'ക്രിക്കറ്റിനേക്കാൾ വലുതായി എനിക്കൊന്നുമില്ല'; രാജ്യത്തെ പ്രതിനിധീകരിക്കുമ്പോൾ മനസ്സിൽ മറ്റൊന്നും ഉണ്ടാവാറില്ല; വിവാഹം ഒഴിവാക്കിയ ശേഷം ആദ്യമായി പൊതുവേദിയിലെത്തി സ്മൃതി മന്ദാന

Update: 2025-12-10 16:54 GMT

മുംബൈ: വിവാഹം വേണ്ടെന്ന് വെച്ചതിന് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഓപ്പണറും സ്റ്റാർ ബാറ്ററുമായ സ്മൃതി മന്ദാന. തൻ്റെ ജീവിതത്തിൽ ക്രിക്കറ്റിനേക്കാൾ വലുതായി മറ്റൊന്നുമില്ലെന്ന് താരം തുറന്നുപറഞ്ഞത്. വിവാഹത്തിൽ നിന്ന് പിന്മാറിയതിന് ശേഷമുള്ള തൻ്റെ മാനസികാവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങളോട്, കൃത്യമായ മറുപടിയാണ് സ്മൃതി നൽകിയത്. ക്രിക്കറ്റിനോടുള്ള തൻ്റെ അഭിനിവേശം മാത്രമാണ് ഇപ്പോൾ മനസ്സിലുള്ളതെന്നും മറ്റ് ചിന്തകളൊന്നും ബാധിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.

സംഗീത സംവിധായകനായ പലാഷ് മൂച്ഛലുമായി നിശ്ചയിച്ചിരുന്ന വിവാഹത്തിൽ നിന്ന് സ്മൃതി മന്ദാനയും പലാഷും പരസ്പരം ധാരണയിലെത്തി പിന്മാറിയ വിവരം ഡിസംബർ 7ന് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. നേരത്തെ, സ്മൃതിയുടെ പിതാവിന് അസുഖം വന്നതിനെ തുടർന്ന് നവംബർ 23-ന് നടക്കേണ്ടിയിരുന്ന വിവാഹം മാറ്റിവെച്ചിരുന്നു. ഈ വലിയ വ്യക്തിപരമായ തീരുമാനത്തിന് ശേഷം പൊതുവേദികളിൽ നിന്ന് വിട്ടുനിന്ന സ്മൃതി, ഇന്ത്യൻ ടി20 ടീമിൻ്റെ വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെട്ടതിന് പിന്നാലെ ഒരു പരിപാടിക്കിടെയാണ് മാധ്യമങ്ങളെ കണ്ടത്.

"സത്യം പറഞ്ഞാൽ, എൻ്റെ ജീവിതത്തിൽ ക്രിക്കറ്റിനേക്കാൾ വലുതായി ഞാൻ മറ്റൊന്നിനെയും സ്നേഹിക്കുന്നില്ല. നിങ്ങൾ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോഴോ അല്ലെങ്കിൽ രാജ്യത്തെ പ്രതിനിധീകരിക്കുമ്പോൾ എൻ്റെ മനസ്സിൽ മറ്റ് ചിന്തകളൊന്നും ഉണ്ടാവാറില്ല. നിങ്ങൾ ഇന്ത്യൻ ജേഴ്സി ധരിക്കുമ്പോൾ, രാജ്യത്തെ പ്രതിനിധീകരിക്കുക, രാജ്യത്തിനുവേണ്ടി വിജയം നേടുക എന്ന ചിന്ത മാത്രമേ മനസ്സിലുണ്ടാവൂ," സ്മൃതി പറഞ്ഞു.

ഇന്ത്യൻ ജേഴ്സി ധരിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൻ്റെ ഉത്തരവാദിത്തത്തെക്കുറിച്ചുമുള്ള സ്മൃതിയുടെ വാക്കുകൾ ശ്രദ്ധേയമായി. "ഇന്ത്യ എന്ന് എഴുതിയ ജേഴ്സി ധരിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ പ്രചോദനം. നിങ്ങൾ ജേഴ്സി ധരിച്ചാൽ എല്ലാ പ്രശ്നങ്ങളെയും മാറ്റിനിർത്തി കളിക്കളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കാരണം, നിങ്ങൾക്ക് ഒരു ഉത്തരവാദിത്തമുണ്ട്. നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന 200 കോടി ജനങ്ങളിൽ ഒരാളാണ് നിങ്ങൾ. ആ ചിന്ത മാത്രം മതി, കളിയിൽ പൂർണ്ണ ശ്രദ്ധ നൽകാനും നിങ്ങൾ ആഗ്രഹിക്കുന്നത് നേടിയെടുക്കാനും."

ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനൊപ്പമെത്തിയ സ്മൃതി, ടീമിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും മറുപടി നൽകി. "എല്ലാ കളിക്കാരും രാജ്യത്തിനുവേണ്ടി വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ്. വിജയിക്കാൻ വേണ്ടിയുള്ള വ്യത്യസ്ത അഭിപ്രായങ്ങളെ ഞാൻ ഒരു പ്രശ്നമായി കാണുന്നില്ല. അത്തരം ചർച്ചകളോ വാദങ്ങളോ ഇല്ലെങ്കിൽ, നമ്മൾ വിജയിക്കില്ല. കാരണം, നമ്മൾ ഒരു കാര്യത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിൽ, അതിനർത്ഥം ടീമിനുവേണ്ടി വിജയിക്കാൻ നമ്മൾ അത്രത്തോളം തീവ്രമായി ആഗ്രഹിക്കുന്നില്ല എന്നാണ്," സ്മൃതി കൂട്ടിച്ചേർത്തു.

Tags:    

Similar News