ചാമ്പ്യന്‍സ് ട്രേഫിയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതില്‍ നിരശയുണ്ട്; ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തതിന്റെ കാരണം സെലക്ടര്‍മാര്‍ക്കേ അറിയൂ; രഞ്ജി ട്രോഫി കളിക്കാനാകത്തതിലും വിഷമമുണ്ട്; കെഎസിഎയുമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ല; സഞ്ജു സാംസണ്‍
കൊച്ചി: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതില്‍ നിരാശയുണ്ടെന്ന് മലയാളി താരം സഞ്ജു സാംസണ്‍. എന്നാല്‍ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം കാണാന്‍ താന്‍ ഏറെ കൗതുകത്തോടെയാണ് കാത്തിരിക്കുന്നതെന്ന് സഞ്ജു പറഞ്ഞു. പാകിസ്താന്‍ ടീം ശക്തമാണ്. എങ്കിലും പാകിസ്താനെതിരെ ഇന്ത്യ വിജയിക്കുമെന്നും സഞ്ജു സാംസണ്‍ പ്രതികരിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷനുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും മലയാളി താരം പറഞ്ഞു. ഇപ്പോള്‍ താന്‍ വിശ്രമത്തിലാണ്. കെ സി എ അച്ചടക്ക നടപടികള്‍ എടുത്തിട്ടില്ല. രഞ്ജി ട്രോഫി ടീമില്‍ കളിക്കാനാകാത്തതില്‍ വിഷമമുണ്ട്. കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. കെ സി എയുടെ പിന്തുണ തനിക്കുണ്ട്. സമ്മര്‍ദ്ദ ഘട്ടങ്ങളിലും കേരളം നന്നായി കളിക്കുന്നുണ്ട്. രഞ്ജി ട്രോഫിയുടെ ഫൈനല്‍ കാണാന്‍ ഗ്രൗണ്ടില്‍ ഉണ്ടാകുമെന്നും സഞ്ജു വ്യക്തമാക്കി.
വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കെ സി എയുടെ ഈഗോ കാരണമാണ് സഞ്ജു കേരള ടീമില്‍ ഉള്‍പ്പെടാതിരുന്നതെന്ന് തിരുവനന്തപുരം എം പി ശശി തരൂര്‍ ആരോപിച്ചു. എന്നാല്‍ താരങ്ങള്‍ക്കായി ക്രമീകരിച്ച ക്യാംപില്‍ കാരണം വ്യക്തമാക്കാതെ സഞ്ജു പങ്കെടുത്തില്ലെന്ന് കെ സി എ വിശദീകരിച്ചു.
ഇന്ത്യന്‍ മുന്‍ താരം ശ്രീശാന്ത് അടക്കമുള്ളവര്‍ സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തി. കേരള ക്രിക്കറ്റിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ശ്രീശാന്ത് ഇടപെടേണ്ടതില്ലെന്നായിരുന്നു കെ സി എ മറുപടി നല്‍കിയത്. ശ്രീശാന്തും കെ സി എയും തമ്മിലുള്ള പ്രശ്‌നം എന്തെന്ന് ശ്രദ്ധിച്ചിട്ടില്ലെന്നായിരുന്നു സഞ്ജു പ്രതികരിച്ചത്.