ഇനി ടെസ്റ്റിലേക്ക് പരിഗണിക്കില്ലെന്ന് രോഹിതിനോട് സിലക്ടര്‍മാര്‍; വിരമിക്കല്‍ ടെസ്റ്റ് മത്സരമില്ലാതെ ഇന്ത്യന്‍ നായകന്റെ പടിയിറക്കം; കോലിയുടെ 'ഭാവിയും' തുലാസില്‍; തലമുറ മാറ്റത്തിന് ഒരുങ്ങി ഇന്ത്യന്‍ ടീം

ഇനി ടെസ്റ്റിലേക്ക് പരിഗണിക്കില്ലെന്ന് രോഹിതിനോട് സിലക്ടര്‍മാര്‍

Update: 2025-01-03 14:47 GMT

സിഡ്നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റില്‍ രോഹിത് ശര്‍മ സ്വയം മാറിനിന്നതോടെ ചരിത്രത്തില്‍ ഒരൊറ്റ ഇന്ത്യന്‍ ക്യാപ്റ്റനും അനുഭവിക്കാത്ത വിധിയാണ് നേരിടുന്നത്. ഫോമിലല്ലെന്നുള്ള കാര്യം മനസിലാക്കി പുറത്തിരിക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കുകയാണ് രോഹിത്. വെറ്ററന്‍ ഓപ്പണര്‍ക്ക് തന്റെ അഞ്ച് ഇന്നിംഗ്‌സുകളില്‍ ഒന്നിലും 10 റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യാനായിട്ടില്ല. സിഡ്നിയില്‍ കളിക്കേണ്ടെന്ന തീരുമാനത്തിന് പിന്നിലും ഈ മോശം പ്രകടനമാണ്. രോഹിത്തിന് പകരം ജസ്പ്രിത് ബുമ്രയാണ് സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. രോഹിതിന് പകരം ശുഭ്മാന്‍ ഗില്‍ ടീമിലെത്തി.

അതേ സമയം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഭാവി പദ്ധതികളില്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് ഇടമില്ലെന്ന വിവരം അജിത് അഗാര്‍ക്കിന്റെ നേതൃത്വത്തിലുള്ള സിലക്ഷന്‍ കമ്മിറ്റി താരത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ അഞ്ചാം ടെസ്റ്റില്‍ പുറത്തിരുത്തിയതിനു പിന്നാലെയാണ്, രോഹിത്തിനെ ഇനി ടെസ്റ്റിലേക്ക് പരിഗണിക്കില്ലെന്ന് സിലക്ടര്‍മാര്‍ അദ്ദേഹത്തെ അറിയിച്ചത്. ഫലത്തില്‍, മെല്‍ബണില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റ് രോഹിത്തിന്റെ കരിയറിന്റെ അവസാന ടെസ്റ്റ് മത്സരമാകാനാണ് സാധ്യത. ഇതോടെ വിരമിക്കല്‍ ടെസ്റ്റ് മത്സരത്തിന് കാത്തു നില്‍ക്കാതെ രോഹിത് വിരമിക്കുമെന്നാണ് സൂചന. ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍, മുപ്പത്തേഴുകാരനായ രോഹിത് ശര്‍മയെ ഇനി ഇന്ത്യയുടെ ടെസ്റ്റ് ജഴ്‌സിയില്‍ കാണാന്‍ സാധിക്കില്ല.

ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കപ്പുറം, സിലക്ടര്‍മാരുടെ പദ്ധതികളില്‍ രോഹിത്തിന് ഇടമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം അവര്‍ രോഹിത്തിനെ നേരിട്ട് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ടീം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കടന്നാലും, രോഹിത്തിന് ഇനി അവസരം നല്‍കേണ്ടതില്ലെന്നാണ് സിലക്ടര്‍മാരുടെ തീരുമാനം. ഇക്കാര്യത്തില്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിലപാടും നിര്‍ണായകമായി. ഓസീസിനെതിരായ പരമ്പരയില്‍ മൂന്നു ടെസ്റ്റുകളിലാണ് രോഹിത് ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയത്. ഈ മത്സരങ്ങളിലെ ആറ് ഇന്നിങ്‌സുകളില്‍ 3, 6, 10, 3, 9 എന്നിങ്ങനെയാണ് രോഹിത്തിന്റെ സ്‌കോറുകള്‍.

