പഞ്ചാബ് കിങ്‌സിനെ ഇനി ശ്രേയസ് അയ്യര്‍ നയിക്കും; സര്‍പ്രൈസ് പ്രഖ്യാപനം ബിഗ് ബോസിലൂടെ; അയ്യരെ പഞ്ചാബ് സ്വന്തമാക്കിയത് 26.75 കോടിക്ക്
ചണ്ഡീഗഢ്: വരുന്ന ഐപിഎല്‍ പോരാട്ടങ്ങളില്‍ പഞ്ചാബ് കിങ്സിനെ ശ്രേയസ് അയ്യര്‍ നയിക്കും. പഞ്ചാബ് തങ്ങളുടെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ബിഗ് ബോസിലൂടെയാണ് ടീം ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. ഷോയുടെ ഈ ഭാഗത്തില്‍ ശ്രേയസ് അയ്യരും യുസ്വേന്ദ്ര ചഹലും ശശാങ്ക് സിങും അതിഥികളായെത്തിയിരുന്നു.
കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ 2024ലെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചാണ് അയ്യര്‍ ലേലത്തിനെത്തിയത്. 26.75 കോടി മുടക്കിയാണ് അയ്യരെ പഞ്ചാബ് സ്വന്തം പാളയത്തിലെത്തിച്ചത്. കൊല്‍ക്കത്ത നായകനെ സ്വന്തമാക്കാനായി കൊണ്ടു പിടിച്ചതോടെയാണ് ലേലത്തില്‍ കോടികള്‍ കുത്തനെ ഉയര്‍ന്നത്. ഒരുവേള ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സര്‍വകാല റെക്കോര്‍ഡായും തുക വന്നു. പിന്നാലെ ഋഷഭ് പന്തിനെ ലഖ്നൗ സൂപ്പര്‍ ജയന്റസ് 27 കോടിക്ക് ടീമിലെത്തിച്ചതോടെ അയ്യരുടെ റെക്കോര്‍ഡ് രണ്ടാം സ്ഥാനത്തായി.
ഇതുവരെ ഐപിഎല്‍ കിരീടം സ്വന്തമാക്കാത്ത ടീമാണ് പാഞ്ചാബ്. ഇത്തവണ അവര്‍ കിരീടം ആഗ്രഹിക്കുന്നു. ലേലത്തില്‍ ഗ്ലെന്‍ മാക്സ്വെല്‍, യുസ്വേന്ദ്ര ചഹല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ലോക്കി ഫെര്‍ഗൂസന്‍ അടക്കമുള്ളവരെയും സ്വന്തമാക്കിയിരുന്നു.