അവസാനം സഞ്ജു ഏകദിനം കളിച്ചത് 2023 ഡിസംബര്‍ 21ന്; അന്ന് പാളില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയത് മിന്നും സെഞ്ച്വറി; വിദേശ മണ്ണില്‍ ഇന്ത്യയ്ക്ക് കപ്പ് സമ്മാനിച്ച താരം പിന്നീട് 50 ഓവര്‍ മത്സരം കളിച്ചില്ല; ട്വന്റി ട്വന്റിയിലെ ഇരട്ട സെഞ്ച്വറി നേട്ടത്തിനിടെ അച്ഛന്റെ നാക്കും പാളി; ഇതോടെ രോഹിതിന് സഞ്ജു ശത്രുവായോ? ഗംഭീര്‍ നിര്‍ബന്ധം പിടിച്ചിട്ടും മലയാളി താരത്തെ ഒഴിവാക്കി; സഞ്ജുവിന് പാരകള്‍ പലവിധമായപ്പോള്‍

Update: 2025-01-19 06:05 GMT

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ടീം തെരഞ്ഞെടുപ്പില്‍ ഗൗതം ഗംഭീറിന്റെ രണ്ട് നിര്‍ദേശങ്ങള്‍ അംഗീകരിക്കശപ്പട്ടില്ലെന്ന് റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ ചര്‍ച്ചയാകുന്നതും മലയാളി താരം സഞ്ജു വി സാംസണിന്റെ അച്ഛന്റെ ആ പഴയ പൊട്ടിത്തെറി. അതും സഞ്ജുവിന് വിനായായി എന്നാണ് സൂചന. ഇതിനൊപ്പം കെസിഎയിലെ സഞ്ജുവിനെതിരായ വിശദീകരണവും ബിസിസിഐ ഗൗരവത്തിലെടുത്തു. മുംബൈ ലോബിയുടെ ശക്തമായ ഇടപെടലാണ് സഞ്ജുവിനെ പുറത്തിരുത്തുന്നത്. ആ നാല് പേര്‍ അവന്റെ കരിയറിലെ വര്‍ഷങ്ങള്‍ പാഴാക്കിയെന്നായിരുന്നു സഞ്ജുവിന്റെ പിതാവിന്റെ ആരോപണം. മുന്‍ ക്യാപ്റ്റന്‍മാരായ മഹേന്ദ്രസിംഗ് ധോണി, വിരാട് കോലി, രോഹിത്ത് ശര്‍മ, രാഹുല്‍ ദ്രാവിഡ് എന്നിവരെക്കുറിച്ചായിരുന്നു സാംസണ്‍ വിശ്വനാഥിന്റെ വിമര്‍ശനം. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്നും സഞ്ജു അവഗണക്കപ്പെടുമ്പോള്‍ താരത്തിന്റെ അച്ഛന്റെ വിമര്‍ശനം വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. ഇത് ടീം സെലക്ഷനിലും പ്രതിഫലിച്ചിട്ടുണ്ടാകാമെന്ന് ക്രിക്കറ്റ് ആരാധകര്‍ പറയുന്നു.

ഋഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലുള്ളത്. ധ്രുവ് ജുറലിനെ പരിഗണിച്ചില്ല. മികച്ച ഫോമില്‍ കളിക്കുന്ന കരുണ്‍ നായരേയും ടീമില്‍ എടുക്കാത്തത് അത്ഭുതപ്പെടുത്തി. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ സെഞ്ച്വറികള്‍ നേടി അമ്പരപ്പിച്ച കരുണിനെ എന്തിന് തഴഞ്ഞു എന്നത് വ്യക്തമല്ല. പല സീനിയര്‍ കളിക്കാരേക്കാളും മികച്ച ഫോമിലാണ് കരുണ്‍. ഇതിനൊപ്പമാണ് സൂപ്പര്‍ ഫോമിലുള്ള സഞ്ജുവിന് നേരിട്ട അവഗണന. ദൈനിക് ജാഗരണാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ഹാര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രോഹിത്തും ചീഫ് സെലക്ടര്‍ അജിത്ത് അഗാര്‍ക്കറും ശുഭ്മാന്‍ ഗില്ലിന് വേണ്ടി നിലകൊണ്ടു. സഞ്ജു സാംസണ്‍ ടീമില്‍ വേണമെന്നായിരുന്നു ഗംഭീറിന്റെ മറ്റൊരു ആവശ്യം. വിക്കറ്റ് കീപ്പറിന്റെ സ്ഥാനത്ത് ഗംഭീര്‍ സഞ്ജുവിന്റെ പേരാണ് നിര്‍ദേശിച്ചത്. എന്നാല്‍, അവിടെയും അഗാര്‍ക്കറിന്റേയും രോഹിത് ശര്‍മ്മയുടേയും നിര്‍ദേശം അംഗീകരിക്കപ്പെടുകയായിരുന്നു. ഒടുവില്‍ വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ തന്നെ തെരഞ്ഞെടുത്തു. അതായത് സഞ്ജുവിന്റെ വരവിനെ രോഹിത് എതിര്‍ത്തു. അജിത് അഗാര്‍ക്കറും മുംബൈയില്‍ നിന്നുള്ള സെലക്ടറാണ്. അങ്ങനെ രണ്ടു മുംബൈക്കാര്‍ ചേര്‍ന്ന് സഞ്ജുവിനെ വെട്ടി.

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള 15 അംഗ ഇന്ത്യന്‍ സംഘത്തെ ബി.സി.സി.ഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നായകന്‍ രോഹിത് ശര്‍മയും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുമാണ് ടീമിനെ പ്രഖ്യാപിച്ചത്. പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുംറ ടീമിലുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുടെ മത്സരത്തില്‍ ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍ എന്നിവര്‍ ഇടം നേടി. മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചില്ല. ഓപ്പണിങ് ബാറ്റര്‍ ശുഭ്മന്‍ ഗില്ലിനെ ടീമിന്റെ ഉപനായകനായി തെരഞ്ഞെടുത്തു. ടി20 ക്രിക്കറ്റിലെ സഞ്ജുവിന്റെ സമീപകാല റെക്കോര്‍ഡ് ബിസിസിഐ അംഗീകരിക്കുകയും കഴിവിനെ അഭിനന്ദിക്കുകയും ചെയ്യുന്നു, എന്നാല്‍ 13 മാസത്തിലേറെയായി 50 ഓവര്‍ മത്സരം കളിക്കാത്ത ഒരാളെ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കാനാകില്ലെന്നാണ് ബിസിസിഐ നിലപാട്. ബിസിസിഐയുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, കേന്ദ്ര കരാറുള്ള എല്ലാ കളിക്കാരും ആഭ്യന്തര ക്രിക്കറ്റില്‍ അവരുടെ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി കളിക്കണമെന്നാണ്. എന്നാല്‍, 2024-25ലെ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി സഞ്ജു ഉണ്ടായിരുന്നില്ല. ഇതോടെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പുള്ള ഏക ആഭ്യന്തര ലിസ്റ്റ് എ ടൂര്‍ണമെന്റാണ് സഞ്ജുവിന് നഷ്ടമായത്. കേരള ടീമില്‍ പോലും ഉള്‍പ്പെടാത്ത സഞ്ജുവിനെ എങ്ങിനെ ദേശീയ ടീമില്‍ കളിപ്പിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ ചോദിക്കുന്നത്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ സഞ്ജുവിന് 50 റണ്‍സിലേറെ ശരാശരിയുണ്ട്. ലഭിച്ച പരിമിതമായ അവസരങ്ങളില്‍ താരം തിളങ്ങി. എന്നാല്‍, മൊത്തത്തിലുള്ള ലിസ്റ്റ് എ റെക്കോര്‍ഡ് പരിശോധിച്ചാല്‍ 128 മത്സരങ്ങളില്‍ നിന്ന് 3 സെഞ്ച്വറികള്‍ മാത്രമാണുള്ളത്.