അതേസമയം, സിഡ്‌നി ടെസ്റ്റില്‍ കളിക്കാനില്ലെന്ന തീരുമാനം രോഹിത് ശര്‍മ സ്വമേധയാ കൈക്കൊണ്ടതാണെന്നാണ് മത്സരത്തിനു മുന്‍പ് ജസ്പ്രീത് ബുമ്ര വിശദീകരിച്ചത്. ''ഇവിടെ അദ്ദേഹത്തിന്റെ നേതൃശേഷി കൂടിയാണ് തെളിഞ്ഞുകാണുന്നത്. ഈ മത്സരത്തില്‍ വിശ്രമിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ടീമിനുള്ളിലെ ഐക്യമാണ് ഇതിലൂടെ തെളിയുന്നത്. ഇവിടെ സ്വാര്‍ത്ഥയ്ക്ക് ഇടമില്ല. ടീമിന്റെ താല്‍പര്യത്തിന് അനുസരിച്ചാണ് തീരുമാനങ്ങള്‍' ബുമ്ര പറഞ്ഞു.

മോശം ഫോമിലുള്ള വിരാട് കോലിയുമായും സിലക്ടര്‍മാര്‍ ഭാവിയെക്കുറിച്ച് സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓഫ് സ്റ്റംപിനു പുറത്തുവരുന്ന പന്തുകളില്‍ ബാറ്റുവച്ച് സ്ഥിരമായി പുറത്താകുന്ന കോലി, സിഡ്‌നിയിലും സമാനമായ രീതിയിലാണ് പുറത്തായത്. പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ നേടിയ സെഞ്ചറി മാറ്റിനിര്‍ത്തിയാല്‍, ഓസ്‌ട്രേലിയയില്‍ കോലിയുടെ പ്രകടനം ഒട്ടും ആശാവഹമായിരുന്നില്ല.

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഇതുവരെ കളിച്ച ഏഴ് ഇന്നിങ്‌സുകളിലും കോലി പുറത്തായത് ഏറെക്കുറേ ഒരേ രീതിയിലാണ്. ഓഫ് സ്റ്റംപിനു പുറത്തുപോകുന്ന പന്തുകള്‍ ലീവ് ചെയ്യുന്നതിനു പകരം, അതിലെല്ലാം ബാറ്റുവച്ചായിരുന്നു താരത്തിന്റെ മടക്കം. ഓസ്‌ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കു ശേഷം കോലിയുടെ ഭാവിയേക്കുറിച്ചും സിലക്ടര്‍മാര്‍ താരവുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. അതേസമയം, ടീമിനുള്ളില്‍ നിര്‍ണായക മാറ്റങ്ങള്‍ സംഭവിക്കുന്ന ഈ കാലഘട്ടത്തില്‍ രവീന്ദ്ര ജഡേജയുടെ സേവനം തുടര്‍ന്നും ഉപയോഗപ്പെടുത്താനാണ് സിലക്ടര്‍മാരുടെ നീക്കം.

വിരമിക്കല്‍ ടെസ്റ്റ് മത്സരം നല്‍കാതെ രോഹിത് ശര്‍മയെ സിഡ്‌നി ടെസ്റ്റില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള ഗൗതം ഗംഭീറിന്റെ തീരുമാനത്തില്‍ കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളം ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുംതൂണായി നിന്ന രോഹിത് ശര്‍മയും വിരാട് കോലിയും വിരമിക്കല്‍ ടെസ്റ്റ് മത്സരം അര്‍ഹിക്കുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം അതേ സമയം നായകനായിരിക്കെ ടെസ്റ്റ് മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് ആദ്യമായിട്ടാണെങ്കിലും ലോക ക്രിക്കറ്റില്‍ ക്യാപ്റ്റന്മാര്‍ സ്വയം മാറിനില്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

മിസ്ബാ ഉള്‍ ഹഖ് (പാകിസ്ഥാന്‍, 2014)

2014ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍, പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖ് മോശം ഫോമിലായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ 0, 15 എന്നിങ്ങനെയായിരുന്നു മിസ്ബയുടെ സ്‌കോറുകള്‍. പാകിസ്ഥാന്‍ തോല്‍ക്കുക കൂടി ചെയ്തതോടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും മൂന്നാം ഏകദിനത്തില്‍ നിന്ന് സ്വയം ഒഴിവാക്കുകയും ചെയ്തു. ഷാഹിദ് അഫ്രീദി ടീമിനെ നയിച്ചെങ്കിലും പാകിസ്ഥാന്‍ മത്സരത്തില്‍ പരാജയപ്പെട്ടു.

