അവസാന ഓവറിലെ അഞ്ചാം പന്ത് എറിയാനായി റണ്ണപ്പ് എടുത്ത് സിറാജ്; അവസാന നിമിഷം സാക് ക്രോളിയുടെ പിന്മാറ്റം; സമയം പാഴാക്കാനുള്ള ഇംഗ്ലണ്ട് ഓപ്പണറുടെ തന്ത്രം കണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് ചിരി; പിന്നാലെ സ്‌ക്വയര്‍ ലെഗ് ഫീല്‍ഡറെ ബൗണ്ടറിയിലേക്ക് ഇറക്കി; ബൗണ്‍സര്‍ പ്രതീക്ഷിച്ച ക്രോളിയുടെ വിക്കറ്റെടുത്ത യോര്‍ക്കര്‍; ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഗില്ലിന്റെ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കി സിറാജ്

ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഗില്ലിന്റെ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കി സിറാജ്

Update: 2025-08-03 11:21 GMT

ലണ്ടന്‍: ഓവലില്‍ നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. 374 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ദിനം 28 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എന്ന നിലയിലാണ്. ജോ റൂട്ടും ഹാരി ബ്രൂക്കുമാണ്് ക്രീസില്‍. നാലാം ദിനത്തില്‍ അര്‍ധ സെഞ്ചുറി നേടിയ ബെന്‍ ഡക്കറ്റ്, 27 റണ്‍സ് എടുത്ത നായകന്‍ ഒലി പോപ്പ് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ട് നഷ്ടമായത്. ബെന്‍ ഡക്കറ്റിനെ പ്രസീദ് കൃഷ്ണ പുറത്താക്കിയപ്പോള്‍ ഒലി പോപ്പിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി പുറത്താക്കിയത് സിറാജാണ്.

മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ക്രീസ് വിട്ടത്. ഓപ്പണര്‍ സാക് ക്രോളിയുടെ വിക്കറ്റായിരുന്നു ആതിഥേയര്‍ക്ക് ആദ്യം നഷ്ടമായത്. മൂന്നാം ദിവസത്തെ അവസാന പന്തില്‍ ഇംഗ്ലീഷ് ഓപ്പണര്‍ സാക് ക്രോളിയെ ഒരു സ്ലോവര്‍ യോര്‍ക്കറില്‍ മുഹമ്മദ് സിറാജ് വീഴ്ത്തുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്ത് സാക് ക്രോളി-ബെന്‍ ഡക്കറ്റ് സഖ്യം ഇന്ത്യക്ക് ഭീഷണിയായി വളരുന്നതിനിടെയാണ് മുഹമ്മസ് സിറാജ് മനോഹരമായൊരു യോര്‍ക്കറില്‍ ക്രോളിയെ ബൗള്‍ഡാക്കി ഇന്ത്യക്ക് പ്രതീക്ഷ സമ്മാനിച്ചത്.

വേഗം കുറഞ്ഞ യോര്‍ക്കര്‍ ക്രോളിയെ അക്ഷരാര്‍ഥത്തില്‍ അദ്ഭുതപ്പെടുത്തി. കാരണം അത്തരമൊരു പന്ത് ആ സമയം സിറാജില്‍ നിന്ന് ക്രോളി പ്രതീക്ഷിച്ചിരുന്നില്ല. ക്രോളിയുടെ വിക്കറ്റിനു പിന്നില്‍ സിറാജും ക്യാപ്റ്റന്‍ ഗില്ലും ചേര്‍ന്ന മാസ്റ്റര്‍ പ്ലാനായിരുന്നു. മൂന്നാം ദിവസത്തെ അവസാന ഓവറായിരുന്നു അത്. ഇംഗ്ലീഷ് ഓപ്പണര്‍മാരായ ക്രോളിയും ബെന്‍ ഡക്കറ്റും ഓപ്പണിങ് വിക്കറ്റില്‍ 50 റണ്‍സ് ചേര്‍ത്തതോടെ ഈ കൂട്ടുകെട്ട് വേഗം തകര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യ. മൂന്നാം ദിനത്തിലെ കളി അവസാനിക്കുന്നതിനു മുമ്പേ തന്നെ അതിനുള്ള പദ്ധതി തയ്യാറായി.

