കളിക്കുകയെന്നതിനാല്‍ ടീമില്‍ രോഹിത് ശര്‍മയുടെ തത്വങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ വേണ്ടെന്നാണ് മാനേജ്‌മെന്റിന്റെ താല്‍പര്യം. ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്നു താരം വിരമിച്ചതിനാല്‍, ഏകദിന ടീമില്‍ മാത്രമായി രോഹിതിന്റെ രീതികള്‍ തുടരേണ്ടതില്ലെന്നാണു നിലപാടെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ടെസ്റ്റ് ടീം ക്യാപ്റ്റനായ ഗില്‍ ട്വന്റി20യില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്. സൂര്യകുമാര്‍ യാദവ് ട്വന്റി20 ക്യാപ്റ്റന്‍സി ഒഴിയുമ്പോള്‍ ഈ ചുമതലയും സ്വാഭാവികമായും ഗില്ലിലേക്കു വന്നുചേരും. മൂന്നു ഫോര്‍മാറ്റിലും ഒരു ക്യാപ്റ്റന്‍ എന്ന രീതിയോടാണ് പരിശീലകന്‍ ഗൗതം ഗംഭീറിനും താല്‍പര്യം. ''രോഹിത് ക്യാപ്റ്റനായി തുടരുമ്പോള്‍ ഡ്രസിങ് റൂമിലെ രീതികള്‍ അദ്ദേഹമാണു തീരുമാനിക്കുക. എന്നാല്‍ അദ്ദേഹം ഏകദിന ഫോര്‍മാറ്റില്‍ മാത്രം തുടരുന്ന സാഹചര്യത്തില്‍ അതു ടീമിനെ മോശമായി ബാധിക്കുമോയെന്നാണ് ആശങ്ക''.

''ചുമതലയേറ്റ് ആദ്യ ആറു മാസങ്ങള്‍ ഏകദിന, ടെസ്റ്റ് ടീമുകളുടെ നിയന്ത്രണത്തില്‍ ബാക്ക് സീറ്റിലായിരുന്നു ഗംഭീറിനു സ്ഥാനം. ടീമിനുമേല്‍ പൂര്‍ണമായ നിയന്ത്രണം ഗംഭീറിനു ലഭിച്ചിരുന്നില്ല. ന്യൂസീലന്‍ഡിനും ഓസ്‌ട്രേലിയയ്ക്കും എതിരായ പരമ്പരയിലെ തിരിച്ചടിക്കു ശേഷം ഗംഭീര്‍ ടീമിന്റെ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞു. രോഹിത് ശര്‍മയും വിരാട് കോലിയും 2027 ലെ ഏകദിന ലോകകപ്പ് വരെ മികച്ച ഫോമില്‍ തന്നെ കളിക്കാന്‍ ബുദ്ധിമുട്ടുമെന്നാണ് പരിശീലകന്‍ ഗംഭീറും സിലക്ടര്‍ അജിത് അഗാര്‍ക്കറും വിലയിരുത്തുന്നത്. കോലിയോ, രോഹിതോ ഫോം ഔട്ടായാല്‍ അതു നേതൃനിരയെ കൂടി ബാധിക്കാതിരിക്കാനാണ് ഇങ്ങനെയൊരു തീരുമാനം.'' ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചാംപ്യന്‍സ് ട്രോഫി വിജയത്തിനു ശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കാനിറങ്ങുന്ന മത്സരമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര. ഈ പരമ്പരയ്ക്കു ശേഷം രണ്ടു താരങ്ങളും ഏകദിന ഫോര്‍മാറ്റില്‍നിന്നും വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

Similar News