ദിനേശ് ചണ്ഡിമല്‍ (ശ്രീലങ്ക, 2014 ടി20 ലോകകപ്പ്)

2014 ടി20 ലോകകപ്പില്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമല്‍ മോശം ഫോമിന്റെ പേരില്‍ പഴി കേട്ടിരുന്നു. സെമിഫൈനലിനും ഫൈനലിനും മുന്നോടിയായി, സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ടീമില്‍ നിന്ന് സ്വയം ഒഴിവാക്കാനുള്ള തീരുമാനമെടുത്തു. പകരം ലസിത് മലിംഗയെ നായകനാക്കി. ശ്രീലങ്ക ടൂര്‍ണമെന്റ വിജയിക്കുകയും ചെയ്തു.

മൈക്ക് ഡെന്നസ് (ഇംഗ്ലണ്ട്, 1974 ആഷസ്)

1974-ലെ ആഷസ് പരമ്പരയില്‍, ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ മൈക്ക് ഡെന്നസ് ഫോം കണ്ടെത്താന്‍ പാടുപ്പെട്ടിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകളിലെ കനത്ത തോല്‍വികളും മൂന്നാം ടെസ്റ്റ് സമനിലയും ആയതിനെത്തുടര്‍ന്ന്, നാലാം ടെസ്റ്റില്‍ നിന്ന് സ്വയം ഒഴിവാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ടോണി ഗ്രെയ്ഗ് ഇംഗ്ലണ്ടിനെ നയിച്ചെങ്കിലും അവര്‍ മത്സരത്തില്‍ പരാജയപ്പെട്ടു. അഞ്ചാം ടെസ്റ്റിനായി ഡെന്നസ് തിരിച്ചെത്തിയെങ്കിലും ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കി.

മൈക്കല്‍ ക്ലാര്‍ക്ക് (ഓസ്‌ട്രേലിയ, 2015)

2015ല്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ക്ക് ശേഷം ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിരുന്നു. പ്ലെയിംഗ് ഇലവനില്‍ നിന്ന് സ്വയം ഒഴിവായെന്ന് മാത്രമല്ല, ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന കാര്യം ക്ലാര്‍ക്ക് പരിഗണിക്കുകയും കളിക്കുന്നതില്‍ നിന്ന് ഇടവേള എടുക്കുമെന്ന് സൂചന നല്‍കുകയും ചെയ്തു.

ബ്രണ്ടന്‍ മക്കല്ലം (ന്യൂസിലന്‍ഡ്, 2016)

ന്യൂസിലന്‍ഡിന്റെ ക്യാപ്റ്റനായിരുന്ന ബ്രണ്ടന്‍ മക്കല്ലം വിരമിക്കുന്നതും മോശം പ്രകടനത്തിന് പിന്നാലെയാണ്. ചില വെല്ലുവിളി നിറഞ്ഞ പ്രകടനങ്ങള്‍ക്ക് ശേഷം, ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ഭാവിയെക്കുറിച്ച് മക്കല്ലം ആലോചിച്ചു. പിന്നീട് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു.

അലസ്റ്റര്‍ കുക്ക് (ഇംഗ്ലണ്ട്, 2016-2017)

2016ല്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്ക് തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ കാരണം കാര്യമായ സമ്മര്‍ദ്ദത്തിലായിരുന്നു. 2017-ന്റെ തുടക്കത്തില്‍, കുക്ക് തന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും പടിയിറങ്ങി. രാജിവയ്ക്കുന്നതിന് മുമ്പ് അദ്ദേഹം ടീമില്‍ നിന്ന് സ്വയം ഒഴിവായിരുന്നു.

Tags:    

Similar News