ഈ ലോകകിരീടം ഞാന്‍ രാഹുല്‍ ദ്രാവിഡിനും വിവിഎസ് ലക്ഷ്മണനും സമര്‍പ്പിക്കുന്നു; ടെസ്റ്റ് പരമ്പരകള്‍ തോറ്റപ്പോള്‍ ഏറെ വിമര്‍ശിക്കപ്പെട്ടു; അന്ന് ആത്മവിശ്വാസം നല്‍കിയത് ജയ് ഷാ; ഉത്തരവാദിത്തം ഡ്രസ്സിംഗ് റൂമിലെ 30 പേരോടെന്നും ഗംഭീര്‍; ഇന്ത്യയുടെ അടുത്തലക്ഷ്യം പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്

Update: 2026-03-09 05:08 GMT

അഹമ്മദാബാദ്: ഐസിസി പുരുഷ ട്വന്റി 20 ലോകകപ്പ് ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടമാണ് ഇന്ത്യന്‍ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ കൈവരിച്ചത്. കരിയറിലെ ഏറ്റവും വലിയ വെല്ലുവിളികള്‍ക്കും കടുത്ത വിമര്‍ശനങ്ങള്‍ക്കും നടുവിലാണ് ഇന്ത്യയെ മൂന്നാം ട്വന്റി 20 ലോകകിരീടത്തിലേക്ക് കോച്ച് ഗൗതം ഗംഭീര്‍ നയിച്ചത്. ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ചരിത്രം കുറിച്ചതോടെ അപൂര്‍വ നേട്ടത്തിലേക്കാണ് ഗംഭീര്‍ നടന്നുകയറിയത്. കളിക്കാരനായും (2007) പരിശീലകനായും (2026) ട്വന്റി 20 ലോകകപ്പ് നേടുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തിയായി ഗംഭീര്‍ മാറി. ഈ വിജയത്തോടെ ഐസിസി ഫൈനലുകളില്‍ തോല്‍വിയറിയാത്തയാള്‍ എന്ന തന്റെ റെക്കോര്‍ഡും അദ്ദേഹം കാത്തുസൂക്ഷിച്ചു. ടീം തിരഞ്ഞെടുപ്പിനെയും തന്ത്രങ്ങളെയും വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയായി ഗംഭീറിന് ഈ ലോകകപ്പ് നേട്ടം. താരമെന്ന നിലയില്‍ രണ്ടും പരിശീലകനെന്ന നിലയില്‍ രണ്ടും ഉള്‍പ്പെടെ ഗംഭീറിന്റെ നാലാമത്തെ ഐസിസി കിരീടമാണിത്.

ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ഈ കിരീടം തന്റെ മുന്‍ഗാമികളായ രാഹുല്‍ ദ്രാവിഡിനും വിവിഎസ് ലക്ഷ്മണും സമര്‍പ്പിക്കുന്നുവെന്ന് ഗംഭീര്‍ പറഞ്ഞു. ഈ ട്രോഫി ഞാന്‍ രാഹുല്‍ ദ്രാവിഡിനും വിവിഎസ് ലക്ഷ്മണനും സമര്‍പ്പിക്കുന്നു. ഇന്ത്യന്‍ ടീമിനെ ഈ നിലയില്‍ എത്തിച്ചതിന് രാഹുല്‍ ഭായിയോടും, മികച്ച യുവനിരയെ വാര്‍ത്തെടുത്തതിന് ലക്ഷ്മണനോടും കടപ്പെട്ടിരിക്കുന്നുവെന്ന് ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനോടും ദക്ഷിണാഫ്രിക്കയോടും ടെസ്റ്റ് പരമ്പരകള്‍ തോറ്റപ്പോള്‍ താന്‍ ഏറെ വിമര്‍ശിക്കപ്പെട്ടുവെന്നും അന്ന് തനിക്ക് ആത്മവിശ്വാസം നല്‍കിയത് ഐസിസി ചെയര്‍മാന്‍ ജയ് ഷാ ആണെന്നും ഗംഭീര്‍ വെളിപ്പെടുത്തി. എന്റെ കരിയറിലെ ഏറ്റവും മോശം സമയത്ത് ജയ് ഭായ് എന്നെ വിളിച്ചു. ആ പിന്തുണ വലുതായിരുന്നു. അതുപോലെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നല്‍കിയ പിന്തുണക്കും ഗംഭീര്‍ നന്ദി പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ ആളുകളോടല്ല, ഡ്രസ്സിംഗ് റൂമിലെ ആ 30 പേരോടാണ് എനിക്ക് ഉത്തരവാദിത്തമുള്ളത്, ഗംഭീര്‍ വ്യക്തമാക്കി.

