രണ്ട് വർഷമായി ടീമിൽ ബാക്കപ്പ് ഓപ്പണിങ് ഓപ്ഷൻ, ഒടുവിൽ തഴഞ്ഞു; 'അഭിമന്യുവിന് ടെസ്റ്റിൽ ഇടം ലഭിക്കാതെ പോയത് പിതാവിന്റെ വിമർശനങ്ങളിൽ'; തുറന്നടിച്ച് ശ്രീകാന്ത്
ചെന്നൈ: വെസ്റ്റ് ഇൻഡീസിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ബംഗാൾ താരം അഭിമന്യു ഈശ്വരനെ ഒഴിവാക്കിയതിന് കാരണം അദ്ദേഹത്തിന്റെ പിതാവ് നടത്തിയ വിമർശനങ്ങളാണെന്ന് മുൻ ഇന്ത്യൻ ഓപ്പണറും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. കഴിഞ്ഞ രണ്ട് വർഷമായി ടെസ്റ്റ് ടീമിൽ ബാക്കപ്പ് ഓപ്പണിങ് ഓപ്ഷനായി ഉണ്ടായിരുന്നിട്ടും, അഭിമന്യുവിന് ഇതുവരെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചിട്ടില്ല.
ഒക്ടോബർ രണ്ടിന് അഹ്മദാബാദിൽ ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുള്ള പരമ്പരക്കുള്ള 16 അംഗ ടീമിൽ അഭിമന്യു ഈശ്വരന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും, കഴിഞ്ഞ 12 മാസത്തിനിടെ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും നടന്ന എ-ലെവൽ മത്സരങ്ങളിലും പര്യടനങ്ങളിലും സ്ഥിരതയില്ലാത്ത പ്രകടനമാണ് താരം കാഴ്ചവെച്ചത്.
എന്നാൽ, അഭിമന്യുവിന്റെ പുറത്താകലിന് പിന്നിൽ അദ്ദേഹത്തിന്റെ പ്രകടനത്തേക്കാൾ ചുറ്റുമുള്ള മറ്റ് കാര്യങ്ങളാണെന്ന് ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ മകനെ ഉൾപ്പെടുത്താതിരുന്നതിൽ അഭിമന്യുവിന്റെ പിതാവ് രംഗനാഥൻ ഈശ്വരൻ സെലക്ഷൻ കമ്മിറ്റിക്കെതിരെയും അന്നത്തെ കോച്ച് ഗൗതം ഗംഭീറിനെതിരെയും നടത്തിയ പരാമർശങ്ങളാണ് ഇതിലേക്ക് നയിച്ചതെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
ഗംഭീർ അഭിമന്യുവിന് കളിക്കാൻ അവസരം വാഗ്ദാനം ചെയ്തിരുന്നെങ്കിലും, ഐ.പി.എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടീമിലെടുത്ത ചില താരങ്ങളെ തഴഞ്ഞതായും രംഗനാഥൻ ആരോപിച്ചിരുന്നു. മാനേജ്‌മെന്റിനെതിരായ ഇത്തരം വിമർശനങ്ങൾ അഭിമന്യുവിന് തിരിച്ചടിയായെന്നാണ് ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ കെ.എൽ. രാഹുലും യശസ്വി ജയ്സ്വാളുമാണ് ഓപ്പണർമാരായി ഇറങ്ങുകയെന്ന് ശ്രീകാന്ത് കൂട്ടിച്ചേർത്തു.