ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും തിരിച്ചെത്തി; 'എ പ്ലസ്' നിലനിര്‍ത്തി രോഹിതും കോലിയും; ഋഷഭ് പന്തിനെ എയിലേക്ക് ഉയര്‍ത്തി; സഞ്ജുവിന് സി ഗ്രേഡ്; ഏഴ് പുതുമുഖങ്ങള്‍; ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഇടംപിടിച്ചത് 34 താരങ്ങള്‍
ശ്രേയസിനും ഇഷാനും ബിസിസിഐ കരാര്‍
മുംബൈ: ബിസിസിഐയുടെ വാര്‍ഷിക കരാറിലേക്കു തിരികെയെത്തി മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനും. കഴിഞ്ഞ വര്‍ഷത്തെ കരാറില്‍ ഇടം ലഭിക്കാതിരുന്ന ശ്രേയസ്, ആഭ്യന്തര ക്രിക്കറ്റിലും ഐപിഎലിലും ചാംപ്യന്‍സ് ട്രോഫിയിലും ഉള്‍പ്പടെ ഗംഭീര പ്രകടനം നടത്തിയതിനു പിന്നാലെയാണ് വാര്‍ഷിക കരാറില്‍ ബി ഗ്രേഡില്‍ സ്ഥാനം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ കരാറില്‍ ഇല്ലാതിരുന്ന ഇഷാന്‍ കിഷനെ സി ഗ്രേഡില്‍ ഉള്‍പ്പെടുത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് എ പ്ലസ് ഗ്രേഡിലുള്ളത്. ഇന്ന് പ്രഖ്യാപിച്ച കരാറില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 34 താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് ബി ഗ്രേഡില്‍നിന്ന് എ ഗ്രേഡിലേക്കു സ്ഥാനക്കയറ്റം ലഭിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ച ആര്‍. അശ്വിന്‍ വാര്‍ഷിക കരാറില്‍നിന്നു പുറത്തായി. നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറേല്‍, അഭിഷേക് ശര്‍മ, സര്‍ഫറാസ് ഖാന്‍, ആകാശ് ദീപ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവരാണു പുതുതായി വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ടത്. ഇവരെല്ലാം സി ഗ്രേഡിലാണ്.
അക്സര്‍ പട്ടേലിനെ ഗ്രേഡ് ബിയില്‍ നിലനിര്‍ത്തി. റിയാന്‍ പരാഗിനെ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അയ്യര്‍, കിഷന്‍ എന്നിവരെ അച്ചടക്ക നടപടിയെന്നോണം കഴിഞ്ഞ വര്‍ഷം കരാറില്‍ നിന്നൊഴിവാക്കിയിരുന്നു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരമായി കളിച്ചതിന് ശേഷം ഇരുവരും തിരിച്ചെത്തി. പ്രത്യേകിച്ച് സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിച്ച് ശ്രേയസ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പിന്നാലെ ഏകദിന ടീമില്‍ സ്ഥിരാംഗമായി. ഐസിസി ചാംപ്യന്‍സ് ട്രോഫി കിരീടനേട്ടത്തില്‍ ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ശ്രേയസായിരുന്നു. മാര്‍ച്ചിലെ ഐസിസി പ്ലെയറായും താരം തിരഞ്ഞെടുക്കപ്പെട്ടു.
ശുഭ്മാന്‍ ഗില്ലിനെ എ പ്ലസ് ഗ്രേഡിലേക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷ തെറ്റിച്ചാണ് ബിസിസിഐയുടെ പ്രഖ്യാപനം. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഏകദിനങ്ങളിലും ടെസ്റ്റിലും ഇന്ത്യയുടെ നായകനായി പരിഗണിക്കുന്ന ഗില്‍ നിലവില്‍ അഞ്ച് കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള എ ഗ്രേഡിലായിരുന്നു. ഇന്ന് പ്രഖ്യാപിച്ച അടുത്ത വര്‍ഷത്തേക്കുള്ള വാര്‍ഷിക കരാറിലും ഗില്ലിനെ എ ഗ്രേഡില്‍ തന്നെയാണ് ബിസിസിഐ നിലനിര്‍ത്തിയിരിക്കുന്നത്.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ യശസ്വി ജയ്‌സ്വാളിനെ എ ഗ്രേഡിലേക്ക് ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനും ബിസിസിഐ തയാറായില്ല എന്നതും ശ്രദ്ധേയമാണ്. മൂന്ന് കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന ബി ഗ്രേഡില്‍ തന്നെയാണ് പുതിയ കരാറിലും യശസ്വി ഇടം പിടിച്ചത്. അടുത്തിടെ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ വിട്ട് ഗോവക്കായി കളിക്കാന്‍ യശസ്വി ബിസിസിഐയോട് അനുമതി തേടിയിരുന്നു. മുംബൈ ടീം നായകന്‍ അജിങ്ക്യാ രഹാനെയുമായുള്ള ഭിന്നതകളെത്തുടര്‍ന്നാണിതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ടി20 ടീം നായകനായ സൂര്യകുമാര്‍ യാദവും ബ ഗ്രേഡിലാണുള്ളത്.
കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഓപ്പണറായി തിളങ്ങിയ സഞ്ജു സാംസണെ ബി ഗ്രേഡിലേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ കരാറിലും സഞ്ജു സി ഗ്രേഡില്‍ തന്നെയാണ്. അതേസമയം, കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നിരാശപ്പെടുത്തിയ ഋഷഭ് പന്ത് പുതിയ കരാറില്‍ ബി ഗ്രേഡില്‍ നിന്ന് എ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നേടിയെന്നതും ശ്രദ്ധേയമാണ്.
വിവിധ ഗ്രേഡുകളിലുള്ള താരങ്ങള്‍
എ പ്ലസ് രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ
എ മുഹമ്മദ് സിറാജ്, കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, ഋഷഭ് പന്ത്
ബി സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍
സി റിങ്കു സിങ്, തിലക് വര്‍മ, ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, രവി ബിഷ്‌ണോയി, വാഷിങ്ടന്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, രജത് പാട്ടീദാര്‍, ധ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, ആകാശ്ദീപ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.