'ഹീറോ മാത്രമല്ല, ലാലേട്ടനെ പോലെ, എനിക്ക് ജോക്കറും വില്ലനുമെല്ലാം ആകണം..! തനിക്ക് ഏത് റോളും ചേരും; വെറും സഞ്ജുവല്ല, സഞ്ജു മോഹന്‍ലാല്‍ സാംസണ്‍'; സഞ്ജയ് മഞ്ജരേക്കര്‍ക്ക് സഞ്ജു നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍

'ഹീറോ മാത്രമല്ല, ലാലേട്ടനെ പോലെ, എനിക്ക് ജോക്കറും വില്ലനുമെല്ലാം ആകണം..!

Update: 2025-09-25 05:09 GMT

ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ താരം സഞ്ജു സാംസണുമായി സഞ്ജയ് മഞ്ജരേക്കര്‍ നടത്തിയ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നടന്‍ മോഹന്‍ലാലുമായി താരതമ്യം ചെയ്ത് നടത്തിയ സംഭാഷണമാണ് വൈറലായത്. കഴിഞ്ഞ 12മാസത്തോളം ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ ഓപണര്‍ സ്ഥാനത്ത് മികച്ച പ്രകടനം നടത്തിയിട്ടും അഞ്ചാമതും ആറാമതുമായി കളിപ്പിക്കുന്നത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു, മോഹന്‍ലാലിന്റെ കരിയര്‍ ചൂണ്ടിക്കാട്ടി തനിക്ക് ഏത് റോളും ചേരുമെന്ന് മറുപടി പറഞ്ഞത്.

സഞ്ജയ് മഞ്ജരേക്കറിന്റെ ചോദ്യമിങ്ങനെയാണ്:- 'ഒരു എളുപ്പമുള്ള ചോദ്യം ചോദിക്കാം. അവസാനത്തെ ഒരു ചോദ്യം. നിങ്ങള്‍ മൂന്ന് ട്വന്റി20 അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ഈ മൂന്ന് സെഞ്ച്വറികളും ഓപണിങ് സ്ഥാനത്താണ് നേടിയത്. നിങ്ങള്‍ക്ക് ശരിക്കും കംഫര്‍ട്ടായ പൊസിഷന്‍ ഏതാണ്..?'.

സ്ഞ്ജുവിന്റെ മറുപടി ഇങ്ങനെ:- 'അടുത്തിടെ, നമ്മുടെ ലാലേട്ടന്‍, മലയാള സിനിമ നടന്‍ മോഹന്‍ലാലിനെ അറിയില്ലേ. രാജ്യത്തിന്റെ ഒരു വലിയ അവാര്‍ഡ് അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. അദ്ദേഹം കഴിഞ്ഞ 30-40 വര്‍ഷമായി അഭിനയിക്കുന്നു. ഞാനും കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തിനായി കളിക്കുന്നു. അതുകൊണ്ട് എനിക്ക് ഹീറോ റോള്‍ മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന് പറയാന്‍ കഴിയില്ല. എനിക്ക് വില്ലനാകണം, എനിക്ക് ജോക്കറാകണം. എനിക്ക് ചുറ്റും കളിക്കണം. ഓപ്പണറായി ഞാന്‍ റണ്‍സ് നേടിയിട്ടുണ്ട്, ടോപ്പ് 3-ല്‍ എനിക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് എനിക്ക് പറയാന്‍ കഴിയില്ല. ഇത് കൂടി ഞാന്‍ ഒന്ന് ശ്രമിക്കട്ടെ. എന്തിനാണ് എനിക്കൊരു നല്ല വില്ലനാകാന്‍ കഴിയാത്തത്?'.

വെല്‍ഡന്‍ മോഹന്‍ലാല്‍, സോറി സഞ്ജു. എന്ന് തമാശരൂപേണ പറഞ്ഞവസാനിപ്പിച്ച സഞ്ജയ് മഞ്ജരേക്കറിനോട് 'സഞ്ജു മോഹന്‍ലാല്‍ സാംസണ്‍' എന്ന് കൗണ്ടറടിച്ചാണ് സഞ്ജു പോയത്. അതേസമയം മത്സരത്തില്‍ ഇന്നലെ സഞ്ജുവിന് ബാറ്റിംഗിന് അവസരം ലഭിച്ചതേയില്ല. അഞ്ചു വിക്കറ്റുകള്‍ വീണപ്പോഴും സഞ്ജിവിന് അവസരം ലഭിച്ചിരുന്നില്ല,


