ഭക്ഷണ നിയന്ത്രണത്തിലൂടെ കുറച്ചത് 20 കിലോ; ക്യാപ്റ്റൻസി നഷ്ടമായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി രോഹിത് ശർമ്മയുടെ രൂപമാറ്റം; വൈറലായി ചിത്രങ്ങൾ

Update: 2025-10-13 07:58 GMT

മുംബൈ: ശരീരഭാരം 20 കിലോ കുറച്ച രോഹിത് ശർമ്മയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. അടുത്തിടെ മുംബൈയിൽ നടന്ന സിയറ്റ് അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് രോഹിത്തിന്റെ കാര്യമായ രൂപമാറ്റം ഏവരുടെയും ശ്രദ്ധയിൽപ്പെട്ടത്. മുൻപ് 95 കിലോയോളം ഉണ്ടായിരുന്ന അദ്ദേഹമിപ്പോൾ 75 കിലോയിലേക്ക് ഭാരം കുറച്ചിരിക്കുകയാണ്. ഭക്ഷണക്രമത്തിലെ കർശന നിയന്ത്രണത്തിലൂടെയാണ് ഈ മാറ്റം സാധ്യമാക്കിയത്.

2027-ലെ ലോകകപ്പ് ലക്ഷ്യമിട്ടുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് രോഹിത് ശർമ്മ ഫിറ്റ്നസ് മെച്ചപ്പെടുത്താൻ തീരുമാനിച്ചത്. എണ്ണയിൽ വറുത്ത വിഭവങ്ങൾ, ബട്ടർ ചിക്കൻ, ചിക്കൻ ബിരിയാണി തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കി. പകരം, കുതിർത്ത ബദാം, മുളപ്പിച്ച പച്ചക്കറികൾ ചേർത്ത സാലഡ്, പഴങ്ങൾ ചേർത്ത ഓട്‌സ്, തൈര്, വെജിറ്റബിൾ കറി, പരിപ്പ്, പനീർ, പാൽ, സ്മൂത്തികൾ എന്നിവ ഉൾപ്പെടുത്തിയുള്ള ഭക്ഷണക്രമമാണ് അദ്ദേഹം പിന്തുടരുന്നത്. കൃത്യമായ വ്യായാമവും ഇതിന് കരുത്ത് പകരുന്നു.

ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും, ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മ ഇടം നേടിയിട്ടുണ്ട്. ഈ പരമ്പരയിൽ ശുഭ്മൻ ഗില്ലിന്റെ കീഴിൽ കളിക്കേണ്ടി വരുമെങ്കിലും, താരത്തിന്റെ ഫിറ്റ്നസ് നേട്ടം ആരാധകർക്കിടയിൽ വലിയ പ്രതീക്ഷ നൽകുന്നു. ഏകദിന ക്യാപ്റ്റൻസിയിൽ 56 മത്സരങ്ങളിൽ 42 വിജയങ്ങൾ നേടിയ രോഹിത്, 2023 ഏകദിന ലോകകപ്പിൽ ഇന്ത്യയെ ഫൈനലിൽ എത്തിച്ചിരുന്നു.

കൂടാതെ, കഴിഞ്ഞ ടി20 ലോകകപ്പിലും ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയിലും ടീമിനെ വിജയത്തിലേക്ക് നയിച്ചതിൽ അദ്ദേഹത്തിന് പങ്കുണ്ട്. 38 വയസ്സുള്ള രോഹിത് ഏകദിനത്തിൽ 273 മത്സരങ്ങളിൽ നിന്ന് 11168 റൺസും, ടെസ്റ്റിൽ 67 മത്സരങ്ങളിൽ നിന്ന് 4301 റൺസും, ടി20യിൽ 159 മത്സരങ്ങളിൽ നിന്ന് 4231 റൺസും നേടിയിട്ടുണ്ട്.

Tags:    

Similar News