'പത്ത് വര്‍ഷം മുമ്പ് നമ്മള്‍ ഒരുമിച്ച് വിശ്വസിച്ചിരുന്ന ആ സ്വപ്നം; ഇനി ഒരു പടി അകലെ; ഇത് നമ്മുടേതാണ്, കിരീടമുയര്‍ത്തൂ...''; കേരളത്തിന്റെ രഞ്ജി ഫൈനല്‍ പ്രവേശനത്തെ അഭിനന്ദിച്ച് സഞ്ജു; പ്രചോദനം ആത്മവിശ്വാസമായെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍
കേരളത്തിന്റെ രഞ്ജി ഫൈനല്‍ പ്രവേശനത്തെ അഭിനന്ദിച്ച് സഞ്ജു
അഹമ്മദാബാദ്: 74 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലില്‍ പ്രവേശിച്ചത് ആഘോഷമാക്കുകയാണ് കേരളാ ക്രിക്കറ്റ് ടീമും ആരാധകരും. മുന്‍ ചാംപ്യന്‍മാരായ ഗുജറാത്തിനെ സെമി ഫൈനലില്‍ വീഴ്ത്തിയാണ് സച്ചിന്‍ ബേബി നയിച്ച കേരളാ ടീം കപ്പിന് കൈയെത്തുംദൂരത്തു എത്തിയിരിക്കുകയാണ്. ഗുജറാത്തുമായുള്ള പേരാട്ടം സമനിലയില്‍ പിരിഞ്ഞെങ്കിലും ഒന്നാമിന്നിങ്സിലെ രണ്ടു റണ്‍സിന്റെ നേരിയ ലീഡ് കേരളത്തിന് ഫൈനല്‍ ടിക്കറ്റ് സമ്മാനിക്കുകയായിരുന്നു. മുംബൈയെ തോല്‍പ്പിച്ച വിദര്‍ഭയാണ് 26ന് തുടങ്ങുന്ന ഫൈനലില്‍ കേരളത്തിന്റെ എതിരാളി.
അതേ സമയം കേരളത്തിന്റെ ഫൈനല്‍ പ്രവേശനത്തെ അഭിനന്ദിച്ച് നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. അതേ സമയം പരിക്കു കാരണം സെമി ഫൈനലും ഫൈനലുമെല്ലാം നഷ്ടമായെങ്കിലും മനസുകൊണ്ട് ടീമിനൊപ്പമുണ്ടായിരുന്ന നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ പ്രശംസകള്‍ കൊണ്ട് മൂടുകയാണ് തന്റെ സഹതാരങ്ങളെ.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സഞ്ജു പറഞ്ഞതിങ്ങനെ... ''കേരളത്തിന്റെ രഞ്ജി ട്രോഫി ഫൈനല്‍ പ്രവേശനത്തില്‍ ഏറെ സന്തോഷവാനാണ്. 10 വര്‍ഷം മുമ്പ് നമ്മള്‍ ഒരുമിച്ച് വിശ്വസിച്ചിരുന്ന ആ സ്വപ്നം, ഇനി ഒരു പടി അകലെ. ഇത് നമ്മുടേതാണ്, കിരീടമുയര്‍ത്തൂ...'' സഞ്ജു കുറിച്ചിട്ടു. കേരളാ ക്രിക്കറ്റ് എന്നാണ് ഫൈനല്‍ യോഗ്യതയ്ക്കു ശേഷമുള്ള കേരളാ ടീമിന്റെ ആഹ്ലാദപ്രകടനത്തിന്റെ ഫോട്ടോയ്ക്കൊപ്പമാണ് സഞ്ജുവിന്റെ കുറിപ്പ്.
ഇംഗ്ലണ്ടുമായുളള അഞ്ച് മല്‍സരങ്ങളുടെ ട്വ്ന്റി 20 പരമ്പരയിലെ അവസാന കളിക്കിടെയാണ് സഞ്ജുവിനു പരിക്കേറ്റത്. ജോഫ്ര ആര്‍ച്ചര്‍ക്കെതിരേ ബാറ്റ് ചെയ്യവെ അദ്ദേഹത്തിന്റെ കൈവിരലിനു പൊട്ടലേറ്റത്. തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായ താരം വിശ്രമത്തിലാണ്. അടുത്ത മാസമാരംഭിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചാവും സഞ്ജു കളിക്കളത്തിലേക്കു മടങ്ങിയെത്തുക.
