'ഒരു ലൈവ് ഗെയിമില്‍ എങ്ങനെ ഇതിന് ഔട്ട് കൊടുക്കാനാവും'; 'ലജ്ഞ തോന്നുന്നു, തികച്ചും ദയനീയമാണ്': രഞ്ജി ട്രോഫിയില്‍ വിവാദ പുറത്താക്കലില്‍ രോഷം പ്രകടിപ്പിച്ച് ഋതുരാജ് ഗെയ്ക്വാദ്- വിഡിയോ

Update: 2024-11-08 11:05 GMT

മുംബൈ: രഞ്ജി ട്രോഫിയിലെ വിവാദ പുറത്താക്കലില്‍ അതൃപ്തി പരസ്യമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്ക്വാദ്. നിലവില്‍ ഇന്ത്യ എ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനവുമായി ബന്ധപ്പെട്ട് താരം ഓസ്ട്രേലിയയില്‍ ആണ്. അതിനിടെ രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയും സര്‍വീസസും തമ്മില്‍ നടന്നുവരുന്ന മത്സരത്തില്‍ മഹാരാഷ്ട്ര ക്യാപ്റ്റന്‍ അങ്കിത് ബാവ്നെയുടെ വിവാദ പുറത്താക്കലിലാണ് ഋതുരാജ് ഗെയ്ക്വാദ് വിമര്‍ശനവുമായി വന്നത്. രഞ്ജിയില്‍ മഹാരാഷ്ട്ര താരമാണ് ഋതുരാജ് ഗെയ്ക്വാദ്.

സര്‍വീസസിനെതിരായ മത്സരത്തിനിടെ ബാവ്നെയുടെ ബാറ്റില്‍ തട്ടി എഡ്ജ് എടുത്ത പന്ത് രണ്ടാം സ്ലിപ്പില്‍ ഫീല്‍ഡര്‍ പിടികൂടിയതാണ് വിവാദത്തിന് കാരണമായത്. റീപ്ലേയില്‍ ഫീല്‍ഡറുടെ മുമ്പില്‍ പന്ത് ബൗണ്‍സ് ചെയ്യുകയും പിന്നീട് അവന്റെ കൈകളിലേക്ക് പോകുകയും ചെയ്യുന്നത് വ്യക്തമാണ്. എന്നിട്ടും, ബാവ്നെയ്ക്ക് നേരെ ഔട്ട് വിളിച്ചതാണ് ഋതുരാജ് ഗെയ്ക്വാദിനെ ചൊടിപ്പിച്ചത്. ഇതില്‍ പ്രകോപിതനായ ഗെയ്ക്വാദ് സംഭവത്തിന്റെ ഒരു സ്ലോ-മോഷന്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. 'ഒരു ലൈവ് ഗെയിമില്‍ എങ്ങനെ ഇതിന് ഔട്ട് കൊടുക്കാനാവും' എന്ന ചോദ്യം ഉന്നയിച്ച് കൊണ്ടായിരുന്നു താരം വിഡിയോ പങ്കുവെച്ചത്.



ഫീല്‍ഡറുടെ കൈകളിലേക്ക് പോകുന്നതിന് മുമ്പ് പന്ത് ബൗണ്‍സ് ചെയ്തതായി സ്ലോ മോഷന്‍ വീഡിയോ സ്ഥിരീകരിച്ചു. അത്തരമൊരു ക്യാച്ചിനായി ഫീല്‍ഡര്‍ അപ്പീല്‍ ചെയ്യുന്നത് കണ്ട് അമ്പരന്നു പോയതായും താരം കുറിച്ചു. 'ലജ്ഞ തോന്നുന്നു, തികച്ചും ദയനീയമാണ്'- താരം പോസ്റ്റില്‍ കുറിച്ചു. ബാവ്നെ 103 പന്തില്‍ 73 റണ്‍സ് അടിച്ചുനില്‍ക്കുമ്പോഴാണ് വിവാദ പുറത്താക്കല്‍ ഉണ്ടായത്.

Tags:    

Similar News