അതേസമയം ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ ഫൈനലിലെത്തി. 41 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 19.2 ഓവറില്‍ 127 റണ്‍സിന് ഓള്‍ഔട്ടായി. 51 പന്തില്‍ 69 റണ്‍സെടുത്ത ഓപണര്‍ സെയ്ഫ് ഹസന്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ ചെറുത്ത് നിന്നത്. 21 റണ്‍സെടുത്ത പര്‍വേസ് ഹുസൈന്‍ ഇമോനെയും മാറ്റി നിര്‍ത്തിയാല്‍ ബംഗ്ലാ നിരയില്‍ ആരും രണ്ടക്കം പോലും കടന്നില്ല. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്നും ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ത്യയുടെ ജയത്തോടെ ശ്രീലങ്ക ടൂര്‍ണമെന്റില്‍നിന്നു പുറത്തായി. വ്യാഴാഴ്ച നടക്കുന്ന ബംഗ്ലദേശ് പാകിസ്താന്‍ മത്സരത്തിലെ വിജയിയാകും ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ (37 പന്തില്‍ 75 റണ്‍സ്) വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.

പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച ഇന്ത്യയുടെ സ്‌കോറിങ് പിന്നീട് മന്ദഗതിയിലായി. 61 പന്തില്‍ നൂറിലെത്തിയ ഇന്ത്യക്ക് പിന്നീടുള്ള 59 പന്തില്‍ നേടാനായത് 67 റണ്‍സ് മാത്രം. 37 പന്തില്‍ അഞ്ചു സിക്‌സും ആറു ഫോറുമടക്കം 75 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്. ഗില്‍ 19 പന്തില്‍ ഒരു സിക്‌സും രണ്ടു ഫോറുമടക്കം 29 റണ്‍സെടുത്തു. ഇരുവരും ഒന്നാം വിക്കറ്റില്‍ 6.2 ഓവറില്‍ 77 റണ്‍സാണ് അടിച്ചെടുത്തത്.

ഹാര്‍ദിക് 29 പന്തില്‍ 38 റണ്‍സെടുത്തും അക്‌സര്‍ പട്ടേല്‍ 15 പന്തില്‍ 10 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ അഭിഷേകും ഗില്ലും നല്‍കിയത്. ആദ്യ മൂന്നോവറില്‍ കാര്യമായ റണ്‍സ് വന്നില്ല, നേടിയത് 17 റണ്‍സ് മാത്രം. പിന്നാലെ ഇരുവരും വെടിക്കെട്ടിന് തിരികൊളുത്തി. നാലാം ഓവറില്‍ 21 റണ്‍സ് നേടിയപ്പോള്‍ പിന്നീടുള്ള രണ്ടോവറിലും 17 റണ്‍സ് വീതം അടിച്ചെടുത്തു. ഇന്ത്യ ആറോവറില്‍ 72 റണ്‍സെടുത്തു.

റിഷാദ് ഹുസൈന്‍ എറിഞ്ഞ ഏഴാം ഓവറിലെ രണ്ടാം പന്തില്‍ ഗില്‍, തന്‍സിം ഹസന്റെ കൈകളിലെത്തി. പിന്നാലെ സ്ഥാനക്കയറ്റം കിട്ടി വണ്‍ഡൗണായെത്തിയ ശിവം ദുബെയും (മൂന്നു പന്തില്‍ രണ്ട്) വേഗത്തില്‍ മടങ്ങി. 11 പന്തില്‍ അഞ്ചു റണ്‍സെടുത്ത നായകന്‍ സൂര്യകുമാര്‍ യാദവിനെ മുസ്താഫിസുര്‍ റഹ്‌മാന്‍ പുറത്താക്കി. തിലക് വര്‍മയാണ് (ഏഴു പന്തില്‍ അഞ്ച്) പുറത്തായ മറ്റൊരു താരം. വണ്‍ഡൗണായി ദുബെയെയും ഏഴാമനായി അക്‌സര്‍ പട്ടേലിനെയും ഇറക്കി ഇന്ത്യ 'പരീക്ഷണം' നടത്തിയതോടെ സഞ്ജുവിന് ബാറ്റിങ്ങിന് ഇറങ്ങാനായില്ല. ബംഗ്ലാദേശിനായി റിഷാദ് ഹുസൈന്‍ മൂന്നു ഓവറില്‍ 27 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടി.

Tags:    

Similar News