2023 ഡിസംബര്‍ 21നായിരുന്നു സഞ്ജുവിന്റെ അവസാന ഏകദിന മത്സരം. അന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാളിലായിരുന്നു സഞ്ജു ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാന്‍ ഇറങ്ങിയത്. ഫസ്റ്റ് ഡൗണായിരുന്നു ബാറ്റിംഹ് പൊസിഷന്‍. 114 പന്തില്‍ 108 റണ്‍സ് നേടിയ സെഞ്ച്വറി പ്രകടനം. കളിയിലെ താരവും സഞ്ജുവായിരുന്നു. സഞ്ജുവിന്റെ ബാറ്റിംഗ് മികവില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ഏകദിന പരമ്പരയും സ്വന്തമാക്കി. അങ്ങനെ വിദേശത്ത് ഇന്ത്യയ്ക്ക് ചരിത്ര പരമ്പര ജയം നല്‍കിയ താരത്തെ പിന്നീടൊരിക്കലും ഏകദിന ടീമിലേക്ക് ബിസിസിഐ പരിഗണിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പുറത്താക്കാന്‍ കാരണമായി പറയുന്നത് 13 മാസത്തിലേറെയായി സഞ്ജു ഏകദിനം കളിച്ചില്ലെന്ന കാരണമാണ്. കളിപ്പിച്ചാല്‍ അല്ലേ സഞ്ജുവിന് കളിക്കാന്‍ കഴിയൂവെന്നതാണ് വസ്തുത. സെഞ്ച്വറി നേടുമ്പോഴുള്ള ആഹ്ലാദ പ്രകടനങ്ങളില്‍ അടുത്ത കളിയില്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നതിന്റെ സന്തോഷവും കളിക്കാരുടെ മുഖത്ത് എത്തും. പാളില്‍ സഞ്ജുവും അത് പ്രതീക്ഷിച്ചതാണ്. പക്ഷേ ആരും പിന്നെ സഞ്ജുവിനെ കണ്ട ഭാവം പോലും നടിച്ചില്ല. വിമര്‍ശനമൊഴിവാക്കാന്‍ ടി20 ടീമില്‍ എടുത്തു. രണ്ടു സെഞ്ച്വറിയുമായി സഞ്ജു മിന്നുകയും ചെയ്തു. അങ്ങനെ ട്വന്റി ട്വന്റി ടീമിന്റെ ഭാഗമായി സഞ്ജു തുടരുകയാണ്. ഇത്തരമൊരു താരത്തെയാണ് സ്വന്തം ക്രിക്കറ്റ് അസോസിയേഷനും പാരവയ്ക്കുന്നത്.

വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് സഞ്ജു സാംസണ്‍ വിട്ടുനിന്നത് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് തഴയാന്‍ പ്രധാന കാരണമായിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍ സഞ്ജുവിന് ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് വിളിയെത്താനുള്ള സാധ്യത ഉയരുമായിരുന്നു. എന്നാല്‍ സഞ്ജു ആഭ്യന്തര ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നതോടെ സെലക്ടര്‍മാരും മുഖം തിരിച്ചു. സഞ്ജു വിജയ് ഹസാരെ ട്രോഫി കളിക്കാതിരുന്നതില്‍ കേരള ക്രിക്കറ്റ് അസിയേഷനും (കെസിഎ) അതൃപ്തരായിരുന്നു. ഇക്കാര്യം കെസിഎ വൃത്തങ്ങള്‍ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സഞ്ജു ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് തഴയപ്പെട്ടതിന് പിന്നാലെ താരം ഈ തഴയല്‍ അര്‍ഹിക്കുന്നുണ്ടെന്ന തരത്തില്‍ പ്രതികരിച്ചിരിക്കുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്. സഞ്ജു സാംസണ്‍ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ ഉള്‍പ്പെടാത്തതിന്റെ പ്രധാന കാരണം സെലക്ഷന്‍ ക്യാംപില്‍ നിന്ന് വിട്ടുനിന്നതാണ്. സെലക്ഷന്‍ ക്യാംപില്‍ പങ്കെടുക്കില്ലെന്ന് മാത്രമാണ് സഞ്ജു പറഞ്ഞത്. ഇതിന്റെ വ്യക്തമായ കാരണം ബോധിപ്പിക്കാത്തതില്‍ കെസിഎ ഭാരവാഹികള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. പിന്നീട് സഞ്ജു സാംസണ്‍ കളിക്കാന്‍ താല്‍പര്യം അറിയിച്ചപ്പോള്‍ വേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു കെസിഎ. സഞ്ജുവിന് തോന്നുമ്പോള്‍ കളിക്കാനുള്ളതല്ല കേരള ക്രിക്കറ്റ് ടീമെന്നാണ് അവരുടെ നിലപാട്.

