'ഈ പേര് ഓർമ്മിച്ചോളൂ.. ജെമീമ റോഡ്രിഗസ്.. അവൾ ഇന്ത്യയുടെ താരമാകും'; ഏഴ് വർഷം മുമ്പ് നാസർ ഹുസൈൻ പറഞ്ഞതിങ്ങനെ; ക്രിക്കറ്റ് ലോകം ഓർക്കുന്ന ഇന്നിങ്‌സ് അവൾ കളിച്ചിരിക്കുന്നുവെന്ന് ഐസിസി

Update: 2025-11-01 10:39 GMT

മുംബൈ: വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയയെ തകർത്ത് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചതോടെ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ബാറ്റർ ജെമീമ റോഡ്രിഗസ്. മത്സരത്തിൽ പുറത്താകാതെ 127 റൺസെടുത്ത ജെമീമ റോഡ്രിഗസിന്റെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. ഈ പ്രകടനത്തോടെ, ഏഴ് വർഷം മുൻപ് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ ജെമീമയെക്കുറിച്ച് പങ്കുവെച്ച ഒരു ട്വീറ്റ് വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

2018 ഏപ്രിൽ 18ന് നാസർ ഹുസൈൻ തന്റെ ഔദ്യോഗിക ട്വിറ്റർ (ഇപ്പോൾ എക്സ്) പേജിലൂടെയാണ് ജെമീമയെ പ്രശംസിച്ചത്. 'ഈ പേര് ഓർമ്മിച്ചോളൂ... ജെമീമ റോഡ്രിഗസ്.. ഇന്ന് ഞാൻ അവളോടൊപ്പം കുറച്ച് സമയം ചെലവഴിച്ചു.. അവൾ ഇന്ത്യയുടെ താരമാകും' എന്നായിരുന്നു അദ്ദേഹം കുറിച്ചത്. ഇതിനോടൊപ്പം ജെമീമയ്ക്കൊപ്പം നിൽക്കുന്ന ഒരു ചിത്രവും പങ്കുവെച്ചിരുന്നു. ഐസിസി എക്സ് ഹാൻഡിൽ ഈ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ച്, "നാസർ ഹുസൈന് അന്നേ അറിയാമായിരുന്നു. ഏഴ് വർഷങ്ങൾക്ക് ശേഷം ലോകം ഓർക്കുന്ന ഒരു ഇന്നിങ്‌സ് ജെമീമ റോഡ്രിഗസ് കാഴ്ചവെച്ചിരിക്കുന്നു" എന്ന് കുറിച്ചു.

വ്യാഴാഴ്ച നടന്ന സെമിയിൽ ഓസ്ട്രേലിയ ഉയർത്തിയ 339 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്. 134 പന്തിൽ 127 റൺസെടുത്ത ജെമീമ പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനൊപ്പം മൂന്നാം വിക്കറ്റിൽ 167 റൺസിന്റെ നിർണായക കൂട്ടുകെട്ടും ജെമീമ പടുത്തുയർത്തി. ഈ കൂട്ടുകെട്ട് ഓസീസിനു വലിയ സമ്മർദമാണ് നൽകിയത്. ഇത് അവരുടെ ഫീൽഡിങ്ങിലും വ്യക്തമായിരുന്നു. 33-ാം ഓവറിൽ വ്യക്തിഗത സ്കോർ 82ൽനിൽക്കേ ജെമീമയുടെ ക്യാച്ച് ആസ്ട്രേലിയൻ ക്യാപ്റ്റൻ അലിസ ഹെയ്ലി നിലത്തിട്ടതും സന്ദർശകർക്ക് തിരിച്ചടിയായി. സെഞ്ച്വറി പിന്നിട്ടതിനു പിന്നാലെ തഹ്ലിയ മഗ്രാത്തും ജെമീമയെ കൈവിട്ടു. 

Tags:    

Similar News