മൂന്നാം ദിനത്തിലെ മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമായിരുന്നു ബാക്കി. ക്രോളി ലോര്‍ഡ്സ് ടെസ്റ്റില്‍ ചെയ്തതുപോലെ സമയം കളയാന്‍ ഓരോന്ന് ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ താരങ്ങള്‍ ആരും അതിനെതിരേ പ്രതികരിക്കാന്‍ നിന്നില്ല.

പതിനാലാം ഓവറിലെ അഞ്ചാം പന്ത് എറിയാനായി റണ്ണപ്പ് എടുത്ത് സിറാജ് ക്രീസിനടുത്തെത്തിയപ്പോഴാണ് ക്രോളി അവസാന നിമിഷം പിന്‍മാറിയത്. സമയം പാഴാക്കാനുള്ള ക്രോളിയുടെ തന്ത്രം കണ്ട് ഗില്‍ അടക്കമുള്ളവര്‍ ചിരിക്കുകയും ചെയ്തു. പിന്നാലെ ഗില്‍ സ്‌ക്വയര്‍ ലെഗ് ഫീല്‍ഡറായിരുന്ന യശസ്വി ജയ്സ്വാളിനെ ബൗണ്ടറിയിലേക്ക് ഇറക്കി. ഇത് കണ്ട ക്രോളി സിറാജിന്റെ അടുത്ത പന്ത് ബൗണ്‍സര്‍ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചു.

ജയ്സ്വാളിനെ സ്‌ക്വയര്‍ ലെഗില്‍ നിന്ന് ഡീപിലേക്ക് മാറ്റുന്നത് ക്രോളി ശ്രദ്ധിച്ചിരുന്നു. അതോടെ അടുത്തത് ഒരു ഷോര്‍ട്ട് ബോളായിരിക്കുമെന്ന് ക്രോളിയും കരുതി. എന്നാല്‍ ഒരു പെര്‍ഫെക്ട് സ്ലോവര്‍ യോര്‍ക്കറെറിഞ്ഞ സിറാജ്, ക്രോളിയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. ആറടി അഞ്ചിഞ്ചുകാരനായ ക്രോളിക്ക് സിറാജിന്റെ യോര്‍ക്കറിനൊത്ത് ബാറ്റെത്തിക്കാന്‍ സാധിച്ചില്ല.

ബൗണ്‍സര്‍ പുള്‍ ചെയ്യാനായി ഹൈ ബാറ്റ് ലിഫ്റ്റില്‍ നിന്ന ക്രോളിക്ക് സമയത്ത് ബാറ്റ് താഴ്ത്താന്‍ കഴിഞ്ഞില്ല. ഫലം ക്രോളിയുടെ ഓഫ് സ്റ്റംപിളകി. പിന്നാലെ സിറാജ് റൊണാള്‍ഡോ സ്‌റ്റൈലില്‍ വിക്കറ്റ് ആഘോഷിച്ചു. മൂന്നാം ദിനത്തിലെ അവസാന ഓവറായിരുന്നതിനാല്‍ ക്രോളിയുടെ വിക്കറ്റ് വീണതോടെ കളി നിര്‍ത്തുകയും ചെയ്തു.

ആദ്യ ടെസ്റ്റില്‍ 378 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ഇംഗ്ലണ്ടിന് നാലാം ദിനം 324 റണ്‍സ് അടിച്ച് ജയിക്കുക അസാധ്യമല്ലെങ്കിലും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സില്ലാതെ ഇറങ്ങുന്ന ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്‌സിലും ക്രിസ് വോക്‌സിനെ ബാറ്റിംഗിന് ഇറക്കാനാവില്ല.

Tags:    

Similar News