'ഇന്ത്യ ചെയ്യുന്നത് വെറും അസംബന്ധം; ഇത് ഇന്ത്യയെപ്പോലൊരു രാജ്യത്തിന് ചേര്‍ന്നതല്ല'; ഹസ്തദാന വിവാദത്തില്‍ സൂര്യകുമാറിനെയും സംഘത്തെയും തള്ളി സഞ്ജയ് മഞ്ജരേക്കര്‍

'ഇന്ത്യ ചെയ്യുന്നത് വെറും അസംബന്ധം; ഇത് ഇന്ത്യയെപ്പോലൊരു രാജ്യത്തിന് ചേര്‍ന്നതല്ല'

Update: 2026-02-15 11:40 GMT

മുംബൈ: കൊളംബോയില്‍ നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ടി20 ലോകകപ്പ് പോരാട്ടത്തിന് തൊട്ടുമുമ്പ് ഹസ്തദാന വിവാദം മുറുകുകയാണ്. പാക് താരങ്ങള്‍ക്ക് കൈകൊടുക്കില്ലെന്ന നിലപാടാണ് ഇന്ത്യന്‍ ടീം സ്വീകരിക്കുന്നത്. എന്നാല്‍, ഈ നിലപാടില്‍ വിമര്‍ശനം കടുക്കുകയാണ്. വിഷയത്തില്‍ ഇന്ത്യന്‍ ടീമിനെതിരെ ആഞ്ഞടിച്ച് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ രംഗത്തുവന്നു.. പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കേണ്ടതില്ലെന്ന ഇന്ത്യന്‍ ടീമിന്റെ നിലപാട് 'അസംബന്ധ'മാണെന്നും ഇത് ഇന്ത്യയെപ്പോലൊരു രാജ്യത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ഹസ്തദാനം നല്‍കില്ലെന്ന ഈ നിലപാട് ഇന്ത്യ തുടങ്ങിവെച്ച വളരെ മോശമായ ഒരുകാര്യമാണ്. നമ്മുടേത് പോലുള്ള ഒരു രാജ്യത്തിന് ഇത് ഒട്ടും യോജിച്ചതല്ല. ഒന്നുകില്‍ കായികമത്സരത്തിന്റെ എല്ലാ മര്യാദകളും പാലിച്ച് കളിക്കുക, അല്ലെങ്കില്‍ കളിക്കാതിരിക്കുക എന്നായിരുന്നു മഞ്ജരേക്കറുടെ പോസ്റ്റ്. മത്സരത്തിന് മുന്നോടിയായി ടോസ് വേളയില്‍ ക്യാപ്റ്റന്‍മാര്‍ തമ്മില്‍ കൈകൊടുക്കുന്ന പതിവ് രീതി സൂര്യകുമാര്‍ യാദവ് ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടുകളോടാണ് മഞ്ജരേക്കര്‍ പ്രതികരിച്ചത്.

കഴിഞ്ഞ വര്‍ഷം നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂറി'ന്റെയും പശ്ചാത്തലത്തില്‍ 2025 ഏഷ്യാ കപ്പ് മുതലാണ് ഇന്ത്യന്‍ ടീം പാകിസ്ഥാനുമായി ഹസ്തദാനം ഒഴിവാക്കിയത്. ദേശീയ വികാരവും സൈനികരോടുള്ള ഐക്യദാര്‍ഢ്യവും മുന്‍നിര്‍ത്തിയായിരുന്നു ഈ തീരുമാനം. സീനിയര്‍ ടീമിന് പുറമെ എ ടീമും വനിതാ ടീമും ഇതേ പാത പിന്തുടര്‍ന്നിരുന്നു.

ലോകകപ്പ് മത്സരത്തിന് മുമ്പ് ശനിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഹസ്തദാനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, 24 മണിക്കൂര്‍ കാത്തിരിക്കൂ, എല്ലാം അപ്പോള്‍ കാണാം എന്നായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ മറുപടി. അതേസമയം, കളി കായിക മര്യാദയോടെ കളിക്കണമെന്നും ഇന്ത്യ കൈനീട്ടിയാല്‍ താന്‍ ഹസ്തദാനം നല്‍കാന്‍ തയ്യാറാണെന്നും പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ വ്യക്തമാക്കിയിരുന്നു.

മഞ്ജരേക്കറുടെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഒരു വിഭാഗം ആരാധകര്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ പിന്തുണച്ച് മഞ്ജരേക്കറോട് യോജിക്കുമ്പോള്‍, ഭൂരിഭാഗം ഇന്ത്യന്‍ ആരാധകരും ദേശീയ വികാരം ഉയര്‍ത്തിപ്പിടിക്കുന്ന ടീമിന്റെ നിലപാടിനെയാണ് പിന്തുണയ്ക്കുന്ന നിലപാടും സ്വീകരിക്കുന്നു.

Tags:    

Similar News