ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം എല്ലാം അവസാനിച്ചെന്ന് കരുതി; പക്ഷേ ദൈവത്തിന് മറ്റൊരു പ്ലാന്‍ ഉണ്ടായിരുന്നു! തകര്‍ന്നടിഞ്ഞ എന്നെ കൈപിടിച്ചുയര്‍ത്തിയത് സച്ചിന്‍; ആ വലിയ സംഭാഷണങ്ങള്‍ എന്നെ മാറ്റിമറിച്ചു; അതിലപ്പുറം എന്ത് വേണം? കണ്ണ് നനയിച്ച് സഞ്ജുവിന്റെ വെളിപ്പെടുത്തല്‍! ബെഞ്ചിലിരുന്നപ്പോഴും കണ്ട ആ സ്വപ്നം ഇന്ന് യാഥാര്‍ത്ഥ്യം; ഇത് 'ചേട്ടന്റെ' സ്‌പെഷ്യല്‍ മറുപടി!

ഇത് 'ചേട്ടന്റെ' സ്‌പെഷ്യല്‍ മറുപടി!

Update: 2026-03-08 18:20 GMT

അഹമ്മദാബാദ്: ആരാധകര്‍ നെഞ്ചുരുകി പ്രാര്‍ത്ഥിച്ചു. ഒടുവില്‍ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് സഞ്ജു സാംസണ്‍ എന്ന മലയാളി കരുത്ത് വിശ്വകിരീടത്തില്‍ മുത്തമിട്ടിരിക്കുന്നു. വെറും 36 ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ ടീമിലെ തന്റെ സ്ഥാനം പോലും ചോദ്യചിഹ്നമായി നിന്ന ഒരിടത്തുനിന്നാണ് സഞ്ജുവിന്റെ ഈ വിശ്വരൂപം ക്രിക്കറ്റ് ലോകം കണ്ടത്.

2026 ട്വന്റി-20 ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമനായി നില്‍ക്കുമ്പോള്‍, ഇത് കേവലം ഒരു തിരിച്ചുവരവല്ല, മറിച്ച് ഒരു പോരാളിയുടെ ഉദയമാണ്.

സച്ചിന്‍ എന്ന വഴികാട്ടി; തകര്‍ച്ചയില്‍ താങ്ങായ 'മാസ്റ്റര്‍ ബ്ലാസ്റ്റര്‍'

വിജയത്തിന് ശേഷം വികാരാധീനനായി സഞ്ജു പങ്കുവെച്ച വാക്കുകള്‍ ആരാധകരുടെ കണ്ണുനിറയ്ക്കുന്നതായിരുന്നു. ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചു എന്ന് കരുതിയ നിമിഷങ്ങളെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നു.'ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം ഞാന്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയി. എന്റെ സ്വപ്നങ്ങള്‍ തരിപ്പണമായി. പക്ഷേ, വീണ്ടും സ്വപ്നം കാണാനുള്ള ധൈര്യമാണ് എന്നെ ഇവിടെ എത്തിച്ചത്.'കഴിഞ്ഞ രണ്ട് മാസമായി സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താന്‍ നടത്തിയ സംഭാഷണങ്ങളാണ് തന്റെ ആത്മവിശ്വാസം വീണ്ടെടുത്തതെന്ന് സഞ്ജു വെളിപ്പെടുത്തി. ക്രിക്കറ്റ് ഇതിഹാസത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സഞ്ജുവിലെ ബാറ്ററെ കൂടുതല്‍ പക്വതയുള്ളവനാക്കി മാറ്റി.

സഞ്ജുവിന്റെ വാക്കുകള്‍:

'ഇതൊരു സ്വപ്നം പോലെ തോന്നുന്നു. ഒരുപാട് സന്തോഷം, ഒപ്പം നന്ദിയുമുണ്ട്. വാക്കുകള്‍ കിട്ടുന്നില്ല, വികാരങ്ങള്‍ അടക്കാനാവുന്നില്ല. (തന്റെ മൂന്ന് അര്‍ദ്ധസെഞ്ച്വറികളെയും ചിന്താഗതിയെയും കുറിച്ച് ചോദിച്ചപ്പോള്‍) സത്യം പറഞ്ഞാല്‍, ഇതിന്റെ തുടക്കം ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.