വ്യക്തിഗത നേട്ടങ്ങള്‍ ആഘോഷിക്കുന്നത് നിര്‍ത്തി, ടീമിന്റെ വിജയങ്ങള്‍ ആഘോഷിക്കാനാണ് എല്ലായ്‌പ്പോഴും ശ്രമിച്ചതെന്ന് ഗംഭീര്‍ പറഞ്ഞു. ഒരുപാട് കാലം നമ്മള്‍ വ്യക്തിഗത നേട്ടങ്ങളായിരുന്നു ആഘോഷിച്ചിരുന്നത്. ഇനിയെങ്കിലും അത് നിര്‍ത്തി ടീമിന്റെ നേട്ടം ആഘോഷിക്കണമെന്നാണ് എനിക്ക് ആളുകളോട് പറയാനുള്ളത്. തോല്‍വി ഭയന്നല്ല, മറിച്ച് ധൈര്യത്തോടെയാണ് നമ്മള്‍ കളിക്കേണ്ടത്. 250 റണ്‍സ് ഫൈനലില്‍ നേടാനായത് ആ ധീരതയുടെ ഫലമാണെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായുള്ള തന്റെ ആത്മബന്ധമാണ് ടീമിന്റെ വിജയത്തിന് പിന്നിലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

2024 ടി20 ലോകകപ്പ് വിജയത്തിന് ശേഷം രാഹുല്‍ ദ്രാവിഡിന് പകരക്കാരനായാണ് ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനായി ചുമതലയേറ്റത്. 2025-ല്‍ ഗംഭീറിന്റെ കീഴിലിറങ്ങിയ ഇന്ത്യ, 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയിരുന്നു. ഗംഭീറിന് കീഴില്‍ അതിവേഗ ബാറ്റിംഗ് ശൈലിയാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 20 മാസത്തിനിടെ 16 തവണ ഇന്ത്യ 200 കടന്നു. ആറ് തവണ 250 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തു. ഇന്ത്യയുടെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോറായ 297 റണ്‍സ് പിറന്നതും ഇതേ കാലയളവിലാണ്. ഗംഭീറിന്റെ കാലയളവില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ശരാശരി സ്ട്രൈക്ക് റേറ്റ് 158.09 ആണ്, ഇത് ഐസിസിയിലെ പൂര്‍ണ്ണ അംഗരാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്നതാണ്. രോഹിത് ശര്‍മ തുടങ്ങിവെച്ച ആക്രമണാത്മക ശൈലിയെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ഗൗതം ഗംഭീറിന് സാധിച്ചു എന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

പരിശീലക വേഷത്തിന് മുന്‍പേ വലിയ വേദികളിലെ വിശ്വസ്തനായ താരമെന്ന പേര് ഗംഭീര്‍ സ്വന്തമാക്കിയിരുന്നു. 2007 ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ഫൈനലില്‍ 54 പന്തില്‍ 75 റണ്‍സെടുത്ത് ഗംഭീര്‍ ഇന്ത്യയുടെ വിജയശില്പിയായി. 2011 ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരായ ഫൈനലില്‍ സച്ചിനും സെവാഗും നേരത്തെ പുറത്തായ സമ്മര്‍ദ്ദഘട്ടത്തില്‍ 97 റണ്‍സെടുത്ത് ഗംഭീര്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു.

2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുകയാണ് ടീമിന്റെ അടുത്ത ലക്ഷ്യമെന്ന് സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.വിശ്വാസത്തിന്റെയും ഉറപ്പിന്റെയും അടിസ്ഥാനത്തിലാണ് ഞാന്‍ ടീമുകളെ തിരഞ്ഞെടുത്തത്. വെറും പ്രതീക്ഷയുടെ മാത്രം അടിസ്ഥാനത്തില്‍ ഞാന്‍ ഒരിക്കലും ഒരു ടീമിനെയും തിരഞ്ഞെടുത്തിട്ടില്ലെന്നും സൂര്യ പറഞ്ഞു.

Tags:    

Similar News