ഐസിസി പുറത്തിറക്കിയ ഏറ്റവും പുതിയ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ നിന്നും അപ്രത്യക്ഷരായി രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും; ആരാധകര്‍ ആശങ്കയില്‍; സാങ്കേതിക പിഴവെന്ന് റിപ്പോര്‍ട്ട്; പ്രതികരിക്കാതെ ഐസിസി

Update: 2025-08-20 12:28 GMT

ഐസിസി പുറത്തിറക്കിയ ഏറ്റവും പുതിയ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ നിന്ന് ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും പേരുകള്‍ അപ്രത്യക്ഷമായി. ബുധനാഴ്ച പുറത്തിറങ്ങിയ പട്ടികയിലാണ് ഇരുവരുടെയും പേര് കാണാതായത്. ഓഗസ്റ്റ് 13-ന് പുറത്തുവിട്ട റാങ്കിങ്ങില്‍ രോഹിത് രണ്ടാം സ്ഥാനത്തും കോലി നാലാം സ്ഥാനത്തുമായിരുന്നു. എന്നാല്‍ പുതുക്കിയ പട്ടികയില്‍ ഇരുവരുടെയും പേര് ആദ്യ നൂറിനുള്ളിലും ഉള്‍പ്പെട്ടിട്ടില്ല. വര്‍ഷങ്ങളായി റാങ്കിങ്ങില്‍ മുന്നിലെ സ്ഥാനങ്ങളില്‍ തുടരുന്ന താരങ്ങളായതിനാല്‍ സംഭവം ആരാധകരെ ഞെട്ടിച്ചു.

ടി20 ഫോര്‍മാറ്റില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിച്ച രണ്ട് പേരും ഏകദിനഫോര്‍മാറ്റില്‍ ഇപ്പോഴും ഉണ്ട്. രോഹിതാണ് നിലവിലെ ക്യാപ്റ്റനും. ഇന്ന് പുലര്‍ച്ചെയാണ് ഇക്കാര്യം ആരാധകരുടെ ശ്രദ്ധയില്‍ പെടുന്നത്. റാങ്കിങ്ങില്‍ നിന്നുള്ള അപ്രത്യക്ഷത സാങ്കേതിക പിഴവിന്റെ പേരിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. പിഴവ് ഇപ്പോള്‍ പരിഹരിച്ചുവെങ്കിലും ഐസിസിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.

ഓഗസ്റ്റ് 13-ന് പുറത്തിറങ്ങിയ ഏകദിന റാങ്കിങ്ങില്‍ 756 പോയന്റുമായി രോഹിത് രണ്ടാം സ്ഥാനത്തും 736 പോയന്റുമായി കോലി നാലാം സ്ഥാനത്തുമായിരുന്നു. ഈ റാങ്കിങ് പുറത്തിറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഇപ്പോഴത്തെ ഈ സംഭവവികാസം. ഫെബ്രുവരിയില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഇരുവരും അവസാനം ഏകദിന മത്സരത്തില്‍ കളിച്ചത്. ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്ത ശേഷം ടീമിനൊപ്പം മടങ്ങിയ ഇരുവരുടെയും പേരുകള്‍ ഇല്ലാതായതോടെ വിരമിക്കല്‍ അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ ശക്തമായി ഉയര്‍ന്നു.

Tags:    

Similar News