സഞ്ജുവിനെ പുകഴ്ത്തി അസ്ഹറുദ്ദീന്‍
കേരളത്തിന്റെ രഞ്ജി ഫൈനല്‍ പ്രവേശനത്തിന്റെ ആഹ്ലാദം പങ്കിടുകയാണ് കേരള ടീം അംഗങ്ങള്‍. ഈ നേട്ടത്തില്‍ സഞ്ജുവിന് നിര്‍ണായക പങ്കുണ്ടെന്നു ചൂണ്ടിക്കാണിച്ചിരുക്കുകയാണ് സെമിയിലെ ഹീറോ മുഹമ്മദ് അസ്ഹറുദ്ദീന്‍. സെമിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഞ്ജുവിന്റെ പ്രചോദനം ഗുജറാത്തുമായുള്ള സെമി ഫൈനലില്‍ കേരളാ ടിമിന്റെ ഭാഗമായിരുന്നില്ലെങ്കിലും സഞ്ജു സാംസണിന്റെ പ്രചോദനം തങ്ങള്‍ക്കു ആത്മവിശ്വാസം നല്‍കിയതായാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍ പറയുന്നത്. ഈയൊരു നിമിഷത്തില്‍ ഞാന്‍ സഞ്ജു സാംസണിനു നന്ദി പറയാന്‍ ആഗ്രഹിക്കുകയാണ്. പരിക്കു കാരണം അദ്ദേഹത്തിനു ഞങ്ങളോടൊപ്പം ചേരാന്‍ കഴിഞ്ഞില്ല. സഞ്ജു ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗം തന്നെയാണ്. കഴിഞ്ഞ ദിവസം ടീമിന്റെ മനോവീര്യം അല്‍പ്പം കുറഞ്ഞപ്പോള്‍ അദ്ദേഹം പ്രോല്‍സാഹിപ്പിച്ചു കൊണ്ടിരുന്നതായും അസ്ഹര്‍ വെളിപ്പെടുത്തി.
അതേസമയം, അസ്ഹറിന്റെ ഗംഭീര ഇന്നിങ്സാണ് ഗുജറാത്തിനെതിരേ കേരളത്തെ വലിയ സ്‌കോറിലെത്താന്‍ സഹായിച്ചത്. ഒന്നാമിന്നിങ്സില്‍ കേരളം 457 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഇതില്‍ 177 റണ്‍സും അസ്ഹറിന്റെ ബാറ്റില്‍ നിന്നായിരുന്നു. ആറാമായി ക്രീസിലെത്തിയ അദ്ദേഹം 341 ബോളില്‍ 20 ഫോറും ഒരു സിക്സറുമടിച്ചു. കേരളത്തിന്റെ ഒന്നാമിന്നിങ്സ് ടോട്ടലിലേക്കു ബാറ്റ് വീശിയ ഗുജറാത്ത് അഞ്ചാംദിനം രാവിലെ 455 റണ്‍സിനു ഓള്‍ഔട്ടായി.
രണ്ടു റണ്‍സിന്റെ നേരിയ ലീഡുമായി വീണ്ടും ബാറ്റിങിനു ഇറങ്ങിയ കേരളം രണ്ടാമിന്നിങ്സില്‍ നാലു വിക്കറ്റിനു 114 റണ്‍സെടുത്തു നില്‍ക്കെ കളി സമനിലയില്‍ കലാശിക്കുകയായിരുന്നു. എന്നാല്‍ ഒന്നാമിന്നിങ്സിലെ രണ്ടു റണ്‍സ് ലീഡ് കേരളത്തെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിക്കുകയും ചെയ്തു. 26 മുതല്‍ നടക്കാനിരിക്കുന്ന കലാശപ്പോരില്‍ വിദര്‍ഭയാണ് കേരളാ ടീമിന്റെ എതിരാളികള്‍. നാഗ്പൂരില്‍ നടന്ന മറ്റൊരു സെമിയില്‍ അജിങ്ക്യ രഹാനെ നയിച്ച മുംബൈയെ 80 റണ്‍സിനു തകര്‍ത്താണ് വിദര്‍ഭ ഫൈനലില്‍ കടന്നിരിക്കുന്നത്.
നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഫൈനലുറപ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 30 റണ്‍സടിച്ച് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. പന്ത്രണ്ടാം ഓവറില്‍ അക്ഷയ് ചന്ദ്രനെ(9) വീഴ്ത്തിയ സിദ്ധാര്‍ത്ഥ് ദേശായിയാണ് കേരളത്തിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. പിന്നാലെ വരുണ്‍ നായനാരെ (1) മനന്‍ ഹിംഗ്രാജിയ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കേരളം ഞെട്ടി.
എന്നാല്‍ ജലജ് സക്സേനയും രോഹനും ചേര്‍ന്ന് കേരളത്തെ 50 കടത്തി. 69 പന്തില്‍ 32 റണ്‍സെടുത്ത രോഹനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ സിദ്ധാര്‍ത്ഥ് ദേശായി കേരളത്തിന് വീണ്ടും പ്രഹരമേല്‍പ്പിച്ചു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കും ക്രീസില്‍ അധികം ആയുസുണ്ടായില്ല. 19 പന്തില്‍ 10 റണ്‍സെടുത്ത സച്ചിന്‍ ബേബിയെ ഹിംഗ്രാജിയ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കേരളം 81-4 എന്ന സ്‌കോറില്‍ പതറി. പിന്നീട് സക്സേനയും (37*), അരങ്ങേറ്റക്കാരന്‍ അഹമ്മദ് ഇമ്രാനും (14*) രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിനായി വിക്കറ്റ് പോവാതെ കാത്തതോടെ ഗുജറാത്ത് സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.