ഇത് തന്നെയാണ് കെസിഎ പ്രസിഡന്റും ഇപ്പോള്‍ വ്യക്തമാക്കുന്നത്. 'വിജയ് ഹസാരെ ട്രോഫി കളിക്കാത്തതിനാലാണ് സഞ്ജു സാംസണ്‍ തഴയപ്പെട്ടതെന്ന് എനിക്ക് ഉറപ്പ് പറയാനാവില്ല. സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് തഴയാനുള്ള കാരണം സെലക്ഷന്‍ ക്യാംപില്‍ പങ്കെടുക്കാത്തതിനാലാണ്. ഇതിന് നല്‍കിയത് ഒറ്റ വാക്കിലുള്ള വിശദീകരണമാണ്. സയ്യിദ് മുഷ്താഖ് അലിയില്‍ നയിച്ച സഞ്ജു തന്നെ കേരളത്തെ വിജയ് ഹസാരെ ട്രോഫിയിലും നയിക്കണമെന്നാണ് ഞങ്ങളെല്ലാം ആഗ്രഹിച്ചത്' ജയേഷ് ജോര്‍ജ് പറഞ്ഞു. സഞ്ജു ഇന്ന് സൂപ്പര്‍ താരമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ അഭിമാനമാണ് സഞ്ജു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തും സഞ്ജു സാംസണാണുള്ളത്. കേരള താരം ഒരു ഐപിഎല്‍ ടീമിന്റെ നായകസ്ഥാനത്തേക്കെത്തുകയെന്നത് എളുപ്പമല്ല. എന്നാല്‍ ഇത്തരത്തില്‍ വലിയ നേട്ടങ്ങളിലേക്ക് പോകുമ്പോഴും വന്നവഴി മറക്കുകയും തോന്നുന്നത് പോലെ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നത് ശരിയല്ലെന്നാണ് ജയേഷ് ജോര്‍ജ് പറയുന്നത്.

'സഞ്ജു വ്യക്തമായ കാരണം നല്‍കാതെ സെലക്ഷന്‍ ക്യാംപില്‍ നിന്ന് വിട്ടുനിന്നു. പിന്നീട് കളിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. എന്നാല്‍ സഞ്ജുവല്ല ഏത് താരമായാലും കെസിഎക്ക് ഒരു നിലപാടാണുള്ളത്. സഞ്ജുവിന് ടീമിലേക്കെത്താന്‍ ക്യാംപിന്റെ ആവശ്യമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ തനിക്ക് തോന്നുമ്പോള്‍ മാത്രം കേരളത്തിനായി കളിക്കുകയെന്ന രീതി ശരിയല്ല. എങ്ങനെയാണ് സഞ്ജു ഇന്ത്യന്‍ ടീമിലേക്കെത്തിയത്? അത് കെസിഎയിലൂടെയാണ്. തോന്നുമ്പോള്‍ മാത്രം കേരളത്തിനായി കളിക്കാനാവില്ല' ജയേഷ് കൂട്ടിച്ചേര്‍ത്തു. ഇതോടെ കെസിഎ പാരയും വ്യക്തമായി.

Similar News