ഞാന്‍ കളിക്കാന്‍ ഇറങ്ങാതിരുന്ന 2024-ലെ ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നപ്പോള്‍ പോലും, ഞാന്‍ ഇങ്ങനെയൊരു നിമിഷം സങ്കല്‍പ്പിക്കുമായിരുന്നു. അതിനായി നിരന്തരം അധ്വാനിച്ചു. കൃത്യമായി ഇതൊക്കെ തന്നെയായിരുന്നു എനിക്ക് ചെയ്യേണ്ടിയിരുന്നതും. ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം ഞാന്‍ ആകെ തകര്‍ന്നുപോയിരുന്നു, എന്റെ സ്വപ്നങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇനി എന്ത് ചെയ്യണമെന്ന് ഞാന്‍ ആലോചിച്ചു. പക്ഷേ ദൈവത്തിന് മറ്റൊരു പ്ലാന്‍ ഉണ്ടായിരുന്നു. വീണ്ടും സ്വപ്നം കാണാന്‍ കാണിച്ച ധൈര്യത്തിന് എനിക്ക് പ്രതിഫലം ലഭിച്ചു. ഒരുപാട് മുന്‍താരങ്ങള്‍ എന്നെ ബന്ധപ്പെടുകയും സഹായിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന്‍ സച്ചിന്‍ സാറുമായി നിരന്തരമായി ബന്ധപ്പെടാറുണ്ട്. ഞാന്‍ അദ്ദേഹത്തെ സമീപിക്കുകയും ഞങ്ങള്‍ തമ്മില്‍ വലിയ സംഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. അദ്ദേഹത്തെപ്പോലൊരാളില്‍ നിന്ന് മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കുക എന്നത് വലിയ കാര്യമാണ്, അതിലപ്പുറം എന്ത് വേണം? എന്നെ പിന്തുണച്ച എല്ലാവരോടും എനിക്ക് വലിയ നന്ദിയുണ്ട്. (ഇനി എന്താണ് ലക്ഷ്യം എന്ന ചോദ്യത്തിന്) ഇപ്പോള്‍ ലഭിച്ചത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. ഈ നിമിഷം എനിക്കൊന്ന് ആസ്വദിക്കണം, കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഇനി എന്ത് വേണമെന്ന് തീരുമാനിക്കാം.'

റെക്കോഡുകള്‍ തകര്‍ന്നുവീണ 36 ദിവസങ്ങള്‍

വെറും അഞ്ച് മത്സരങ്ങള്‍ കൊണ്ട് ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന റെക്കോര്‍ഡ് സഞ്ജു സ്വന്തം പേരിലാക്കി. തുടര്‍ച്ചയായ മൂന്ന് അര്‍ദ്ധസെഞ്ച്വറികള്‍. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ (24 എണ്ണം). ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരാജയത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ ഇന്നിങ്‌സ്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരേയൊരു ചേട്ടന്‍'ബെഞ്ചിലിരുന്ന ഒരു താരം ജനകോടികളുടെ നെഞ്ചകത്തേക്ക് എത്തിയത് വെറും അഞ്ചേ അഞ്ച് മത്സരങ്ങള്‍ കൊണ്ടാണ്. 'The one and only chettan of Indian Cricket' എന്ന് ആരാധകര്‍ ഇന്ന് സഞ്ജുവിനെ വിളിക്കുമ്പോള്‍, അതില്‍ ഒരു മലയാളിയുടെ കഠിനാധ്വാനവും ക്ഷമയും അടങ്ങിയിരിക്കുന്നു.

ലോകകപ്പ് ഫൈനലില്‍ കിവി ബൗളര്‍മാരെ അഹമ്മദാബാദിലെ സ്റ്റേഡിയത്തിന് പുറത്തെത്തിച്ച ഓരോ സിക്‌സറുകളും തന്നെ തഴഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു.ഇതൊരു സ്വപ്നമാണെന്ന് സഞ്ജു പറയുമ്പോള്‍, ഇന്ത്യ പറയുന്നു; 'അല്ല സഞ്ജു, ഇത് നീ അര്‍ഹിച്ച അംഗീകാരമാണ്!'

Tags:    

Similar News