പുതിയ റോളിൽ സൗരവ് ഗാംഗുലി; ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ പ്രിട്ടോറിയ ക്യാപിറ്റൽസിൻ്റെ മുഖ്യ പരിശീലകനാകും

Update: 2025-08-25 08:21 GMT

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ മുൻ അധ്യക്ഷനുമായ സൗരവ് ഗാംഗുലി പരിശീലകന്റെ റോളിൽ. ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗായ എസ്.എ20-യിൽ പ്രിട്ടോറിയ ക്യാപിറ്റൽസ് ടീമിൻ്റെ മുഖ്യ പരിശീലകനായി ഗാംഗുലിയെ നിയമിച്ചു. കളിക്കാരനായും ഭരണകർത്താവായും തിളങ്ങിയ ഗാംഗുലിയുടെ പരിശീലകനായുള്ള ആദ്യ നിയമനമാണിത്.

മുൻ ഇംഗ്ലണ്ട് താരം ജൊനാതൻ ട്രോട്ടിന് പകരക്കാരനായാണ് 53-കാരനായ ഗാംഗുലിയുടെ നിയമനം. വരാനിരിക്കുന്ന എസ്.എ20 ടൂർണമെന്റിൽ അദ്ദേഹം ടീമിനെ പരിശീലിപ്പിക്കും. ഡിസംബർ 26-ന് ആരംഭിക്കുന്ന ടൂർണമെന്റിന് മുന്നോടിയായാണ് പ്രിട്ടോറിയ ക്യാപിറ്റൽസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ സുപ്രധാന പ്രഖ്യാപനം നടത്തിയത്. 'സൗരവ് ഗാംഗുലിയെ മുഖ്യ പരിശീലകനായി പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്,' എന്ന് ടീം വ്യക്തമാക്കി.

ഇതിനു മുൻപ് 2018-19 കാലയളവിൽ ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ ടീം ഡയറക്ടറായി ഗാംഗുലി പ്രവർത്തിച്ചിരുന്നു. പിന്നീട് ബിസിസിഐ പ്രസിഡന്റായതോടെയാണ് ആ സ്ഥാനം ഒഴിഞ്ഞത്. 2008-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഗാംഗുലി ഭരണരംഗത്തും ഐ.പി.എല്ലിലും സജീവമായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ മെൻ്ററായും ടീം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. 2015-ൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ്റെ പ്രസിഡൻ്റായ അദ്ദേഹം, 2019-ൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ (ബി.സി.സി.ഐ) അധ്യക്ഷ സ്ഥാനത്തുമെത്തി.

എസ്എ20 ലീഗിൽ ഇതുവരെ കിരീടം നേടാൻ സാധിച്ചിട്ടില്ലാത്ത ടീമാണ് പ്രിട്ടോറിയ ക്യാപിറ്റൽസ്. ആദ്യ സീസണിൽ ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തിയെങ്കിലും ഫൈനലിൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിനോട് പരാജയപ്പെട്ടു. തുടർന്നുള്ള രണ്ട് സീസണുകളിലും (2023-24, 2024-25) അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമിന് പ്ലേഓഫിൽ കടക്കാനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ടീമിന് പുത്തനുണർവ് നൽകാൻ ഗാംഗുലിയുടെ നിയമനം. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായാണ് ഗാംഗുലി വിലയിരുത്തപ്പെടുന്നത്. ഇന്ത്യയെ 424 അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രതിനിധീകരിച്ച അദ്ദേഹം 18,575 റൺസ് നേടിയിട്ടുണ്ട്.

Tags:    

Similar News