രോഹിത് യുഗത്തിന് അന്ത്യം! ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ശുഭ്മാന്‍ ഗില്‍ നയിക്കും; രോഹിതും കോലിയും ടീമില്‍; ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റന്‍; ബുമ്രയ്ക്ക് വിശ്രമം; ട്വന്റി 20 ടീമിനെയും പ്രഖ്യാപിച്ചു; തലമുറമാറ്റത്തിന് വഴിയൊരുക്കി ബിസിസിഐ

Update: 2025-10-04 09:25 GMT

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന് പിന്നാലെ ഏകദിന ക്രിക്കറ്റിലും തലമുറ മാറ്റത്തിന് വഴിയൊരുക്കി ബിസിസിഐ. രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനാകും. ഒക്ടോബര്‍ 19ന് ഓസ്‌ട്രേലിയക്കെതിരെ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ അദ്ദേഹം ടീമിനെ നയിക്കും. ബാറ്റര്‍മാരായി രോഹിത് ശര്‍മയും വിരാട് കോലിയും ടീമില്‍ തുടരും. 2025 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും ഇന്ത്യന്‍ ജേഴ്സി അണിയുന്നത്. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ പാനല്‍ ശനിയാഴ്ച അഹമ്മദാബാദില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 2027 ലോകകപ്പ് ലക്ഷ്യമിട്ടാണ് സെലക്ടര്‍മാരുടെ നീക്കം. മൂന്ന് ഏകദിനവും അഞ്ച് ടി20 മത്സരങ്ങളും ഓസിസിനെതിരായ പരമ്പരയിലുണ്ട്.

ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവര്‍ സംയുക്തമായി വേദിയാകുന്ന ഏകദിന ലോകകപ്പിന് മുമ്പ് ഗില്ലിന്റെ ക്യാപ്റ്റന്‍സി സ്ഥിരമാക്കാനാണ് സെലക്ഷന്‍ കമ്മിറ്റി തീരുമാനമെടുത്തത്. ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍, ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ എന്നിവരുമായി അഗാര്‍ക്കര്‍ കൂടിയാലോചന നടത്തിയിരുന്നു. 26 കാരനായ ഗില്‍ ഇപ്പോള്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാണ്. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ഏകദിന ടീമിന്റേയും നായക സ്ഥാനത്തെക്ക് ഗില്‍ പരിഗണിക്കപ്പെട്ടത്. ട്വന്റി 20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഗില്‍. ഭാവിയില്‍ ട്വന്റി 20 ക്യാപ്റ്റന്‍ കൂടെയാകാന്‍ സാധ്യത ഏറെയാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ സെലക്ടര്‍മാര്‍ രോഹിത് ശര്‍മയുമായി യോഗം ചേര്‍ന്നിരുന്നു. ശനിയാഴ്ചയാണ് സെലക്ടര്‍മാര്‍ കൂടിക്കാഴ്ച നടത്തിയത്. രോഹിത്തുമായി ഇക്കാര്യം നേരിട്ട് ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. ഇതിന് പിന്നാലെ നായകസ്ഥാനത്തുനിന്ന് താരത്തെ മാറ്റുകയായിരുന്നു. 2027 ലോകകപ്പിലും ഗില്‍ തന്നെ ഇന്ത്യയെ നയിക്കും. ഉപനായകനായി ശ്രേയസ്സ് അയ്യര്‍ ടീമിലിടംപിടിച്ചു. എന്നാല്‍ മലയാളി താരം സഞ്ജു സാംസണിനെ പരിഗണിച്ചില്ല. ഋഷഭ് പന്തിന് പരിക്കേറ്റതിനാല്‍ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും താരത്തെ പരിഗണിച്ചില്ല. കെ.എല്‍. രാഹുല്‍ തന്നെയാകും ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍. ധ്രുവ് ജുറെല്‍ ആണ് രണ്ടാം വിക്കറ്റ് കീപ്പര്‍, പേസ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ടീമില്‍ ഇടംപിടിച്ചു.

ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച കോലിയുടെയും രോഹിത്തിന്റെയും മടങ്ങിവരവ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു പിന്നാലെയാണ് രോഹിത്തും കോലിയും ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പായി ഇരുവരും ടെസ്റ്റില്‍ നിന്നും വിരമിച്ചു. 2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യംവെച്ചാണ് ഏകദിനത്തില്‍ തുടരാന്‍ ഇരുവരും തീരുമാനിച്ചത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായാണ് ലോകകപ്പ്.

2021 ഡിസംബര്‍ മുതല്‍ ഇന്ത്യയുടെ മുഴുവന്‍ സമയ ഏകദിന ക്യാപ്റ്റനായിരുന്നു 38 കാരനായ രോഹിത്. അദ്ദേഹം 56 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ചു, 42 എണ്ണം വിജയിച്ചു. 12 മത്സരങ്ങളില്‍ തോറ്റു .ഒരു ടൈയും മറ്റൊന്ന് ഫലമില്ലാതെയും അവസാനിച്ചു. സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റനായി ഇന്ത്യയെ 2018 ഏഷ്യാ കപ്പ് കിരീടത്തിലേക്കും പിന്നീട് മുഴുവന്‍ സമയ ക്യാപ്റ്റനായി 2023 ഏഷ്യാ കപ്പ് കിരീടത്തിലേക്കും നയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിലെത്തി. ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടുന്നതും രോഹിത്തിന്റെ നേതൃത്വത്തിലാണ്.

ഈ വര്‍ഷം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി അദ്ദേഹം ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു. തുടര്‍ന്ന് ഗില്‍ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി. ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ആദ്യ ടെസ്റ്റ് പരമ്പരയില്‍, ഗില്‍ ഇന്ത്യയെ ഇംഗ്ലണ്ടില്‍ 2-2 സമനിലയിലേക്ക് നയിച്ചു. 75.40 ശരാശരിയില്‍ 754 റണ്‍സ് നേടി പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി. ഓസ്‌ട്രേലിയയില്‍ നടക്കുന്ന മൂന്ന് ഏകദിന മത്സരങ്ങള്‍ക്ക് ശേഷം, നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെയുമുള്ള മൂന്ന് ഏകദിന പരമ്പരയിലാണ് ഇന്ത്യ കളിക്കുക. അതിന് മുമ്പ് ഇരുവരും കളി അവസാനിപ്പിക്കുമോ എന്ന് കണ്ടറിയണം. ക്ടോബര്‍ 19, 23, 25 തീയതികളില്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര.

Tags:    

Similar News