നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി യശസ്വി ജയ്‌സ്വാല്‍; രാജസ്ഥാന്‍ റോയല്‍സിനെതിരെ ബംഗളൂരുവിന് ജയിക്കാന്‍ 174 റണ്‍സ്
നിരാശപ്പെടുത്തി സഞ്ജു സാംസണ്‍
ജയ്പുര്‍: ഐപിഎല്ലില്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ വലിയ സ്‌കോര്‍ ഉയര്‍ത്താനാകാതെ രാജസ്ഥാന്‍ റോയല്‍സ്. ടോസ് നേടി ആര്‍സിബി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ആര്‍സിബിക്ക് വിജയ ലക്ഷ്യം 174 റണ്‍സ്.
ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ അര്‍ധ സെഞ്ച്വറി ബലത്തിലാണ് പൊരുതാവുന്ന സ്‌കോര്‍ രാജസ്ഥാന്‍ സ്വന്തമാക്കിയത്. താരം 47 പന്തില്‍ 10 ഫോറും 2 സിക്സും സഹിതം 75 റണ്‍സെടുത്തു. 22 പന്തില്‍ 30 റണ്‍സെടുത്ത റിയാന്‍ പരാഗ്, 23 പന്തില്‍ 35 റണ്‍സെടുത്തു പുറത്താകാതെ നിന്ന ധ്രുവ് ജുറേല്‍ എന്നിവരും റോയല്‍സിനായി തിളങ്ങി. ജുറേല്‍ രണ്ട് വീതം സിക്സും ഫോറും തൂക്കി.
ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിങില്‍ പരാജയപ്പെട്ടു. താരം 15 റണ്‍സുമായി മടങ്ങി. 19 പന്തുകളില്‍ നിന്നാണ് രാജസ്ഥാന്‍ നായകന്‍ ഇത്രയും റണ്‍സെടുത്തത്. ചെറു സ്‌കോറുകളില്‍ സഞ്ജു പുറത്താകുന്നത് തുടര്‍ച്ചഥയാകുകയാണ്. അവസാന നിമിഷങ്ങളില്‍ അടിച്ചുകളി പ്രതീക്ഷിച്ചെങ്കില്‍ അതും നടക്കാത്ത അവസ്ഥയുണ്ടായി. ഷിമ്രോണ്‍ ഹെറ്റ്മെയര്‍ക്കും തിളങ്ങാനായില്ല. താരം 9 റണ്‍സുമായി പുറത്തായി.
പവര്‍പ്ലേയില്‍ കാര്യമായ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ രാജസ്ഥാനു സാധിച്ചില്ല. തുടക്കം മുതല്‍ അവര്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. ഈ മെല്ലെപ്പോക്ക് മികച്ച സ്‌കോറിലേക്കു നിങ്ങുന്നതില്‍ തടസമായി.
ആര്‍സിബിക്കായി ഭുവനേശ്വര്‍ കുമാര്‍, യഷ് ദയാല്‍, ജോഷ് ഹെയ്സല്‍വുഡ്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.