ഇന്ത്യന്‍ ടീമില്‍ അംഗമാകുന്നതു പോലെയല്ല ഇന്ത്യന്‍ ക്യാപ്റ്റനാകുന്നത്; പ്രകടനത്തേക്കാള്‍ പ്രധാന്യം ക്യപ്റ്റനെന്ന നിലയിലുള്ള പെരുമാറ്റത്തിനാണ്; ക്യാപ്ടന്‍ ഗില്ലിന് ഉപദേശവുമായി സുനില്‍ ഗവാസ്‌ക്കര്‍
ഇന്ത്യന്‍ ടീമില്‍ അംഗമാകുന്നതു പോലെയല്ല ഇന്ത്യന്‍ ക്യാപ്റ്റനാകുന്നത്
മുംബൈ: ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകനായി നിയമിക്കപ്പെട്ട ശുഭ്മാന്‍ ഗില്ലിന് ഉപദേശവുമായി മുന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗാവസ്‌കര്‍. ക്യാപ്റ്റനെന്ന പദവി എളുപ്പമല്ലെന്നാണ് ഗവാസ്‌ക്കര്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ടീമില്‍ അംഗമാകുന്നതു പോലെയല്ല ഇന്ത്യന്‍ ക്യാപ്റ്റനാകുന്നത്. അതിന്റേതായ സമ്മര്‍ദ്ദം ശരിക്കും ആ പദവിക്കുണ്ടെന്നു അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
'നിങ്ങളൊരു ഇന്ത്യന്‍ ടീം താരമാണോ അപ്പോള്‍ സഹ താരങ്ങളുമായി സാധാരണ നിലയ്ക്കുള്ള ഇടപെടലുകള്‍ ധാരാളമാണ്. എന്നാല്‍ ഒരു നായകനെന്ന നിലയില്‍ നിങ്ങളുടെ സമീപനം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പ്രകടനത്തേക്കാള്‍ പ്രധാന്യം ക്യപ്റ്റനെന്ന നിലയിലുള്ള പെരുമാറ്റത്തിനാണ്. സഹ താരങ്ങളുടെ ബഹുമാനം നേടാന്‍ തക്ക വിധത്തിലുള്ള തീരുമാനങ്ങളും നടപടികളും ക്യാപ്റ്റനെന്ന നിലയില്‍ സ്വീകരിക്കുന്നിടത്താണ് സ്ഥാനം വിജയിക്കുന്നത്'- ഗാവസ്‌കര്‍ വ്യക്തമാക്കി.
രോഹിത് ശര്‍മയുടെ പിന്‍ഗാമിയായാണ് 25കാരന്‍ ഇന്ത്യയുടെ ടെസ്റ്റ് നായകനായി എത്തുന്നത്. രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവരുടെ അപ്രതീക്ഷിത വിരമിക്കലിനു പിന്നാലെ ഗില്ലിന്റെ നേതൃത്വത്തില്‍ പുതുനിര സംഘത്തെയാണ് സെലക്ടര്‍മാര്‍ വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനായി തിരഞ്ഞെടുത്തത്. കേവലം ഒരു പരമ്പരയ്ക്കു വേണ്ടി മാത്രമുള്ള ക്യാപ്റ്റന്‍ തിരഞ്ഞെടുപ്പല്ലെന്നു സെലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാലം മുന്നില്‍ കണ്ടാണ് ഗില്ലിനെ നായകനാക്കിയത്. ഇന്ത്യന്‍ ടീമില്‍ തലമുറ മാറ്റമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.
32 ടെസ്റ്റുകളില്‍ നിന്നു 1893 റണ്‍സ് ഗില്‍ സ്വന്തമാക്കിയിട്ടുണ്ട്. 5 സെഞ്ച്വറികളും 7 അര്‍ധ സെഞ്ച്വറികളും നേടി. 128 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്ലില്‍ ഗില്‍ മികച്ച രീതിയില്‍ തന്നെ ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നു. ബാറ്റിങിലും മികവ് പുലര്‍ത്തുന്നു. കളത്തില്‍ ഏറെക്കുറെ സംയമനത്തോടെ ടീമിനെ നയിക്കാനുള്ള മികവ് താരം ഐപിഎല്ലിലൂടെ ആര്‍ജിച്ചെടുത്തിട്ടുണ്ടെന്നു പറയാം. നേരത്തെ ഇന്ത്യയുടെ ടി20 സംഘത്തെ സിംബാബ്വെയില്‍ ഗില്‍ നയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ ഏകദിന, ടി20 ടീമുകളുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഗില്‍.