സെലക്ടർമാർക്ക് ബാറ്റുകൊണ്ട് മറുപടി; തകർപ്പൻ സെഞ്ച്വറിയുമായി സർഫറാസ് ഖാൻ; ബുച്ചിബാബു ട്രോഫിയിൽ മുംബൈ ശക്തമായ നിലയിൽ
മുംബൈ: ഇന്ത്യൻ ടീമിൽ നിന്ന് തഴയപ്പെട്ടതിന് പിന്നാലെ സെലക്ടർമാർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി സർഫറാസ് ഖാൻ. ബുച്ചി ബാബു ട്രോഫിയിൽ തമിഴ്നാടിനെതിരെ മുംബൈക്കായി കളത്തിലിറങ്ങിയ താരം വെറും 92 പന്തിൽ നിന്ന് തകർപ്പൻ സെഞ്ച്വറിയാണ് നേടിയത്. മൂന്നിന് 98 എന്ന നിലയിൽ മുംബൈ പതറുമ്പോഴാണ് സർഫറാസ് ക്രീസിലെത്തിയത്. തുടർന്ന് ആക്രമിച്ചു കളിച്ച താരം 114 പന്തിൽ 138 റൺസ് നേടിയ ശേഷമാണ് പരിക്കേറ്റ് മടങ്ങിയത്.
10 ഫോറുകളും ആറ് സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്. സർഫറാസിന്റെയും മറ്റ് ബാറ്റർമാരുടെയും മികവിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ മുംബൈ അഞ്ചിന് 367 എന്ന ശക്തമായ നിലയിലാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിക്കാത്തതിനെ തുടർന്ന് സർഫറാസിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കഠിനമായ പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന താരത്തിന്റെ ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു.
ഈ പ്രകടനത്തിലൂടെ തൻ്റെ ഫോമിനും ഫിറ്റ്നസിനും ഒരു കുറവും വന്നിട്ടില്ലെന്ന് സർഫറാസ് തെളിയിക്കുകയാണ്.സർഫറാസിനെ കൂടാതെ സുവേദ് പാർക്കർ (72), ആകാശ് പാർക്കർ (67*) എന്നിവരും മുംബൈക്കായി അർദ്ധസെഞ്ച്വറി നേടി. ആകാശ് പാർക്കറും ഹിമാൻഷു സിങ്ങുമാണ് (20*) ക്രീസിൽ. മുഷീർ ഖാൻ (30), ആയുഷ് മഹാത്രേ (13), ഹർഷ് അഖവ് (2), ആകാശ് ആനന്ദ് (14) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.